സ്വന്തം ലേഖകൻ: ഈസ്റ്റ് ലണ്ടനിലെ ഡെഗനാമിലെ ഫ്ളാറ്റില്‍ വന്‍ തീപിടുത്തം. പൂര്‍ണമായും അഗ്നിക്കിരയായ ഫ്ളാറ്റില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മലയാളി കുടുംബം. കെട്ടിടത്തില്‍ നിന്നും നൂറിലധികം പേരെയാണ് രക്ഷപ്പെടുത്തിയത്. രണ്ടുപേര്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുമാണ്. തിങ്കളാഴ്ച പുലര്‍ച്ചെ 2.44നായിരുന്നു സംഭവം.
ഡെഗ്നാമിനു സമീപമുള്ള ചാഡ്വെല്‍ഹീത്തില്‍ ഫ്രഷ് വാട്ടര്‍ റോഡില്‍ സ്ഥിതിചെയ്യുന്ന ഫ്ളാറ്റിനാണ് തീപിടിച്ചത്. നിമിഷ നേരം കൊണ്ട് 45 എഞ്ചിനുകളും ഏകദേശം 225 അഗ്നിശമന സേനാംഗങ്ങളുമാണ് അപകട സ്ഥാലത്തേക്ക് പാഞ്ഞെത്തിയത്. അതിവേഗം ആളിപ്പടര്‍ന്ന തീപിടുത്തത്തില്‍ വാണിജ്യ, പാര്‍പ്പിട ഉപയോഗങ്ങള്‍ക്കായി നിര്‍മ്മിച്ച കെട്ടിടത്തെ മേല്‍ക്കൂരയ്ക്കും ചുറ്റുമുള്ള സ്കാര്‍ഫോള്‍ഡിംഗ് ഉള്‍പ്പെടെ പൂര്‍ണമായും അഗ്നി വിഴുങ്ങുകയായിരുന്നു.
ഈ ഫ്ളാറ്റില്‍ താമസിച്ചിരുന്ന പാലാ സ്വദേശി ജോസഫും ഭാര്യ ടിനുവും പിഞ്ചു കുഞ്ഞുമാണ് അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടവരില്‍ ഒരു കുടുംബം. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരായ ഇരുവരുടെയും ഫ്ളാറ്റ് പൂര്‍ണമായും കത്തിനശിച്ചു. മൂന്നു വര്‍ഷമായി ഇവിടെയായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. പ്രസവാവധിയിലായിരുന്ന ടിനു തീ പടര്‍ന്ന ഉടന്‍ പിഞ്ചു കുഞ്ഞിനെയുമായി ഓടി രക്ഷപ്പെടുകയായിരുന്നു.
സര്‍ട്ടിഫിക്കറ്റുകളും വീട്ടു സാധനങ്ങളും വസ്ത്രങ്ങളും ലാപ് ടോപ്പുകളും മൊബൈല്‍ ഫോണും ഉള്‍പ്പെടെയുള്ള എല്ലാ വസ്തുക്കളും ഇവര്‍ക്ക് നഷ്ടമായി. എങ്കിലും അപകടത്തില്‍നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ഈ കുടുംബം. ചാഡ്വെല്‍ഹീത്തില്‍ തന്നെ താമസിക്കുന്ന സഹോദരന് തോമസിനൊപ്പമാണ് ഇപ്പോള്‍ ജോസഫും കുടുംബവും ഉള്ളത്. രണ്ടാം നിലയില്‍ താമസിച്ചിരുന്ന ഇവരുടെ ഫ്ളാറ്റിന് തൊട്ടു താഴെ പ്രവര്‍ത്തിച്ചിരുന്ന നഴ്സറിയില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് അനുമാനം.
ഗര്‍ഭിണികളും കുട്ടികളും അടങ്ങുന്ന താമസക്കാരെ വളരെ വേഗത്തില്‍ രക്ഷപ്പെടുത്താനായതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ആളുകളെ ഒഴുപ്പിച്ചു കഴിഞ്ഞപ്പോഴേയ്ക്കും തീ ആളിപ്പടര്‍ന്ന് ഗ്ലാസുകളും മറ്റും പൊട്ടിത്തെറിക്കുന്ന രീതിയിലേക്ക് അപകടം മാറി. രാത്രിയില്‍ ഉറക്കത്തിനിടെ പുകമണം മുറികള്‍ക്കുള്ളിലേക്ക് വന്നതോടെ പലരും കെട്ടിടത്തില്‍നിന്നും പുറത്തുവന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.
കെട്ടിടത്തിലെ അശാസ്ത്രീയമായ ക്ലാഡിങ് നീക്കം ചെയ്യാന്‍ മാസങ്ങളായി ഇവിടെ പണികള്‍ നടന്നുവരികയായിരുന്നു. ഈ കെട്ടിടം ഫയര്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്നാണ് ലണ്ടന്‍ ഫയര്‍ബ്രിഗേഡ് തന്നെ സാക്ഷ്യപ്പെടുത്തുന്നത്.
അതിവേഗം പ്രതികരിച്ച് ആളപായം ഒഴിവാക്കിയ ഫയർഫോഴ്സിനെയും പൊലീസിനെയും ആംബുലൻസ് സർവീസിനെയും പ്രധാനമന്ത്രി സർ കിയേർ സ്റ്റാമെറും ഹോം സെക്രട്ടറി വെറ്റേ കൂപ്പറും അഭിനന്ദിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല