ഇടുക്കി കുലുങ്ങിക്കൊണ്ടിരിക്കുകയാണ്. മുല്ലെപ്പെരിയാര്‍ ഡാം പൊട്ടി 35 ലക്ഷത്തിലധികം ജനങ്ങളുടെ ജിവിതം അറബിക്കടലിലെത്തിയാല്‍ ലോകത്തിലെ ഏറ്റവും വലിയ ഡാം ദുരന്തം നടന്ന സൈറ്റ് കാണാന്‍ തിരുവിതാംകൂറില്‍ നിന്നും മലബാറില്‍ നിന്നും ജനം തുറന്നു വച്ച മൊബൈല്‍ ക്യാമറകളുമായി മധ്യകേരളത്തിലേക്കു തിരിക്കും. സര്‍ക്കാര്‍ സ്പെഷല്‍ സര്‍വീസുകള്‍ നടത്തുകയും ഗ്രാന്‍ഡ് കേരള ഡാംപൊട്ട് ഫെസ്റ്റിവല്‍ നടത്തി സായിപ്പന്മാരെയും മദാമ്മമാരെയും ഇതില്‍ പ്രത്യേക താല്പര്യമുള്ള തമിഴന്മാരെയും അകര്‍ഷിച്ച് ടൂറിസം രംഗത്തെ വളര്‍ത്താന്‍ പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിക്കുകയും ചെയ്യാതിരിക്കില്ല.ദീര്‍ഘവീക്ഷണത്തോടെ ഇപ്പോഴേ ടൂറിസം വകുപ്പിന് നിര്‍ദേശങ്ങള്‍ നല്കിയാല് അന്നേരം കാര്യങ്ങള്‍ എളുപ്പമുണ്ടാവും. കാരണം,ഇങ്ങനെ ഇനി അധികം പോവില്ല.
ഇത്രേം സ്ട്രോങ്ങായിട്ടൊരു ഡാം കണ്ടിട്ടില്ല എന്നാണ് തമിഴ്നാട് പറയുന്നത്. കേരളത്തില്‍ നിന്നു ഫ്രീയായി കിട്ടുന്ന വെള്ളമുപയോഗിച്ച് കൃഷി നടത്തി ആ വിളകള്‍ കേരളത്തില്‍ തന്നെ വിറ്റഴിക്കുന്നതിലാണ് തമിഴ്നാടിന്റെ ലാഭം. എന്നാല്‍ ഡാം പൊട്ടിയാല്‍ വെള്ളവും 35 ലക്ഷം കസ്റ്റമേഴ്സും നഷ്ടമാകുമെന്ന സത്യം അവന്മാര്ക്കു പിടികിട്ടാത്തതാണോ അതോ കൊച്ചി പോലൊരു ബിസിനസ് മെട്രോയെ അറബിക്കടലില്‍ താഴ്ത്തുക എന്നൊരു ലക്ഷ്യമാണോ ഇതിനൊക്കെ പിന്നിലുള്ളത് ?
ഇടുക്കിയില്‍ ആഴ്ചയിലൊന്നോ രണ്ടോ തവണ വീതം ഇപ്പോള്‍ ഭൂമി കുലുങ്ങുന്നുണ്ട്. കഴിഞ്ഞ ആറുമാസത്തിനിടെ 12 തവണ ഭൂമി കുലുങ്ങി. മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ എന്നത് വിദൂരസാധ്യതയുള്ള ഭീഷണിയല്ലാതായി,അരികിലുള്ള യാഥാര്‍ഥ്യമാണത്.കേരള സര്‍ക്കാര്‍ ഇതിനൊരു പരിഹാരമുണ്ടാക്കുമെന്ന മിഥ്യാധാരണ അവിടുത്തെ ജനങ്ങള്‍ക്കില്ല.ഡാം പൊട്ടുകയും വെള്ളം ഒഴുകി വരികയും അങ്ങനെ ചരിത്രത്തിലെ ഏറ്റവും വലിയ ഡാം ദുരന്തത്തിന്റെ ഭാഗമായി മരിക്കുകയും ചെയ്യാന്‍ മാനസികമായെങ്കിലും തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ് ജനങ്ങള്‍.(കടപ്പാട് : ജേക്കബ് ജോസ് .ഫെയിസ് ബുക്ക് )
ഇടുക്കിയിലെ പത്തു പഞ്ചായത്തുകളിലെ ഒരു ലക്ഷത്തോളം മനുഷ്യരാണ് ഭയത്തിന്റെ മുനമ്പില്‍ കഴിയുന്നത്. ഡാം തകര്‍ന്നാല്‍ തമിഴ്നാട്ടിലേക്കുള്ള നീരൊഴുക്കുനിലക്കും തമിഴകത്തെ മൂന്ന് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഇരുപത്തിയഞ്ച് ലക്ഷത്തോളം മനുഷ്യരുടെ കുടിനീര് നിലയ്ക്കും. കൃഷിയും ആടുമാടുകളും മനുഷ്യരും വെള്ളംകിട്ടാതെ മരിക്കും. മലയുടെ ഒരു ഭാഗം വെള്ളത്തിനടിപ്പെട്ടുമരിക്കുമ്പോള്‍ മറുഭാഗം വെള്ളം കിട്ടാതെ മരിക്കും. എന്നിട്ടും തമിള്നാടിങ്ങനെ ഒക്കത്തിരിക്കുന്നത് കിട്ടുകയും വേണം കക്ഷത്തിലിരിക്കുന്നത് നഷ്ടപ്പെടുകയും അരുതെന്ന് വാശിപിടിച്ചാല്‍ എങ്ങനെ ശരിയാകും?
ഇപ്പോഴത്തെ ഡാം സുരക്ഷിതമല്ലാത്തതിനാല്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാമെന്നാണ് കേരളം പറയുന്നത്. വെള്ളം എത്രവേണമെങ്കിലും നല്‍കാം, അണക്കെട്ട് നിര്‍മ്മിക്കാന്‍ അനുവദിക്കണം. തമിഴ്നാടാകട്ടെ അതിന് വഴങ്ങുന്നില്ല. പുതിയ അണക്കെട്ട് അനുവദിച്ചാല്‍ അതിന്മേലുള്ള അവകാശം തമിഴ്നാടിനായിരിക്കണമെന്ന ആവശ്യം അവര്‍ സുപ്രിംകോടതിയെ അറിയിച്ചിട്ടുണ്ട് അപ്പോള്‍ നിങ്ങള്‍ക്ക് വെള്ളമല്ല വേണ്ടത് അവകാശമാണല്ലേ? അത് നടക്കില്ല കാരണം ഡാമിന്റെ പണി പൂര്‍ണ്ണമായും ഏറ്റെടുത്തു നടത്താന്‍ കേരളത്തിനു കഴിയായ്കയൊന്നുമില്ല.
അപ്പോള്‍ അണക്കെട്ടല്ല പ്രശ്നം. അത് ആര് നിര്‍മ്മിക്കും, അതിന്മേലുള്ള പരമാധികാരം ആര്‍ക്കാണ് എന്നതാണ് കാര്യം അതിര്‍ത്തിയും പരമാധികാരവും സംബന്ധിച്ച് രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്റെ കാതല്‍. കുടിനീരുമാത്രമാണ് പ്രശ്നമെങ്കില്‍ തമിഴ്നാടിന് അണക്കെട്ട് നിര്‍മ്മിക്കാന്‍ അനുവദിക്കാവുന്നതേയുള്ളു. സുരക്ഷ മാത്രമാണ് പ്രശ്നമെങ്കില്‍ തമിഴ്നാട് ബലമുള്ള അണക്കെട്ട് നിര്‍മ്മിക്കട്ടെ എന്ന് കേരളത്തിന് പറയാവുന്നതേയുള്ളു. രണ്ടും സാധ്യമല്ല. അണ പൊട്ടുന്നതിനേക്കാള്ഭയാനകമായ ഒരു വൈകാരിക യുദ്ധത്തിന്റെ വക്കില്‍ രണ്ട് ജനതയെ നിര്‍ത്തിയിരിക്കുകയാണ് ഭരണകൂടങ്ങള്‍.
1879ല്‍ അന്നത്തെ തിരുവിതാംകൂര്‍ രാജാവായിരുന്ന വിശാഖം തിരുനാളാണ് മദ്രാസ് ഭരിച്ചിരുന്ന ബ്രിട്ടീഷ് സര്‍ക്കാരുമായി മുല്ലപ്പെരിയാര്‍ കരാര്‍ ഒപ്പിടുന്നത്. തിരുവിതാംകൂറിനുവേണ്ടി ദിവാന് രാമസ്വാമി അയ്യരും ബ്രിട്ടീഷ് ഗവണ്മെന്റിനുവേണ്ടി ലോര്‍ഡ് വെന്‍ലോക്കും തിരുവിതാംകൂര്‍ രാജാവിന്റെ സെക്രട്ടറിയായിരുന്ന കെ കെ കുരുവിളയും ചേര്‍ന്നു തയ്യാറാക്കിയ കരാര്‍ അനുസരിച്ച് 999 വര്‍ഷത്തേക്ക് മുല്ലപ്പെരിയാറില്‍നിന്നും ജലമെടുക്കാന്‍ അന്നത്തെ മദ്രാസ് സര്‍ക്കാരിന് അധികാരമുണ്ട്.
രാജഭരണത്തിനുകീഴില്‍ രൂപംകൊണ്ട സകലകരാറുകളുടെയും കാലാവധി 99 വര്‍ഷമായി നിജപ്പെടുത്തിയിട്ടും പെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തില്‍മാത്രം കരാര്‍ മാറ്റമില്ലാതെ തുടരുകയാണുണ്ടായത്. അതനുസരിച്ച് എ ഡി 2878 വരെ മുല്ലപ്പെരിയാറിലെ ജലത്തിന് തമിഴ്നാടിന് അവകാശമുണ്ട്. മാത്രമല്ല പദ്ധതി പ്രദേശം ഉള്‍പ്പെടുന്ന 8100 ഏക്കര്‍ ഭൂമി തമിഴ്നാട് പാട്ടത്തിനുപയോഗിക്കുന്നു. കരാര്‍ റദ്ദ് ചെയ്ത് പുതിയ അണക്കെട്ടുവന്നാല്‍ തമിഴ്നാട് ഈ പ്രദേശത്തുനിന്നും പിന്മാറേണ്ടിവരും.
പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ മര്‍മ്മപ്രധാന കേന്ദ്രമായ ഈപ്രദേശത്ത് വനം നശിപ്പിച്ചുകൊണ്ട് തമിഴ്നാട് റോഡ് ഉള്‍പ്പെടെയുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെതിരെ വനംവകുപ്പിന്റെ പരാതിയും നിലവിലുണ്ട്. ഇതൊക്കെ കേരളം കണ്ടില്ലെന്നു നടിക്കുന്നത് തന്നെപ്പോലെ തങ്ങളുടെ അയല്‍വാസിയും സ്നേഹിക്കുകയെന്നു കര്‍ത്താവ് തമ്പുരാന് പറഞ്ഞതോണ്ട് മാത്രമാണ്, കരാറില്‍ പിടിമുറുക്കിക്കൊണ്ട് ഈ പ്രദേശത്ത് സ്വതന്ത്ര ഭരണം നടത്തുന്ന തമിഴ്നാടിനെ പിടിച്ചു പുറത്താക്കാന്‍ വെറും നോക്ക് കുത്തികള്‍ മാത്രമായ കേരള സര്‍ക്കാരിന് കഴിഞ്ഞില്ല എന്നത് കേരളത്തിന്റെ പരാജയം തന്നെയാണ്, കരാര്‍ റദ്ദ് ചെയ്തുകൊണ്ട് പ്രദേശത്തിന്റെ ഭരണം തിരികെപിടിക്കുന്നതിനുള്ള കേരളത്തിന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു എന്നുകരുതി ഇനിയും തോല്ക്കാന് കേരളത്തിന് ഭാവമില്ല, കാരണം ഇത് കേരളത്തിലെ മൂന്നു ജില്ലകളിലായുള്ള 30 ലക്ഷം ജനങ്ങളുടെ ജീവന് വേണ്ടിയുള്ള പോരാട്ടമാണ്.
കരാറിന്റെ പിന്‍ബലത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും 150 ചതുരശ്ര അടി വിസ്താരമുള്ളതും 5220 അടി നീളമുള്ളതുമായ തുരങ്കത്തിലൂടെ കേരള അതിര്‍ത്തിവരെയും 5600 അടി നീളമുള്ള തുറന്ന കനാലിലൂടെ തമിഴ് താഴ്വരയിലേക്കും തമിഴ്നാട് യഥേഷ്ടം വെള്ളം കൊണ്ടുപോകുന്നുണ്ട്. ഇതിനെ സംബന്ധിച്ച് കൃത്യമായി കണക്കുകളോ രേഖകളോ കേരളത്തിന് ലഭ്യമല്ല. മുല്ലപ്പെരിയാര്‍ മേഖലയിലെ മഴയുടെ ലഭ്യത, ഡാമിന്റെ ജലവിതാനം, വൈദ്യുതി ഉല്‍പ്പാദനത്തിനും ജലസേചനത്തിനും കുടിവെള്ളത്തിനുമുപയോഗിക്കുന്ന ജലത്തിന്റെ അളവ് തുടങ്ങി നിരവധി അടിസ്ഥാന സാങ്കേതിക വിവരങ്ങള്‍ മുടക്കം കൂടാതെ കേരളത്തെ അറിയിക്കണമെന്നാണ് വ്യവസ്ഥ.
തമിഴ്നാട് അതൊരിക്കലും പാലിച്ചിട്ടില്ലെന്നുമാത്രമല്ല, അണക്കെട്ട് പ്രദേശത്ത് സുരക്ഷാ പരിശോധന ഉള്‍പ്പെടെ അടിയന്തിര നടപടികള്‍ക്ക് പലപ്പോഴും കേരളത്തെ അനുവദിക്കാറുമില്ല. ഇതൊക്കെയും സഹിക്കുന്നതും തമിഴ്നാടിനോടുള്ള സ്നേഹം കൊണ്ട് മാത്രമാണ്. എന്നാല്‍ അവരോ? എന്തിനേറെ പറയുന്നു അവരുടെ കത്തി സിനിമകള്‍ വരെ ഏറ്റെടുത്തു വിജയിപ്പിക്കുന്ന കേരളത്തിന്റെ ‘ഡാം 999 ന്റെ റിലീസിംഗ് വരെ തമിഴ്നാട് തടഞ്ഞില്ലേ?
പുതിയ അണക്കെട്ടിന് അനുമതി ലഭിക്കുന്നതോടെ നിലവിലുള്ള കരാര്‍ റദ്ദു ചെയ്യപ്പെടും. തമിഴ്നാടിന് മുല്ലപ്പെരിയാര്‍ പ്രദേശത്തുനിന്നും ഒഴിഞ്ഞുപോകേണ്ടിവരും. അങ്ങനെ പ്രദേശത്തിന് പരമാധികാരം കേരളത്തിന് തിരികെ കിട്ടും. നൂറ് വര്‍ഷം പഴക്കമുള്ള ഡാമിന്റെ അപകടസ്ഥിതിയും എന്നാല്‍ ജനങ്ങളുടെ സുരക്ഷയും പുതിയ അണക്കെട്ട് നിര്‍മ്മിച്ച് തമിഴ്നാടിനെ ജലം നല്‍കാമെന്ന മഹാമനസ്കതയുമാണ് ഞങ്ങള്‍ കേരളം മുന്നോട്ടുവയ്ക്കുന്നത്. ഇതൊരു കെണിയാണെന്നായിരിക്കും തമിഴ്നാടിന്റെ വിചാരം, അതുകൊണ്ടാണല്ലോ അണക്കെട്ട് നിര്‍മ്മാണത്തിനുള്ള അധികാരം തമിഴ്നാടിന് ലഭിക്കണമെന്ന വാദം അവര്‍ ഉന്നയിക്കുന്നത്. ഇപ്പോഴത്തെ തര്‍ക്കവിഷയം ജലമല്ല, ജനവുമല്ല, ആരാണ് മുല്ലപ്പെരിയാര്‍ പ്രദേശത്തിന്റെ ഉടമകള്‍ എന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല