സ്വന്തം ലേഖകൻ: നിയമവിരുദ്ധമായി യുഎഇയില്‍ കഴിയുന്ന പ്രവാസികള്‍ക്ക് പൊതുമാപ്പിന് ശേഷം ഇനിയെന്ത് എന്ന ടെന്‍ഷന്‍ വേണ്ട. പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ ശേഷം താമസം നിയമവിധേയമാക്കി രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്ത് രംഗത്തുവന്നിരിക്കുകയാണ് യുഎഇയിലെ നിരവധി കമ്പനികളും സ്ഥാപനങ്ങളും.
സെപ്റ്റംബര്‍ രണ്ടിന് ആരംഭിച്ച പൊതുമാപ്പ് പദ്ധതിയെ പിന്തുണയ്ക്കുന്നതിലൂടെ പരിചയ സമ്പന്നരായ ജീവനക്കാരെ ലഭിക്കുമെന്നതിനാലാണ് പൊതുമാപ്പ് കേന്ദ്രങ്ങളില്‍ നേരിട്ടെത്തി കമ്പനികള്‍ തൊഴിലുകള്‍ വാഗ്ദാനം ചെയ്യുന്നത്. ദുബായ് അല്‍ അവീറിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആര്‍എഫ്എ) കേന്ദ്രത്തിലൊരുക്കിയ പ്രത്യേക ടെന്റില്‍ സ്‌പോട്ട് ഇന്റര്‍വ്യൂവുമായി നിരവധി കമ്പനികളാണ് എത്തിയത്.
വീസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങുകയായിരുന്ന പ്രവാസികള്‍ക്ക് ഈ കമ്പനികള്‍ ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നതായി അധികൃതര്‍ അറിയിച്ചു. അവരുടെ സ്റ്റാറ്റസ് ക്രമീകരിച്ചതിന് ശേഷം അവര്‍ക്ക് യുഎഇയില്‍ ജീവിതം കെട്ടിപ്പടുക്കാനുള്ള രണ്ടാമത്തെ അവസരമാണ് ഇതിലൂടെ ലഭിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.
നേരത്തേ തൊഴില്‍ വീസയില്‍ യുഎഇയില്‍ ജോലി ചെയ്ത ശേഷം കോവിഡ് പോലുള്ള പ്രതിസന്ധിയെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ഇതൊരു സുവര്‍ണാവസരമാണ്. എന്നു മാത്രമല്ല, വീസിറ്റ് വീസയിലും ടൂറിസ്റ്റ് വീസയിലും മറ്റും രാജ്യത്ത് ജോലി തേടിയെത്തിയ ശേഷം നിയമവിരുദ്ധമായി രാജ്യത്ത് തങ്ങാന്‍ നിര്‍ബന്ധിതരായവര്‍ക്കും പുതിയ തൊഴില്‍ കണ്ടെത്താനുള്ള അവസരമാണിത്.
യുഎഇയിലെ പ്രമുഖ ഹ്യൂമണ്‍ റിസോഴ്‌സ് ദാതാക്കളായ ട്രാന്‍സ്ഗാര്‍ഡ് ഗ്രൂപ്പാണ് ഇതിന് മുന്‍കൈ എടുത്തിരിക്കുന്നത്. ‘ഈ ദേശീയ ദൗത്യത്തില്‍ പങ്കെടുക്കുന്ന ആദ്യത്തെ കമ്പനികളില്‍ ഒന്നാണ് തങ്ങളെന്ന് ട്രാന്‍സ്ഗാര്‍ഡ് ഗ്രൂപ്പിന്റെ സിഇഒ റാബി അതിഹ് പറഞ്ഞു. പൊതുമാപ്പ് കാലയളവിന്റെ അടുത്ത രണ്ട് മാസങ്ങളില്‍ വിവിധ വ്യവസായങ്ങളില്‍ കഴിയുന്നത്ര വിദഗ്ധ തൊഴിലാളികളെ നിയമിക്കാനാണ് ഇതിലൂടെ തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിര്‍മ്മാണ ജോലികള്‍ മുതല്‍ ശുചീകരണ ജോലികള്‍ വരെയുള്ള എല്ലാ മേഖലകളിലും സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനമാണ് ട്രാന്‍സ്ഗാര്‍ഡ് ഗ്രൂപ്പ് എന്നതിനാല്‍, യുഎഇയില്‍ ആയിരക്കണക്കിന് അര്‍ദ്ധ വിദഗ്ധ തൊഴിലാളികളെ നിയമിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതൊരു റിക്രൂട്ട്‌മെന്റ് ദൗത്യം മാത്രമല്ലെന്നും യുഎഇയുടെ പൊതുമാപ്പ് സംരംഭത്തെ പിന്തുണയ്ക്കുന്നതിനുള്ള ഒരു ഉദ്യമം കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുമാപ്പ് കഴിയുന്നതു വരെ റിക്രൂട്ട്‌മെന്റ് നടപടികള്‍ തുടരാനാണ് കമ്പനിയുടെ തീരുമാനം.
യുഎഇയിലെ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ ശോഭ ഡെവലപ്പേഴ്സും പൊതുമാപ്പ് പദ്ധതിയില്‍ തൊഴില്‍ വാഗ്ദാനവുമായി രംഗത്തുണ്ട്. ഗ്രൂപ്പിന്റെ യുഎഇയിലെ 18-ലധികം പ്രോജക്റ്റുകളിലേക്കായി 18,000 മുതല്‍ 20,000 വരെ ആളുകളെ ആവശ്യമുണ്ടെന്നും പൊതുമാപ്പ് വഴി താമസം ക്രമപ്പെടുത്തി രാജ്യത്ത് തുടരാന്‍ താല്‍പര്യമുള്ളവര്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്യാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്നും ശോഭ ഡെവലപ്പേഴ്സിന്റെ ടാലന്റ് അക്വീസിഷന്‍ മേധാവി സമീര്‍ ഫരീദ് പറഞ്ഞു. വിദഗ്ധരും അവിദഗ്ധരുമായ തൊഴിലാളികളെ മാത്രമല്ല, എക്‌സിക്യൂട്ടീവ് ജോലികളിലേക്കും തങ്ങള്‍ക്ക് ആളുകളെ ആവശ്യമുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ശരിയായ രേഖകളുള്ള തൊഴിലാളികളെ സ്വന്തമാക്കാന്‍ യുഎഇ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത് പൊതുമാപ്പ് പദ്ധതിയിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്‌പോട്ട് ഇന്റര്‍വ്യൂവില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അവിടെ വച്ച് തന്നെ ഓഫര്‍ ലെറ്റര്‍ നല്‍കുന്ന രീതിയിലാണ് ശോഭ ഡെവലപ്പേഴ്‌സ് കാര്യങ്ങള്‍ ചെയ്തിരിക്കുന്നത്. അഞ്ച് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ വീസകള്‍ പ്രോസസ്സ് ചെയ്ത് അടുത്ത ആഴ്ച തന്നെ ജോലി ആരംഭിക്കാന്‍ കഴിയുന്ന രീതിയില്‍ കാര്യങ്ങള്‍ സജ്ജമാണെന്നും ഫരീദ് പറഞ്ഞു.
യുഎഇയിലെ പാക്കേജിംഗ് മെറ്റീരിയലുകളുടെ നിര്‍മ്മാതാക്കളായ ഹോട്ട്പാക്കും ഈ സംരംഭത്തില്‍ പങ്കുചേരുന്നുണ്ട്. അതിന്റെ ഫാക്ടറികളിലുടനീളം നിരവധി തൊഴിലവസരങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. വിവിധ തസ്തികകളിലേക്ക് വിദഗ്ധരും അവിദഗ്ധരുമായ തൊഴിലാളികളെയാണ് കമ്പനി തേടുന്നതെന്ന് ഹോട്ട്പാക്കിലെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മുജീബ് റഹ്മാന്‍ പറഞ്ഞു.
സാധാരണ ജോലിക്കാരെ കൂടാതെ മെഷീന്‍ ഓപ്പറേറ്റര്‍മാര്‍, ടെക്നിക്കല്‍ സപ്പോര്‍ട്ട് ജീവനക്കാര്‍, ഇലക്ട്രീഷ്യന്‍ തുടങ്ങിയ വിദഗ്ധ തൊഴിലാളികളുടെ നൂറുകണക്കിന് ഒഴിവുകളുണ്ടെന്നും പൊതുമാപ്പ് കാലാവധിയിലെ ആദ്യത്തെ 30 ദിവസം റിക്രൂട്ട്‌മെന്റ് നടപടികളുമായി തങ്ങളുണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു. ആദ്യ ദിവസം തന്നെ നിരവധി മികച്ച ജീവനക്കാരെ തങ്ങള്‍ക്ക് കണ്ടെത്താനായതായും വരുംദിവസങ്ങളിലും ഇത് തുടരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല