സ്വന്തം ലേഖകൻ: ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ (എൽ.എം.ആർ.എ) 50 ഡിജിറ്റൽ സേവനങ്ങൾ നവീകരിച്ചു. കാര്യക്ഷമതയും സേവന നിലവാരവും വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് നവീകരണം. തൊഴിലുടമകൾക്കും ഗാർഹിക തൊഴിലാളികൾക്കും ഇത് പ്രയോജനപ്പെടും. അപേക്ഷ നൽകി അധികം കാലതാമസമില്ലാതെ സേവനങ്ങൾ ലഭിക്കുമെന്ന് എൽ.എം.ആർ.എ സി.ഇ.ഒ നിബ്റാസ് മുഹമ്മദ് താലിബ് പറഞ്ഞു.
റിക്രൂട്ട്മെന്റ് ഏജൻസികൾക്കായുള്ള ലൈസൻസിങ്, പുതുക്കൽ, ഓൺലൈൻ സെറ്റിൽമെന്റ് നടപടിക്രമങ്ങൾ, ഗാർഹിക, തൊഴിൽ പെർമിറ്റുകൾക്കായുള്ള സേവനങ്ങൾ തുടങ്ങിയ സേവനങ്ങൾ നവീകരിച്ചവയിൽ ഉൾപ്പെടും. ബിസിനസ് ഉടമകൾക്കുള്ള 26 സേവനങ്ങളും വീട്ടുജോലിക്കാർക്കുള്ള 16 സേവനങ്ങളും പ്രവാസി തൊഴിലാളികൾക്കുള്ള എട്ട് സേവനങ്ങളുമാണ് നവീകരിച്ചത്.
എൽ.എം.ആർ.എയുടെ നിരവധി സേവനങ്ങൾ ഇപ്പോൾ ഓൺലൈനിൽ ലഭ്യമാണ്. അപേക്ഷകൻ നേരിട്ട് വരേണ്ട ആവശ്യം കുറവാണ്. റിക്രൂട്ട്മെന്റ് ഏജൻസികൾക്ക് ലൈസൻസ് നൽകാനുള്ള സമയം 60 ദിവസത്തിൽനിന്ന് 20 ആയി കുറച്ചിട്ടുണ്ട്. ഇതിനാവശ്യമായ രേഖകളുടെ എണ്ണവും പകുതിയായി കുറച്ചു. വർക്ക് അബാൻഡൻമെന്റ് അറിയിപ്പുകൾ (റൺ എവേ) 11 ദിവസത്തിനുള്ളിൽ തീർപ്പാക്കും.
ഒരു സ്ഥാപനത്തിൽ വർക്ക് പെർമിറ്റിന്റെ എണ്ണം വർധിപ്പിക്കണമെങ്കിൽ ആവശ്യമായ രേഖകൾ നൽകിയാൽ മൂന്ന് ദിവസത്തിനുള്ളിൽ കിട്ടും. നേരത്തെയിതിന് 13 ദിവസം വേണമായിരുന്നു. ഇത് തൊഴിലുടമകൾക്ക് പ്രയോജനകരമാണ്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശപ്രകാരമാണ് നവീകരണങ്ങളെന്ന് എൽ.എം.ആർ.എ സി.ഇ.ഒ പറഞ്ഞു.
ചുവപ്പുനാടകളൊഴിവാക്കാനും ഡിജിറ്റൽ സൊലൂഷനുകൾ മെച്ചപ്പെടുത്തി പ്രമുഖ ബിസിനസ് ഹബായി രാജ്യത്തെ മാറ്റുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് മാറ്റങ്ങൾ. തൊഴിൽ അന്തരീക്ഷവും ഉപയോക്തൃ അനുഭവവും മെച്ചപ്പെടുത്താൻ എൽ.എം.ആർ.എ നിരന്തരമായി ശ്രമിക്കുകയാണ്.
24 സർക്കാർ ഏജൻസികളുടെ 500 സേവനങ്ങൾ മെച്ചപ്പെടുത്താൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഉത്തരവ് നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് 50 എൽ.എം.ആർ.എ സേവനങ്ങൾ നവീകരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല