സ്വന്തം ലേഖകൻ: പൊതുമാപ്പിന് അപേക്ഷിക്കുമ്പോള്‍തന്നെ ആ വ്യക്തിയുടെ പേരിലുള്ള എല്ലാപിഴകളും പൂര്‍ണമായും ഒഴിവാക്കുമെന്ന് താമസ, കുടിയേറ്റ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി പറഞ്ഞു. പൊതുമാപ്പ് നടപടിക്രമങ്ങള്‍ കഴിയുന്നത്ര എളുപ്പമാക്കാനാണ് ശ്രമം.
പിഴകള്‍ വേഗത്തില്‍ ഒഴിവാക്കി നല്‍കുന്നത് കൂടുതല്‍ അപേക്ഷകരെ മുന്നോട്ടുവരാന്‍ പ്രോത്സാഹിപ്പിക്കും. എല്ലാവര്ക്കും ജീവിതത്തില്‍ പുതിയൊരു തുടക്കം നല്‍കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ചൊവ്വാഴ്ച മാധ്യമങ്ങള്‍ക്ക് നല്കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
പൊതുമാപ്പിന്റെ രണ്ടാംദിനവും ഒട്ടേറെപ്പേര്‍ ദുബായ് അല്‍ അവീറിലെ കേന്ദ്രത്തില്‍ അപേക്ഷ നല്‍കാനെത്തി. ആദ്യദിനം ആയിരത്തോളം പേര് അപേക്ഷ നല്‍കിയിരുന്നു. അടുത്തമാസം 31 വരെ രണ്ടുമാസമാണ് പൊതുമാപ്പ്. ദുബായിലുടനീളമുള്ള 86 ആമര്‍ സെന്ററുകളിലും പൊതുമാപ്പിന് അപേക്ഷിക്കാം. ടോള്‍ ഫ്രീ- 8005111
പാസ്പോര്‍ട്ട് നഷ്ടപ്പെട്ട അബുദാബിയിലെ പൊതുമാപ്പ് അപേക്ഷകര്‍ എക്സിക്യുട്ടീവ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സുമായി ബന്ധപ്പെട്ട് സ്മാര്‍ട്ട് സംവിധാനംവഴി അപേക്ഷനല്‍കണമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐ.സി.പി.) അധികൃതര്‍ വ്യക്തമാക്കി.
തുടര്‍ന്ന് അപേക്ഷകന് റെസിഡന്‍സി വിശദാംശങ്ങളുടെ ഒരു പകര്‍പ്പും യാത്രാരേഖകള്‍ ലഭിക്കുന്നതിന് പാസ്പോര്‍ട്ട് നഷ്ടപ്പെട്ടതായി കാണിക്കുന്ന ഒരു സര്‍ട്ടിഫിക്കറ്റും ലഭിക്കും.
ഇതുമായി അതത് എംബസികളിലോ കോണ്‍സുലേറ്റിലോ ചെന്നാല്‍ താത്കാലിക പാസ്പോര്‍ട്ട് ലഭിക്കും. മറ്റ് എമിറേറ്റുകളിലെ പാസ്പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ ആദ്യം പോലീസ് ആസ്ഥാനത്ത് വിവരം റിപ്പോര്‍ട്ട് ചെയ്യണം. അതിനുശേഷം യാത്രാരേഖകള്ക്കോ പുതിയ പാസ്പോര്‍ട്ടിനോ വേണ്ടി എംബസിയോ കോണ്‍സുലേറ്റോ സന്ദര്‍ശിക്കണം.
കുട്ടികള്‍ക്കാണ് ഇത്തരം ആവശ്യങ്ങളെങ്കില്‍ രക്ഷിതാക്കള്‍ യാത്രാരേഖയ്ക്കായി അപേക്ഷിക്കണം. പിന്നീട് ഔട്ട്പാസ് ലഭിക്കാന്‍ പൊതുമാപ്പ് കേന്ദ്രത്തില്‍ നേരിട്ട് പോവുകയോ ഓണ്‍ലൈനായി അപേക്ഷിക്കുകയോ ചെയ്യണം.
ഏജന്റുമാരുടെ ചതിയില്‍പ്പെട്ട മലയാളികള്‍ക്ക് കേരളത്തില്‍ എന്‍.ആര്.ഐ. കമ്മിഷനുമുന്നില്‍ പരാതി സമര്‍പ്പിക്കാം. സന്ദര്‍ശകവീസയിലെത്തി വാഗ്ദാനം ചെയ്ത ജോലികിട്ടാതെ അനധികൃത താമസക്കാരായവര്‍ യു.എ.ഇ. പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലെത്തി പരാതി നല്‍കണം.
യു.എ.ഇ.യില്‍ സന്ദര്‍ശകവീസയിലെത്തി അനധികൃത താമസക്കാരായവര്‍ പൊതുമാപ്പില്‍ തൊഴില്വീസയിലേക്ക് മാറാനോ അല്ലാത്തപക്ഷം കേരളത്തില്‍ തിരിച്ചെത്താനോ ശ്രമിക്കണമെന്ന് എന്‍.ആര്.ഐ. കമ്മിഷന് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല