1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 1, 2024

സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികള്‍ക്ക് ബിസിനസുകള്‍ സ്വന്തമാക്കാനോ ബിസിനസ് സംരംഭങ്ങളില്‍ പങ്കാളികളാവാനോ പാടില്ലെന്ന നിയമത്തില്‍ ഇളവ് വരുത്തി കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം. ആര്‍ട്ടിക്കിള്‍ 18 പ്രകാരമുള്ള റസിഡന്‍സിയുള്ള പ്രവാസികള്‍ക്കാണ് ഇളവ് അനുവദിച്ചത്.

അവര്‍ക്കായി മന്ത്രാലയത്തിന്റെ ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ വീണ്ടും തുറക്കുന്നതായി അധികൃതര്‍ പ്രഖ്യാപിച്ചു. മലയാളികള്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസമാവുന്ന തീരുമാനമാണ് ഈ നിയമഭേദഗതിയിലൂടെ കൈവന്നിരിക്കുന്നത്.

ആര്‍ട്ടിക്കിൾ 19 വീസ ഇല്ലാത്ത എല്ലാ പ്രവാസി ജീവനക്കാര്‍ക്കും കമ്പനികളിലും സ്ഥാപനങ്ങളിലും ഉടമസ്ഥതയോ പങ്കാളികളിത്തമോ പാടില്ലെന്നായിരുന്നു കഴിഞ്ഞ മാസം മന്ത്രാലയം ഉത്തരവിട്ടത്. ഇതുപ്രകാരം സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ഉള്‍പ്പെടെ ഈ വിലക്ക് ബാധകമായിരുന്നു. പതിനായിരക്കണക്കിന് പ്രവാസികളെ ബാധിക്കുന്നതായിരുന്നു ഈ തീരുമാനം.

എന്നാല്‍ ആര്‍ട്ടിക്കിള്‍ 20, 22, 24 എന്നീ വിഭാഗം റസിഡന്‍സിക്കു കീഴില്‍ വരുന്നവര്‍ക്ക് മാത്രമായിരിക്കും ഈ വിലക്കെന്ന് പുതിയ ഭേദഗതിയില്‍ മന്ത്രാലയം വ്യക്തമാക്കി. പ്രധാനമായും ഗാര്‍ഹിക ജോലികളുമായി ബന്ധപ്പെട്ടവയാണ് ഈ വീസകള്‍. ഈ വീസക്കാര്‍ക്ക് നിയന്ത്രണം തുടര്‍ന്നും ബാധകമാണെന്ന് മന്ത്രാലയം അറിയിച്ചു. ഈ റെസിഡന്‍സികള്‍ക്ക് കീഴിലുള്ള വീട്ടുജോലിക്കാര്‍ ഒന്നുകില്‍ കമ്പനികളിലെ ഉടമസ്ഥാവകാശം ഒഴിവാക്കുകയോ അല്ലെങ്കില്‍ അവരുടെ റസിഡന്‍സി ആര്‍ട്ടിക്കിള്‍ 19ലേക്കോ 18ലേക്കോ മാറ്റുകയോ ചെയ്യേണ്ടതുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രാലയത്തിന്റെ സംവിധാനങ്ങള്‍ ഈ ആഴ്ച തന്നെ ഒഴിവാക്കപ്പെട്ട പ്രവാസികളുടെ അഭ്യര്‍ത്ഥനകളും നടപടിക്രമങ്ങളും പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രാലയം ഉറവിടങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇത് വീണ്ടും സജീവമാക്കിയാല്‍, ആര്‍ട്ടിക്കിള്‍ 18, 19 റസിഡന്‍സികള്‍ കൈവശമുള്ള സ്ഥാപന ഉടമകള്‍ക്ക് നിരോധനത്തിന് മുമ്പുള്ള പ്രോട്ടോക്കോളുകള്‍ പാലിച്ച്, അവരുടെ സ്റ്റാറ്റസ് പുനസ്ഥാപിക്കാന്‍ കഴിയും. ഇതിനു പുറമെ, ആര്‍ട്ടിക്ക്ള്‍ 18 വീസക്കാര്‍ക്ക് പുതിയ കമ്പനികള്‍ തുടങ്ങാനും നിലവിലെ സ്ഥാപനങ്ങളില്‍ പങ്കാളികളാവാനുമുള്ള പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാനും സാധിക്കും.

പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന്റെ കണക്കുകള്‍ പ്രകാരം, ആര്‍ട്ടിക്കിള്‍ 18 വര്‍ക്ക് പെര്‍മിറ്റ് കൈവശം വച്ചിരിക്കുന്ന സ്വകാര്യ മേഖലയിലെ ഏകദേശം 10,000 പ്രവാസി തൊഴിലാളികള്‍, നിലവിലുള്ള കമ്പനികളുടെ ഏകദേശം 45,000 ലൈസന്‍സുകളില്‍ പങ്കാളികളോ മാനേജിംഗ് പങ്കാളികളോ ആണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.