സ്വന്തം ലേഖകൻ: ഒക്ടോബർ ഏഴിന് ഹമാസ് തട്ടികൊണ്ടുപോയ ബന്ദികളിൽ ആറുപേരുടെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച ഗാസ മുനമ്പിൽ ഇസ്രയേലി സൈന്യം നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ ലഭിച്ചത്. മരിച്ചവരുടെ കൂട്ടത്തിൽ അമേരിക്കൻ-ഇസ്രയേലി പൗരനായ ഹെർഷ് ഗോൾഡ്ബർഗ്- പോളിനും ഉള്ളതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സ്ഥിരീകരിച്ചിട്ടുണ്ട്. റഫാ നഗരത്തിലെ ഹമാസിന്റെ സാന്നിധ്യമുണ്ടായിരുന്ന തുരങ്കങ്ങളിൽ നടത്തിയ പരിശോധനയിലാണ് ജീവനറ്റ ശരീരങ്ങൾ ലഭിച്ചത്.
ബന്ദികളെ തിരിച്ചുകൊണ്ടുവരുന്നതിൽ ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പരാജയപ്പെട്ടുവെന്ന ആക്ഷേപം ഇതോടെ ശക്തമായിട്ടുണ്ട്. “നെതന്യാഹു ബന്ദികളുടെ കയ്യൊഴിഞ്ഞുവെന്നത് ഒരു വസ്തുതയായി മാറിയിരിക്കുന്നുവെന്ന് മൃതദേഹങ്ങൾ ലഭിച്ച വിവരം പുറത്തുവന്നതിന് പിന്നാലെ ബന്ദിയാക്കപ്പെട്ടവരുടെയും കാണാതായ കുടുംബങ്ങളുടെയും ഫോറം പ്രസ്താവിച്ചു. ഒപ്പം അടുത്ത ദിവസം മുതൽ ഇസ്രയേലിൽ കടുത്ത പ്രതിഷേധ പ്രകടനങ്ങൾ ഉണ്ടാകുമെന്ന പ്രഖ്യാപനവും അവർ നടത്തിയിട്ടുണ്ട്.
ഹെർഷ് ഗോൾഡൻബർഗിന്റെ മരണം സ്ഥിരീകരിച്ച ബൈഡന്റെ പ്രഖ്യാപനത്തിന് പിന്നാലെ, ഇസ്രയേലി ബന്ദികളിൽ മിക്കവാറും ഹമാസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ചിട്ടുണ്ടാകുമെന്ന അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. ബാക്കിയുള്ള നൂറോളം ബന്ദികളെ ജീവനോടെ തിരികെയെത്തിക്കാൻ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന ആവശ്യവും വീണ്ടും ശക്തമായിട്ടുണ്ട്. ഇക്കഴിഞ്ഞ ആഴ്ചയാണ്, ബന്ദിയാക്കപ്പെട്ട ഒരു ഇസ്രയേലി സൈനികന്റെ ശരീരവും ഗാസയിൽനിന്ന് കണ്ടെടുത്തത്.
മരണവാർത്ത തന്നെ തകർത്തുവെന്നും രോഷാകുലനാക്കുന്നുവെന്നുമായിരുന്നു ജോ ബൈഡന്റെ പ്രതികരണം. മരണത്തിന് കാരണക്കാരായ ഹമാസ് നേതാക്കൾ ഇതിന് മറുപടി പറയേണ്ടി വരും. ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കാനുള്ള കരാറിനായി അശ്രാന്ത പരിശ്രമം തുടരുമെന്നും ബൈഡൻ അറിയിച്ചു. അതേസമയം, വെടിനിർത്തൽ കരാറിന് തടസം സൃഷിടിക്കുന നെതന്യാഹുവിന്റെ മേൽ സമ്മർദ്ദമേറും.
ബന്ദികളുടെ കുടുംബങ്ങൾ വീണ്ടും പ്രതിഷേധവുമായി ഇസ്രയേലി തെരുവുകൾ നിറയുന്നതോടെ നെതന്യാഹുവിന് കാര്യങ്ങൾ കൂടുതൽ ബുദ്ധിമുട്ടേറിയതാകുമെന്നാണ് വിലയിരുത്തൽ. ഗോൾഡൻബെർഗിനെ വിട്ടുകിട്ടാൻ കുടുംബാംഗങ്ങൾ ഫ്രാൻസിസ് മാർപാപ്പ, ജോ ബൈഡൻ തുടങ്ങിയവരുമായി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. വിഷമഘട്ടത്തിൽ കൂടെ നിന്ന എല്ലാവരോടും നന്ദി അറിയിച്ച ഹെർഷ് ഗോൾഡൻബർഗിന്റെ കുടുംബം, മരണവാർത്ത ഹൃദയം നുറുങ്ങുന്ന വേദന ഉണ്ടാക്കിയതായി അറിയിച്ചു.
2023 ഒക്ടോബർ ഏഴിന് ഹമാസ്, ഇസ്രയേലിൽ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ ഏകദേശം 250 പേരെയാണ് ബന്ദികളാക്കി ഗാസയിലേക്ക് തട്ടികൊണ്ടുപോയത്. പിന്നാലെ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മരണസംഖ്യ 40,000 കടന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല