സ്വന്തം ലേഖകൻ: രണ്ടാം ലോക യുദ്ധത്തിന് ശേഷം ആദ്യമായി ജർമൻ സംസ്ഥാന പാർലമെന്റിൽ ഏറ്റവും വലിയ ശക്തിയായി തീവ്രവലതുപക്ഷം. ഞായറാഴ്ച നടന്ന സംസ്ഥാന പാർലമെന്റ് തിരഞ്ഞെടുപ്പിലാണ് കുടിയേറ്റ വിരുദ്ധരായ ആൾട്ടർനേറ്റിവ് ഫോർ ജർമനി മികച്ച പ്രകടനം കാഴ്ചവച്ചത്. എക്സിറ്റ് പോളുകൾ പ്രകാരം പഴയ കിഴക്കൻ ജർമനിയുടെ ഭാഗമായിരുന്ന തുറുങ്കിയയിൽ ഒന്നാമതും സാക്സോണിയിൽ രണ്ടാമതുമാണ് തീവ്രവലതുപക്ഷം.
നിലവിലെ ജർമൻ ചാൻസലർ ഒലാഫ് ഷോൾസിനോടും അദ്ദേഹത്തിന്റെ മധ്യപക്ഷ പാർട്ടികളോടുമുള്ള വിയോജിപ്പാണ് തിരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കുന്നത്. ആൾട്ടർനേറ്റിവ് ഫോർ ജർമനിക്കു പുറമെ, ഒരിക്കൽ തീവ്രഇടതുപക്ഷ നേതാവായിരുന്ന സാറ വാഗൻകനേകിന്റെ പോപ്പുലിസ്റ്റ് പാർട്ടിയും വലിയ നേട്ടം സ്റ്റേറ്റ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഉണ്ടാക്കിയിട്ടുണ്ട്.
തുറുങ്കിയയിൽ 32.8 ശതമാനം വോട്ടാണ് ആൾട്ടർനേറ്റിവ് ഫോർ ജർമനിക്ക് ലഭിച്ചത്. സാക്സോണിയിൽ രണ്ടാമതുള്ള പാർട്ടി അവിടെ 30.6 ശതമാനം വോട്ടർമാരുടെ പിന്തുണയും കരസ്ഥമാക്കി. ഇവിടെ ലീഡ് ചെയ്യുന്ന കൺസർവേറ്റിവ് പാർട്ടിയായ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ 1.1 ശതമാനം വോട്ടിനാണ് മുന്നിലുള്ളത്.
ജർമൻ ജനാധിപത്യത്തിനു ഭീഷണിയെന്ന് കരുതപ്പെട്ടിരുന്ന പാർട്ടിയാണ് 2013ൽ സ്ഥാപിതമായ ആൾട്ടർനേറ്റിവ് ഫോർ ജർമനി. 2025ൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുറത്തുവരുന്ന ഫലങ്ങൾ ഒലാഫ് ഷോൾസിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്.
രണ്ട് സംസ്ഥാനങ്ങളിലും ഒറ്റയക്ക വോട്ട് ശതമാനം നേടാൻ മാത്രമേ ഷോൾസിൻ്റെ നേതൃത്വത്തിലുള്ള മധ്യ-ഇടത് കക്ഷികൾക്കു ലഭിച്ചിട്ടുള്ളൂ. ഇങ്ങനെയൊരു ഫലം മാസങ്ങൾക്ക് മുൻപ് പ്രവചിക്കപ്പെട്ടിരുന്നെങ്കിലും ഒരു തിരിച്ചുവരവ് സാധ്യമാക്കാൻ ഇക്കൂട്ടർക്ക് കഴിഞ്ഞിട്ടില്ലെന്നതാണ് എക്സിറ്റ് പോളുകൾ തെളിയിക്കുന്നത്.
ഒരുപാർട്ടിക്കും കൃത്യമായ ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കാത്ത നിലയാണ് ഇരുസംസ്ഥാനങ്ങളിലുമുള്ളത്. അതുകൊണ്ടുതന്നെ സാക്സോണിയിൽ 11.8 ശതമാനവും തുറുങ്കിയയിൽ 15.8 ശതമാനവും വോട്ട് പ്രവചിക്കപ്പടുന്ന സാറ വാഗൻകനേക്റ്റിൻറെ ‘വാഗൻകനേക്റ്റ് അലയൻസ്’ സർക്കാർ രൂപീകരണത്തിൽ പ്രധാന വാക്കാകും. വെറും എട്ടുമാസം മാത്രം പ്രായമുള്ള പാർട്ടിയാണ് സാറാ വാഗൻകനേക്റ്റിൻറേത്.
കമ്യൂണിസ്റ്റ് ഭരണത്തിലുണ്ടായിരുന്ന കിഴക്കൻ ജർമനിയിൽ തീവ്രവലതുപക്ഷം നേടുന്ന വിജയത്തെ ആശങ്കയോടെയാണ് യുറോപ്പിലൊട്ടാകെയുള്ള ജനാധിപത്യവിശ്വാസികൾ നോക്കികാണുന്നത്. യൂറോപ് വിരുദ്ധ പാർട്ടിയായി 2013ൽ സ്ഥാപിതമായ ആൾട്ടർനേറ്റിവ് ഫോർ ജർമനി ക്രമേണ തീവ്രവലതുപക്ഷ സ്വഭാവം കൈവരിക്കുകയായിരുന്നു.
കടുത്ത കുടിയേറ്റ വിരുദ്ധത, വംശീയത ബോധം എന്നിവയിൽ അടിസ്ഥാനപ്പെടുത്തിയിരിക്കുന്ന പാർട്ടിയെ നയിക്കുന്നത് ബിയാൺ ഹൊക്കെയാണ്. നാസി മുദ്രാവാക്യം ഉപയോഗിച്ചത് ഉൾപ്പെടെയുള്ള വിവാദങ്ങളിൽ പെട്ട നേതാവാണ് അദ്ദേഹം.
ബെർലിൻ മതിലിന്റെ തകർച്ചയ്ക്കും ജർമനിയുടെ പുനരേകീകരണത്തിനും ശേഷം, മൂന്ന് പതിറ്റാണ്ടിലേറെയായി തുടരുന്ന മുഖ്യധാരാ രാഷ്ട്രീയത്തിൽ ജനങ്ങൾ നിരാശരാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ജർമനിയിലേക്കുണ്ടായ കുടിയേറ്റവും രാജ്യത്ത് നിലനിൽക്കുന്ന സാമ്പത്തിക പ്രശ്നങ്ങളുമെല്ലാമാണ് തീവ്രവലതുപക്ഷത്തിന് വഴിയൊരുക്കുന്നത്. ജർമനിയിൽ വർധിച്ചുവരുന്ന ഭീകരാക്രമണങ്ങളും ഒരു ഘടകമാണ്.
മുസ്ലിം വിരുദ്ധരായ ആൾട്ടർനേറ്റിവ് ഫോർ ജർമനി ഈ പ്രശ്നങ്ങൾ മുതലെടുത്താണ് തിരഞ്ഞെടുപ്പിൽ മുന്നേറുന്നത്. സെപ്റ്റംബർ 22ന് വോട്ടെടുപ്പ് നടക്കുന്ന ബ്രാൻഡൻബർഗിലും തിരഞ്ഞെടുപ്പ് ഫലങ്ങൾ തീവ്രവലതുപക്ഷത്തിന് അനുകൂലമായേക്കുമെന്നാണ് സർവേ ഫലങ്ങൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല