സ്വന്തം ലേഖകൻ: ബ്രിട്ടനില്‍ ആശങ്ക സൃഷ്ടിച്ചു നോട്ടിംഗ്ഹാം ഹില്‍ കാര്‍ണിവലില്‍ കത്തിക്കുത്ത്. നോട്ടിംഗ്ഹാം ഹില്‍ കാര്‍ണിവലിന്റെ ആദ്യ ദിനം അക്രമത്തില്‍ മുങ്ങി. കാര്‍ണിവലിന്റെ ആരംഭമായ ഫാമിലി ഡേയില്‍ അരങ്ങേറിയ അക്രമങ്ങളില്‍ മൂന്ന് പേര്‍ക്ക് കുത്തേറ്റു. 15 പോലീസ് ഓഫീസര്‍മാര്‍ക്ക് അക്രമം നേരിടേണ്ടി വന്നപ്പോള്‍ 90 പേരെ അറസ്റ്റ് ചെയ്തതായി മെട്രോപൊളിറ്റന്‍ പോലീസ് വ്യക്തമാക്കി.
മൂന്ന് പേര്‍ക്ക് കുത്തേറ്റതില്‍ ഒരു 32-കാരി ഗുരുതരമായ പരുക്കുകളോടെയാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളതെന്ന് മെറ്റ് പറഞ്ഞു. 29-കാരനായ വ്യക്തിയുടെ പരുക്കുകള്‍ മാരകമല്ല. അതേസമയം കുത്തേറ്റ മറ്റൊരു 24-കാരന്റെ സ്ഥിതി വ്യക്തമല്ല.
90 പേര് അറസ്റ്റിലായിട്ടുള്ളതില്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍, എമര്‍ജന്‍സി ജീവനക്കാര്‍ക്ക് എതിരായ അതിക്രമം, ആയുധങ്ങള്‍, മയക്കുമരുന്ന് എന്നിവ കൈവശം വെയ്ക്കല്‍, മോഷണം എന്നിങ്ങനെ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. അക്രമിക്കപ്പെട്ട 15 പോലീസുകാരില്‍ ആര്‍ക്കും ഗുരുതരമായ പരുക്കുകളില്ല. കാര്‍ണിവല്‍ മേഖലയില്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കാന്‍ അധികാരം നല്കുന്ന സെക്ഷന്‍ 60 ഉത്തരവ് പോലീസ് പുറപ്പെടുവിച്ചു.
ഇതോടെ തെരുവുകളില്‍ പ്രതികളെന്ന് സംശയിക്കുന്നവരെ പരിശോധിച്ച് ആയുധങ്ങള്‍ പിടിച്ചെടുക്കാന്‍ പോലീസുകാര്‍ക്ക് സാധിക്കും. ഇതിന് പുറമെ മുഖം മറച്ച് എത്തുന്നവരോട് ഇത് നീക്കം ചെയ്യാന്‍ ആവശ്യപ്പെടാന്‍ അധികാരം നല്കുന്ന സെക്ഷന്‍ 60എഎ ഉത്തരവും നിലവിലുണ്ട്. ഇത് പ്രകാരം മുഖം മറയ്ക്കുന്നവരോട് ഇത് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് അനുസരിക്കാത്ത പക്ഷം അറസ്റ്റ് രേഖപ്പെടുത്താം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല