സ്വന്തം ലേഖകൻ: തിരുവനന്തപുരം -മസ്കത്ത് എയർഇന്ത്യ എക്സ്പ്രസ് വിമാനം നാലു മണിക്കൂർ വൈകിയത് യാത്രക്കാർക്ക് ദുരിതമായി. തിരുവനന്തപുരത്ത് നിന്ന് ചൊവ്വാഴ്ച രാവിലെ എട്ടരക്ക് പുറപ്പെടേണ്ട ഐ എക്സ് 549 വിമാനം ഉച്ചക്ക് 12.35നാണ് പുറപ്പെട്ടത്. സാങ്കേതിക തകരാറാണ് വൈകാൻ കാരണമെന്നാണ് അധികൃതർ പറഞ്ഞത്.
വിമാനത്താവളത്തിലെത്തിയ ശേഷമാണ് വിമാനം വൈകുമെന്ന കാര്യം അറിയുന്നതെന്ന് യാത്രക്കാർ പറയുന്നു. യാത്രക്ക് മൂന്ന് മണിക്കൂർ മുമ്പ് റിപ്പോൾട്ട് ചെയ്യേണ്ടതിനാൽ യാത്രക്കാർ അധികവും പുലർച്ച അഞ്ചുമണിയോടെ വിമാനത്താവളത്തിൽ എത്തിയിരുന്നു. ഇതിൽ ബഹുഭൂരിപക്ഷം പേരും അർധരാത്രി വീടുകളിൽ നിന്ന് പുറപ്പെട്ടവരാണ്.
ഷെഡ്യൂൾ പ്രകാരം രാവിലെ 11ന് മസ്കത്തിൽ എത്തുമ്പോൾ പ്രഭാത ഭക്ഷണം കഴിക്കാമെന്ന കണക്കു കൂട്ടലിലായിരുന്നു യാത്രക്കാർ. ചെക്ക് ഇൻ കൗണ്ടറിലെത്തിയപ്പോഴാണ് വിമാനം 10.30 നാണ് പോവുകയെന്ന് ജീവനക്കാർ പറഞ്ഞത്. 10.30ന് വിമാനത്തിൽ യാത്രക്കാരെ കയറ്റിയെങ്കിലും വിമാനം പറന്നുയർന്നില്ല. 11 മണിയോടെ വിമാനം നീങ്ങിയെങ്കിലും മാറ്റിയിടുകയായിരുന്നുവെന്ന് യാത്രക്കാർ പറയുന്നു. ഇതോടെ ജീവനക്കാരും യാത്രക്കാരും തമ്മിൽ വാക്കേറ്റമുണ്ടായെങ്കിലും വിമാനം 12.35നായിരുന്നു പറന്നുയർന്നത്.
വീട്ടിൽനിന്ന് വെറും കട്ടൻചായ മാത്രം കുടിച്ച് പുലർച്ച മൂന്നുമണിക്ക് പോന്നതാണെന്ന് കരുനാഗപ്പള്ളിയിൽ നിന്നുള്ള യാത്രക്കാരൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. വിമാനത്താവളത്തിലെത്തിയപ്പോഴാണ് വൈകുമെന്ന കാര്യം അറിയുന്നത്. വിവരം നേരത്തേ അറിഞ്ഞിരുന്നെങ്കിൽ ഭക്ഷണം കഴിച്ച് പുറപ്പെടാമായിരുന്നു. വിമാനത്തിൽ കയറിയ ശേഷം വൈകിയപ്പോൾ വെറും വെള്ളം മാത്രമാണ് ലഭിച്ചത്.
പൈസ കൊടുത്താൽ പോലും നൽകാൻ ഭക്ഷണം വിമാനത്തിലുണ്ടായിരുന്നില്ല. ഇത് കുട്ടികളും പ്രായമായവരുമടക്കം യാത്രക്കാർക്ക് വലിയ പ്രയാസമാണുണ്ടാക്കിയത്. കുട്ടികൾ അടക്കമുള്ളവർ ഏറെ ക്ഷീണിച്ചു പോയതായും അദ്ദേഹം പറഞ്ഞു.
വിമാനത്തിൽ തമിഴ് നാട്ടിൽ നിന്നുമുള്ള നിരവധി യാത്രക്കാരുമുണ്ടായിരുന്നു. ഇവരെല്ലാം ഏറെ നേരത്തെ വീട്ടിൽനിന്ന് പുറപ്പെട്ടവരാണ്. തിരുനൽവേലിയിൽ നിന്നുള്ള ചിലർ രാത്രി 10 മണിയോടെ വീട്ടിൽനിന്ന് പുറപ്പെട്ടവരാണ്. വൈകീട്ട് മൂന്നുമണിയോടെയാണ് വിമാനം മസ്കത്തിലെത്തിയത്. പിന്നെയും അരമണിക്കൂറിലധികം വൈകിയാണ് പുറത്തിറങ്ങിയത്. ഇതിന് ശേഷമാണ് യാത്രക്കാർ ഭക്ഷണം കഴിക്കുന്നത്.
അനിശ്ചിതമായി വിമാനം വൈകുമ്പോൾ പൈസ കൊടുത്താൽ പോലും ഭക്ഷണം ലഭിക്കാതിരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന് യാത്രക്കാർ പറയുന്നു. എയർ ഇന്ത്യ ഇത്തരം ക്രൂര വിനോദങ്ങൾ അവസാനിപ്പിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല