സ്വന്തം ലേഖകൻ: യു.എസിലെ അലബാമയിലെ ടസ്കലൂസ നഗരത്തിൽ ഇന്ത്യൻ വംശജനായ ഡോക്ടർ വെടിയേറ്റ് മരിച്ചു. യു.എസിലെ നിരവധി ആശുപത്രികളിൽ പ്രവർത്തിച്ചിരുന്ന പ്രശസ്ത ഫിസിഷ്യൻ രമേഷ് പേരാംസെട്ടിയാണ് കൊല്ലപ്പെട്ടത്. ആന്ധ്രാപ്രദേശിലെ തിരുപ്പതി സ്വദേശിയാണ്.
ക്രിംസൺ കെയർ നെറ്റ്വർക്കിൻ്റെ സ്ഥാപകനും മെഡിക്കൽ ഡയറക്ടറുമായിരുന്നു രമേഷ്. ആരോഗ്യരംഗത്തുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ വലിയ രീതിയിൽ അംഗീകരിക്കപ്പെട്ടിരുന്നു.
1986-ൽ വെങ്കിടേശ്വര മെഡിക്കൽ കോളേജിൽ നിന്നും ബിരുദം നേടിയ രമേഷ് 38 വർഷമായി ആരോഗ്യരംഗത്തുണ്ടെന്നാണ് റിപ്പോർട്ട്. എമർജൻസി മെഡിസിൻ, ഫാമിലി മെഡിസിൻ എന്നിവയിൽ വൈദഗ്ദ്ധ്യം നേടിയ അദ്ദേഹം ടസ്കലൂസയ്ക്ക് പുറമെ മറ്റ് നാല് സ്ഥലങ്ങളിലും പ്രാക്ടീസ് ചെയ്തിരുന്നു.
കോവിഡ് കാലത്തെ ഡോക്ടറുടെ നിർണായകസേവനത്തിന് അദ്ദേഹത്തിന് നിരവധി അവാർഡുകൾ ലഭിച്ചതായും ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല