സ്വന്തം ലേഖകൻ: ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ശക്തമായി തിരിച്ചടിച്ചതായി ഇസ്രയേൽ പ്രതിരോധസേന. ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ശക്തമായ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ പ്രതിരോധവകുപ്പ് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കുന്നു. ഹിസ്ബുള്ള ശക്തമായ ആക്രമണത്തിന് തയ്യാറെടുക്കുകയായിരുന്നുവെന്നും ഇതിനെ പ്രതിരോധിച്ചതായും ഇസ്രയേൽ പ്രതിരോധസേന അറിയിച്ചു.
നൂറോളം യുദ്ധവിമാനങ്ങളാണ് ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രയേൽ പ്രയോഗിച്ചത്. സൗത്ത് ലെബനനിലെ ആയിരത്തോളം വരുന്ന മിസൈൽ ലോഞ്ചിങ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. തങ്ങൾക്കെതിരേ ശക്തമായ ആക്രമണത്തിന് ഹിസ്ബുള്ള ലക്ഷ്യമിടുന്നുവെന്ന രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരമായിരുന്നു ആക്രമണമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
തങ്ങളുടെ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ആക്രണമത്തിനൊരുങ്ങിയ ഹിസ്ബുള്ളയുടെ ലെബനനിലെ കേന്ദ്രങ്ങളിൽ, ഇസ്രയേൽ കുടുംബങ്ങളേയും വീടുകളേയും രക്ഷപ്പെടുത്താൻ നടത്തിയ ഓപ്പറേഷൻ- എന്ന അടിക്കുറിപ്പോടെയാണ് ഇസ്രയേൽ പ്രതിരോധവകുപ്പ് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചത്.
ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള സാധ്യതതേടി ഈജിപ്തിലെ കെയ്‌റോയില്‍ ചർച്ചനടക്കവേയായിരുന്നു, ഞായറാഴ്ച രാവിലെ ഇസ്രയേലിലേക്ക് 320-ഓളം കത്യുഷ റോക്കറ്റുകളും മിസൈലുകളും ലെബനീസ് സായുധസംഘടനയായ ഹിസ്ബുള്ള അയച്ചത്. അതിനുമറുപടിയായി ലെബനനിലെ 40-ലേറെ ഹിസ്ബുള്ള കേന്ദ്രങ്ങൾ നൂറോളം പോർവിമാനങ്ങളുപയോഗിച്ച് ഇസ്രയേൽ ആക്രമിക്കുകയായിരുന്നു.
ഹിസ്ബുള്ളയുടെ ആക്രമണത്തിൽ നാവികസേനാംഗം ഡേവിഡ് മോഷെ ബെൻ ഷിത്രത് (21) ഉൾപ്പെടെ മൂന്നുപേർ മരിച്ചെന്ന് ഇസ്രയേൽ പറഞ്ഞു. രണ്ടുപേർക്ക് പരിക്കേറ്റു. പ്രതിരോധമന്ത്രി യോവ് ഗാലന്റ് ഇസ്രയേലിൽ 48 മണിക്കൂർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആളുകൾ കൂട്ടംചേരുന്നതും വിലക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല