സ്വന്തം ലേഖകൻ: യു.എസ്. പൗരത്വമുള്ളവരെ വിവാഹംകഴിച്ച അനധികൃത കുടിയേറ്റക്കാർക്ക് രാജ്യം വിടാതെതന്നെ നിയമപരമായ പദവി നൽകുന്ന ബൈഡൻ ഭരണകൂടത്തിന്റെ പുതിയ പദ്ധതിക്ക് തടയിട്ട് ടെക്സസ് കോടതി. അനധികൃത കുടിയേറ്റക്കാർക്ക് യു.എസ്. പൗരത്വത്തിലേക്കുള്ള വഴി സുഗമമാക്കാൻ സഹായകമായ ഏറ്റവും വലിയ പദ്ധതി താത്കാലികമായി നിർത്തിവെക്കാൻ ജഡ്ജി ജെ. ക്യാമ്പൽ ബാർക്കർ തിങ്കളാഴ്ച ഉത്തരവിട്ടു.
പദ്ധതിയെ എതിർത്ത് ടെക്സസടക്കം 16 സംസ്ഥാനങ്ങൾ രംഗത്തെത്തിയതിന് പിന്നാലെയാണിത്. രണ്ടാഴ്ചത്തേക്കാണ് ഉത്തരവെങ്കിലും കാലാവധി നീട്ടാൻ സാധിക്കും. പദ്ധതി ജൂണിലാണ് ബൈഡൺ ഭരണകൂടം പ്രഖ്യാപിച്ചത്.
മുൻപ് അനധികൃത കുടിയേറ്റക്കാർ ഗ്രീൻ കാർഡിന് അപേക്ഷിച്ചാൽ വർഷങ്ങളോളം രാജ്യത്തിനുപുറത്ത് കാത്തിരിക്കണം. അപേക്ഷ നിരസിക്കപ്പെട്ടാൽ രാജ്യത്ത് പ്രവേശിക്കാൻ കഴിയില്ല. പുതിയ പദ്ധതിപ്രകാരം നിയമപരമായ പദവിക്ക് അപേക്ഷിക്കുന്നവർക്ക് സ്ഥിരതാമസാനുമതി ലഭിക്കുന്നതിന് മുൻപുള്ള കാലത്ത് അമേരിക്കയിൽ താമസിക്കാനും ജോലി ചെയ്യാനും അനുമതി ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല