1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 26, 2024

സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ ഇൻഫ്ലുവൻസർ‌ എന്ന നിലയിൽ സമൂഹ മാധ്യമങ്ങളിൽ വിവിധ ഉൽപന്നങ്ങളും സേവനങ്ങളും പ്രമോട്ട് ചെയ്യുന്ന മലയാളികളടക്കമുള്ള നിരവധി പേരുണ്ട്. ഇവർ പങ്ക് വയ്ക്കുന്ന ഒട്ടുമിക്ക വിഡിയോകളിലും കച്ചവടത്തെയും സ്ഥാപനങ്ങളുടെയും ഗുണഗണങ്ങൾ വാഴ്ത്തിപ്പാടുന്നതും ഓഫറുകളുമൊക്കെ വിളംബരം ചെയ്തും സ്വന്തം നിലക്കും മറ്റുള്ളവരുടെ താൽപര്യാർഥവുമുള്ള ജനപ്രീതി കൂട്ടുന്നതിനുള്ള പരസ്യ സ്വഭാവമാണുള്ളത്. ഇത്തരക്കാരെ നിയന്ത്രിക്കുന്നതിന് പുതിയ നിയമവുമായി സൗദി അറേബ്യയിലെ ജനറൽ അതോറിറ്റി ഫോർ മീഡിയ റഗുലേഷൻ രംഗത്ത് വന്നിരിക്കുകയാണ്.

സമൂഹ മാധ്യമത്തിൽ പരസ്യം ചെയ്യുന്ന എല്ലാവരും നാല് നിബന്ധനകൾ പാലിക്കണമെന്നും ഒരു “ട്രസ്റ്റഡ് ലൈസൻസ്” നേടണമെന്നുമാണ് ഈ നിയമം നിർദ്ദേശിക്കുന്നത്. ഈ ലൈസൻസ്, പരസ്യങ്ങളുടെ സത്യസന്ധത, ഇൻഫ്ലുവൻസർമാരുടെ വിശ്വാസ്യത, ഉൽപന്നങ്ങളുടെ ഗുണനിലവാരം തുടങ്ങിയ കാര്യങ്ങളിൽ ഉറപ്പുനൽകുന്നതിനാണെന്ന് ജനറൽ അതോറിറ്റി ഫോർ മീഡിയ റഗുലേഷൻ വ്യക്തമാക്കി.

ഈ നിയമത്തിലൂടെ സമൂഹ മാധ്യമങ്ങളിലെ പരസ്യങ്ങളെ നിയന്ത്രിക്കുകയും ഉപഭോക്താക്കളെ തെറ്റായ വിവരങ്ങളിൽ നിന്ന് സംരക്ഷിക്കുകയുമാണ്. ഇത് മൂലം, ഇൻഫ്ലുവൻസർമാർക്ക് തങ്ങളുടെ വിശ്വാസ്യത വർധിപ്പിക്കാനും ഉപഭോക്താക്കളുടെ വിശ്വാസം നേടാനും കഴിയും.

ജനറൽ അതോറിറ്റി ഫോർ മീഡിയ റെഗുലേഷൻ പുറപ്പെടുവിച്ച പുതിയ നിയമപ്രകാരം,ട്രസ്റ്റഡ് ലൈസൻസ് ലഭിക്കുന്നതിന് അപേക്ഷകൻ 18 വയസ്സോ അതിന് മുകളിലോ പ്രായമുള്ളയാളായിരിക്കണം. അതുപോലെ, അയാൾ സത്യസന്ധതയില്ലായ്മയോ വിശ്വാസലംഘനമോ ഉൾപ്പെട്ട കുറ്റകൃത്യത്തിന് ശിക്ഷ നേരിട്ട വ്യക്തിയാകാൻ പാടില്ല.

കൂടാതെ, അപേക്ഷകന്‍റെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ മീഡിയ ഉള്ളടക്ക നിയന്ത്രണങ്ങൾ ലംഘിക്കുന്ന യാതൊരു ഉള്ളടക്കവും പ്രസിദ്ധീകരിച്ചിട്ടുണ്ടാകരുത്. ലൈസൻസിനായി അപേക്ഷിക്കുന്നവർ mawthooq.gamr.gov.sa എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

സമൂഹ മാധ്യമത്തിൽ പരസ്യം ചെയ്യുന്നതിന് ലൈസൻസ് നൽകുന്ന സേവനമാണ് ‘മൗത്തൂഖ്’. ലൈസൻസ് ലഭിക്കുന്നതിന് അപേക്ഷകന് പരസ്യം ചെയ്യുന്ന ഉൽപന്നത്തെക്കുറിച്ച് വിശദമായ അറിവും പരിചയവും ഉണ്ടായിരിക്കണം. കൂടാതെ, സൗദി അറേബ്യയിലെ മാധ്യമ നിയമങ്ങളും നിബന്ധനകളും ലംഘിച്ചിട്ടില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.