1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 3, 2024

സ്വന്തം ലേഖകൻ: ബാങ്ക് അക്കൗണ്ടുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ തടയുവാന്‍ ഉന്നം വച്ചുള്ള പുതിയ നിയമം അനുസരിച്ച് ഇനി മുതല്‍ ബാങ്കുകള്‍ക്ക് പേയ്മെന്റുകള്‍ നാല് ദിവസം വരെ മരവിപ്പിക്കാനുള്ള അധികാരം ലഭിക്കും എന്ന് ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓഥറൈസ്ഡ് പുഷ് പെയ്‌മെന്റ്‌സ് അഥവാ എ പി പി തട്ടിപ്പുകള്‍ക്ക് ഇരയായവര്‍ക്കെല്ലാം ബാങ്കുകള്‍ പണം മടക്കി നല്‍കേണ്ടുന്ന ഒക്ടോബര്‍ ഏഴിന് മുന്‍പായി ഈ നിയമം ആവിഷ്‌കരിക്കും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 460 മില്യണ്‍ പൗണ്ടാണ് ഇത്തരത്തില്‍ തട്ടിക്കപ്പെട്ടത്.

നിലവില്‍, ഒരു ഉപഭോക്താവ് അംഗീകാരം നല്‍കിയ പെയ്‌മെന്റ് നടത്താന്‍ ബാങ്കുകള്‍ക്ക് 24 മണിക്കൂര്‍ നേരത്തെ സമയ പരിധിയാണുള്ളത്. ഈ സമയത്തിനുള്ളില്‍ വേണം ബാങ്കുകള്‍, ഇതുമായി ബന്ധപ്പെട്ട നിജസ്ഥിതി അന്വേഷിച്ചറിയുവാന്‍. നേരത്തെ ജനുവരിയില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കൊണ്ടു വരികയും ലേബര്‍ പാര്‍ട്ടി പിന്താങ്ങുകയും ചെയ്ത ഈ ബില്‍ വരുന്ന ശരത്ക്കാല സമ്മേളനത്തില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് ധനകാര്യ വകുപ്പ് അറിയിച്ചു.

പേയ്‌മെന്റ് സര്‍വ്വീസ് ദായകര്‍ക്ക്, ഉപഭോക്താക്കള്‍ അനുമതി നല്‍കിയ പെയ്‌മെന്റുകളില്‍, തട്ടിപ്പ് എന്ന് സംശയിക്കാന്‍ തക്ക കാരണങ്ങള്‍ ഉണ്ടെങ്കില്‍ അത് അന്വേഷിക്കുവാന്‍ നാല് ദിവസത്തെ സാവകാശം പുതിയ നിയമപ്രകാരം ലഭിക്കും. അന്വേഷിച്ച് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം പേയ്‌മെന്റ് നല്‍കിയാല്‍ മതിയാകും. എന്നാല്‍, ഉപഭോക്താവിന്റെ സാധാരണ സാമ്പത്തിക വിക്രയത്തിന് പുറത്തുള്ള പേയ്‌മെന്റുകളില്‍ മാത്രമെ ഇത് ചെയ്യാവൂ. അതുപോലെ തട്ടിപ്പാണെന്ന് സംശയിക്കത്തക്ക തെളിവുകളും ആവശ്യമാണ്.

ഈ നിയമം ആദ്യമായി അവതരിപ്പിച്ചപ്പോള്‍ അന്നത്തെ സിറ്റി മിനിസ്റ്റര്‍ ബിം അഫോലാമി പറഞ്ഞത് തട്ടിപ്പുകളെ നേരിടാന്‍ തങ്ങളുടെ കൈവശം ഒരു ആയുധം കൂടി തയ്യാറാവുകയാണ് എന്നായിരുന്നു. എന്നാല്‍, പല സന്ദര്‍ഭങ്ങളിലും ഈ നിയമം ചുവപ്പ് നാടക്ക് കാരണമായേക്കാം എന്ന് ചില നിയമജ്ഞര്‍ അന്ന് ചൂണ്ടിക്കാണിച്ചിരുന്നു. പേയ്‌മെന്റ് അനുമതിയില്‍ അസാധാരണമായി എന്തെങ്കിലും ഉണ്ടോ എന്ന് എളുപ്പത്തില്‍ കണ്ടെത്താന്‍ മറ്റ് നിരവധി വഴികളുണ്ടെന്നും അന്ന് അവര്‍ പറഞ്ഞിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.