സ്വന്തം ലേഖകൻ: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ മലയാള സിനിമയിലുണ്ടായ വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് നടനും താരസംഘടനയായ അമ്മയുടെ മുൻ പ്രസിഡന്റുമായ മോഹൻലാൽ. സിനിമാ വ്യവസായത്തെ തകർക്കുന്ന വിവാദമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്ന് മോഹൻലാൽ പറഞ്ഞു. കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച, കേരള ക്രിക്കറ്റ് ലീഗിന്റെ ലോഞ്ചിനു ശേഷമാണ് മോഹൻലാൽ മാധ്യമങ്ങളോട് സംസാരിച്ചത്.
‘ഹേമാകമ്മിറ്റി റിപ്പോർട്ടിനെ സ്വാഗതം ചെയ്യുന്നു. രണ്ട് തവണ താൻ കമ്മിറ്റിയ്ക്ക് മുമ്പിൽ ഹാജരായി അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയതാണ്. ഹേമാകമ്മിറ്റി റിപ്പോർട്ടിൽ ആധികാരികമായി മറുപടി പറയേണ്ടത് ഞാനല്ല. സിനിമ മേഖല ഒന്നിച്ചാണ് ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ മറുപടി പറയേണ്ടത്. ഒരാളെയോ ഒരു സംഘടനയെ മാത്രം ക്രൂശിക്കുന്നത് ശരിയല്ല, സർക്കാരും പോലീസും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം. കുറ്റങ്ങളും തെറ്റുകളും ഉണ്ടാകാം ‘ എന്നായിരുന്നു മോഹൻലാലിന്റെ പ്രസംഗത്തിന്റെ രത്നചുരുക്കം.
“1978ൽ ആണ് ഞാൻ ആദ്യം അഭിനയിക്കുന്നത്. തിരുവനന്തപുരത്തുവച്ചാണ് ആദ്യമായി അഭിനയിക്കുന്നത്. ഇപ്പോൾ എന്റെ ഇൻഡസ്ട്രിയിൽ സംഭവിക്കുന്ന ചില ദൗർഭാഗ്യകരമായ കാര്യങ്ങൾ സംഭവിച്ചതിനെ കുറിച്ച് സംസാരിക്കുന്നതും തിരുവനന്തപുരത്തു തന്നെ. മോഹൻലാൽ എവിടെപ്പോയി എന്നു ചോദിക്കുന്നവരോട്, ഞാനൊരിടത്തേക്കും ഒളിച്ചോടി പോയിട്ടില്ല. ഭാര്യയുടെ സർജറിയുമായി ബന്ധപ്പെട്ട് ചെന്നൈയിൽ നിൽക്കേണ്ടി വന്നു. ബറോസുമായി ബന്ധപ്പെട്ട് ചില തിരക്കുകളും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ എന്റെ സിനിമയുടെ റിലീസ് മാറ്റി വച്ചു,” മോഹൻലാൽ പറഞ്ഞു.
“ഞാൻ ഹേമ കമ്മിറ്റിയ്ക്കു മുൻപിൽ പോയി സംസാരിച്ച ആളാണ്. എന്നോട് ചോദിച്ച ചോദ്യങ്ങൾക്കെല്ലാം ഞാൻ മറുപടി നൽകി. അമ്മ ട്രേഡ് യൂണിയൻ സ്വഭാവമുള്ള ഒരു സംഘടനയല്ല. ഒരു ഫാമിലി അസോസിയേഷൻ പോലെയാണ്. കൂടെയുള്ളവരെ സഹായിക്കാൻ തുടങ്ങിയ ഒരു സംഘടനയാണ്. പിന്നെ അതിലേക്ക് കുറേ അംഗങ്ങൾ വന്നുചേർന്നു.ഹേമ കമ്മിറ്റി റിപ്പോർട്ടിന് ഉത്തരം പറയേണ്ടത് മലയാള സിനിമ മുഴുവനാണ്. ആ കാര്യങ്ങളിലേക്ക് ഒന്നിച്ചാണ് നമ്മൾ മുന്നോട്ടു പോവേണ്ടത്. അമ്മ എന്ന സംഘടന മാത്രമല്ല അതിൽ ഉത്തരം പറയേണ്ടത്.”
“സിനിമയിലെ തല മുതിർന്ന ആളുകളുമായും അഡ്വക്കേറ്റുമായും സംസാരിച്ചു ഒന്നിച്ചു ചേർന്നെടുത്ത തീരുമാനമാണ് രാജി വയ്ക്കുക എന്നത്. അതിന്റെ പുറത്ത് അമ്മയുടെ പ്രവർത്തനങ്ങളൊന്നും മുടക്കിയിട്ടില്ല. ഒരു സംഘടനയോ ഒരാളോ മാത്രം ക്രൂശിക്കപ്പെടരുത്.”
“ഞങ്ങൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്തൊരു ഇൻഡസ്ട്രി തകരുകയാണ്. ഞങ്ങൾ എന്താണ് ചെയ്യേണ്ടത്? ഇതിലേക്ക് മാത്രം ഫോക്കസ് ചെയ്ത്, താരങ്ങൾക്കു പിന്നാലെ പോയി ഈ ഇൻഡസ്ട്രിയെ തകർക്കരുത് എന്നൊരു അപേക്ഷയുണ്ട്. ഈ വ്യവസായം തകർന്നുപോവരുതെന്ന് ആത്മാർത്ഥമായും ആഗ്രഹിക്കുന്നു,” മോഹൻലാൽ പറഞ്ഞു.
മോഹൻലാലിന്റെ പ്രസംഗത്തിനു ശേഷം, മാധ്യമങ്ങൾ ചോദ്യങ്ങൾ ചോദിച്ചപ്പോൾ ‘എനിക്കിതിൽ കൂടുതൽ ഒന്നും പറയാനില്ല, പറയാൻ ഉത്തരങ്ങളില്ല’ എന്നായിരുന്നു മോഹൻലാലിന്റെ മറുപടി. ‘ഒറ്റദിവസം കൊണ്ട് ഞങ്ങളെല്ലാവരും നിങ്ങൾക്ക് അന്യരായോ?” എന്നും മോഹൻലാൽ ചോദിച്ചു.
മലയാള സിനിമയിലെ ഗുരുതരമായ പ്രശ്നങ്ങൾ ചൂണ്ടികാണിക്കുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നിട്ടും മലയാള സിനിമയിലെ സൂപ്പർതാരങ്ങളായ മോഹൻലാലും മമ്മൂട്ടിയും ഈ വിഷയത്തിൽ സംസാരിക്കാത്തത് വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
ഹേമ കമ്മീഷൻ രൂപീകരണം
മലയാള സിനിമാരംഗത്തെ ലൈംഗിക അതിക്രമവും ലിംഗസമത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അന്വേഷിച്ച് അവയ്ക്ക് പരിഹാരം നിർദ്ദേശിക്കാനായി 2017 ജൂലൈയിലാണ് കേരള സർക്കാർ മുൻ കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ഹേമ അദ്ധ്യക്ഷയായ മൂന്നംഗ സമിതി രൂപവത്കരിച്ചത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം, നടിയുടെ സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് രൂപീകരിച്ച വിമൻ ഇൻ സിനിമ കളക്റ്റീവിന്റെ (ഡബ്ല്യുസിസി) നിരന്തരമായ പോരാട്ടത്തിന്റെ ഫലം കൂടിയായിരുന്നു ഇത്.
ഒന്നരവര്‍ഷത്തിന് ശേഷം 2019 ഡിസംബര്‍ 31ന് ഹേമ കമ്മീഷന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ഹേമ കമ്മീഷൻ പ്രസിദ്ധീകരിക്കപ്പെടുന്നു
2019 ഡിസംബര്‍ 31ന് ഹേമ കമ്മീഷന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും, സർക്കാർ റിപ്പോർട്ട് പുറത്തുവിടാതിരിക്കുകയായിരുന്നു. ഒടുവിൽ വിവരാവകാശ കമ്മീഷന്റെ ഉത്തരവു മുഖേനയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് വെളിച്ചം കണ്ടത്.
2024 ഓഗസ്റ്റ് 19ന്, ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതു മുതൽ അക്ഷരാർത്ഥത്തിൽ മലയാള സിനിമയുടെ സീൻ മാറിയിരിക്കുകയാണ്. റിപ്പോർട്ടിനു പിന്നാലെ, സിനിമയിൽ നിന്നും നേരിട്ട ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ് നിരവധി സ്ത്രീകളാണ് രംഗത്തു വന്നുകൊണ്ടിരിക്കുന്നത്. നടന്മാർ, സംവിധായകർ, പ്രൊഡക്ഷൻ കൺട്രോളർമാർ തുടങ്ങി സിനിമയുടെ വിവിധ മേഖലയിലുള്ളവർക്കെതിരെ ആരോപണങ്ങൾ ഉയർന്നിരിക്കുകയാണ്.
ചലച്ചിത്ര അക്കാദമി ചെയർമാനായ രഞ്ജിത്ത്, നടനും അമ്മയുടെ മുൻ ജനറൽ സെക്രട്ടറിയുമായ സിദ്ദിഖ്, ജോയിന്റ് സെക്രട്ടറി ബാബുരാജ്, നടൻ ജയസൂര്യ, നടനും എംഎൽഎയുമായ മുകേഷ് എന്നു തുടങ്ങി നിരവധി പേർക്കെതിരെ ആരോപണങ്ങൾ പുറത്തുവന്നു കഴിഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് അമ്മ പ്രതികരിക്കാതിരുന്നത് വൻ വിവാദങ്ങൾക്ക് കാരണമായിരുന്നു. തുടർന്ന് അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖാണ് മാധ്യമങ്ങളെ കണ്ടത്. പിന്നാലെ ലൈംഗിക പീഡന ആരോപണം നേരിട്ട നടൻ സെക്രട്ടറി സ്ഥാനം രാജിവച്ചു. സംഘടനയിലെ അഭിപ്രായ ഭിന്നത രൂക്ഷമായതിനെ തുടർന്ന് താരസംഘടന അമ്മയുടെ ഭരണസമിതി രണ്ട് ദിവസം മുൻപ് പിരിച്ചുവിട്ടിരുന്നു. അമ്മ പ്രസിഡൻറായിരുന്ന മോഹൻലാൽ അടക്കം എല്ലാ അംഗങ്ങളും രാജിവയ്ക്കുകയായിരുന്നു. ഈ കൂട്ടരാജിയിലും അമ്മയിൽ ഭിന്നത ഉടലെടുത്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല