സ്വന്തം ലേഖകൻ: കുവൈത്തില്‍ പ്രവാസികളുടെ താമസ കേന്ദ്രങ്ങളില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായുള്ള പരിശോധനകള്‍ തുടരുന്നു. റെസിഡന്‍സ് ഏരിയകളില്‍ ബാച്ചിലര്‍മാര്‍ താമസിക്കുന്നതും വാടക കരാറില്‍ ഇല്ലാത്ത വ്യക്തികള്‍ കെട്ടിടങ്ങളില്‍ താമസിക്കുന്നതും ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പരിശോധന. കുവൈത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ പരിശോധനകളെ തുടര്‍ന്ന് 1,197 വ്യക്തികളുടെ താമസ വിലാസങ്ങള്‍ റദ്ദാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ അറിയിച്ചു.
അധികൃതരുടെ പരിശോധനയ്ക്കു പുറമെ പ്രോപ്പര്‍ട്ടി ഉടമയുടെ അപേക്ഷ പരിഗണിച്ചോ അല്ലെങ്കില്‍ രജിസ്റ്റര്‍ ചെയ്ത വിലാസത്തില്‍ കെട്ടിടം ഇല്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നോ ആണ് അഡ്രസുകള്‍ റദ്ദാക്കിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. കുവൈത്ത് ഐഡിയില്‍ നല്‍കിയിരിക്കുന്ന താമസ സ്ഥലം പൊളിച്ചു മാറ്റിയതിനെ തുടര്‍ന്നും മേല്‍വിലാസം നീക്കം ചെയ്തിട്ടുണ്ട്. പബ്ലിക് അതോറിറ്റിയുടെ തീരുമാനം സര്‍ക്കാര്‍ ഗസറ്റായ ‘കുവൈത്ത് അല്‍ യൗം’ വഴി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ഔദ്യോഗിത ഗസറ്റില്‍ പ്രസിദ്ധീകരിച്ച തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ ഒരു പുതിയ വിലാസം രജിസ്റ്റര്‍ ചെയ്യുന്നതിന് ഈ വ്യക്തികള്‍ അതോറിറ്റിയുടെ ആസ്ഥാനത്ത് എത്തണമെന്നാണ് നിര്‍ദ്ദേശം. പുതിയ താമസ വിലാസം സാധൂകരിക്കുന്നതിന് ആവശ്യമായ വാടക കരാര്‍ രേഖകള്‍ ഉള്‍പ്പെടെയുള്ളത് സമര്‍പ്പിച്ചാല്‍ മാത്രമേ നടപടിക്രമങ്ങള്‍ പൂര്‍ണമാവുകയുള്ളൂ എന്നും അധികൃതര്‍ വ്യക്തമാക്കി. നിശ്ചിത സമയത്തിനുള്ളില്‍ പുതിയ താമസ സ്ഥലത്തേക്ക് മാറി, പുതിയ അഡ്രസ് രജിസ്റ്റര്‍ ചെയ്യാതിരുന്നാല്‍ 32/1982 നമ്പര്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 33 പ്രകാരം പിഴ ഈടാക്കും. താമസ സ്ഥലത്ത് കൂടുതല്‍ പേരുണ്ടെങ്കില്‍ തെറ്റായ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത വ്യക്തികളുടെ എണ്ണത്തിന് അനുസൃതമായി പിഴത്തുകയും കൂടുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
കുവൈത്തില്‍ മറ്റൊരാളുടെ പേരില്‍ എടുത്ത വീടുകളിലോ കെട്ടിടങ്ങളിലോ താമസിക്കുന്നത് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ നേരത്തേ വിലക്കിയിരുന്നു. ഓരോ താമസ ഇടങ്ങളിലും താമസിക്കുന്നവരുടെ പേരു വിവരങ്ങള്‍ തന്നെയാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്ന കാര്യം ഉറപ്പാക്കണമെന്ന് പ്രോപ്പര്‍ട്ടി ഉടമകള്‍ക്കും അതോറിറ്റി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാത്രമല്ല, നിലവില്‍ താമസിക്കാത്ത ആരുടെയെങ്കിലും പേരുകള്‍ കെട്ടിടത്തിലെ താമസക്കാരായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവ രജിസ്റ്ററില്‍ നിന്ന് നീക്കം ചെയ്യണം.
വിലാസം റദ്ദാക്കിയതായി ഗസറ്റില്‍ പ്രസിദ്ധീകരിച്ച് 30 ദിവസത്തിന് ശേഷം 15 ദിവസത്തെ ഗ്രേസ് പിരീഡ് കൂടി പുതിയ താമസം അഡ്രസ് നല്‍കുന്നതിനായി അനുവദിക്കും. ഈ കാലയളവില്‍ വിലാസം രജിസ്റ്റര്‍ ചെയ്യുന്നവര്‍ 20 ദിനാര്‍ ഫീസ് അടക്കേണ്ടിവരും. ഈ ഗ്രേസ് പിരീഡിലും പുതിയ അഡ്രസിലേക്ക് മാറാത്തവരില്‍ നിന്ന് 100 ദിനാര്‍ പിഴ ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചു. കുവൈത്തിലെ അല്‍ മംഗഫില്‍ ലേബര്‍ ക്യാംപിലുണ്ടായ തീപ്പിടുത്തത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ അമ്പതോളം പേര്‍ മരിക്കാനിടയായ സംഭവത്തെ തുടര്‍ന്നാണ് ലേബര്‍ ക്യാംപുകള്‍ ഉള്‍പ്പെടെയുള്ള പ്രവാസി താമസ ഇടങ്ങളില്‍ അധികൃതര്‍ പരിശോധനകള്‍ വ്യാപകമാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല