സ്വന്തം ലേഖകൻ: പീഡന ആരോപണങ്ങൾ നിഷേധിച്ച് നടൻ നിവിൻ പോളി. അടിസ്ഥാന രഹിതവും ദുരുദ്ദേശപരവുമായ ആരോപണമാണ് തനിക്കെതിരെ ഉയർന്നതെന്ന് നിവിൻ പോളി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെ ആരോപണം നിഷേധിച്ചതിന് പിന്നാലെയാണ് നടന്റെ പ്രതികരണം.
“മാധ്യമങ്ങളിലൂടെയാണ് വാർത്ത അറിയുന്നത്. പെൺകുട്ടിയെ അറിയില്ല, കണ്ടിട്ടുമില്ല. തെറ്റു ചെയ്തിട്ടില്ലെന്ന് നൂറു ശതമാനം ബോധ്യമുള്ളതു കൊണ്ടാണ് ഇന്നുതന്നെ മാധ്യമങ്ങളെ കണ്ടത്. സത്യം തെളിയിക്കാൻ വേണ്ടി എല്ലാ വഴികളും നോക്കും. ഇവിടെ എല്ലാവർക്കും ജീവിക്കണമല്ലോ, നാളെ മുതൽ ആർക്ക് എതിരെ വേണമെങ്കിലും ഇത്തരം വ്യാജ ആരോപണം വരാം.
ഏതു ശാസ്ത്രീയമായ അന്വേഷണത്തിനും സഹകരിക്കും. എനിക്ക് വേണ്ടി ഞാൻ മാത്രമേ സംസാരിക്കാനുള്ളൂ. ഒന്നര മാസം മുൻപാണ് ഊന്നുകൽ പൊലീസ് സ്റ്റേഷനിൽ നിന്നും വിളിച്ചത്. എനിക്കറിയില്ല എന്ന് പറഞ്ഞതും ഇതിൽ വാസ്തവമില്ല എന്ന് കണ്ടെത്തി ക്ലോസ് ചെയ്തതാണ്. ഇതിനു വലിയ പ്രസക്തിയില്ല അത് കൊണ്ട് വിട്ടേക്കൂ എന്ന് നിയമോപദേശവും ലഭിച്ചു. ആരോപണത്തിനു പിന്നിൽ ഗൂഡാലോചന ഉണ്ടാകുമെന്നാണ് വിശ്വസിക്കുന്നത്. ആദ്യം ഫോണിൽ വിളിച്ചാണ് പൊലീസ് വിവരങ്ങൾ തിരക്കിയത്. സത്യം ബോധ്യപ്പെട്ടതോടെ പൊലീസ് കേസ് അവസാനിപ്പിക്കുകയായിരുന്നു,” നിവിൻ പോളി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സത്യം തെളിയിക്കാൻ ഏതറ്റംവരെയും പോകുമെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെ താരം നേരത്തെ പറഞ്ഞിരുന്നു . “എന്റെ പേരിൽ പ്രചരിക്കുന്ന ഒരു വ്യാജ പീഡന വാർത്ത ശ്രദ്ധയിൽ പെട്ടതിന്റെ പേരിലാണ് ഈ കുറിപ്പ്. ഈ വാർത്ത തികച്ചും അടിസ്ഥാന രഹിതവും ദുരുദ്ദേശപരവുമാണ്. ഇതിന്റെ പുറകിൽ പ്രവർത്തിച്ചവരെ നിയമത്തിൻ്റെ മുന്നിൽ കൊണ്ട് വരാൻ ഞാൻ ഏതറ്റം വരെയും പോകുന്നതായിരിക്കും. എന്നെ മനസ്സിലാക്കി കൊണ്ടുള്ള നിങ്ങളുടെ ഓരോരുത്തരുടെയും ഫോൺ വിളികൾക്കും മെസ്സേജുകൾക്കും നന്ദി. സത്യം ജയിക്കട്ടെ,”- നിവിൻ പോളി.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചുവെന്നാണ് നേര്യമംഗലം സ്വദേശിയായ യുവതി പൊലീസിൽ പരാതി നൽകിയത്. എറണാകുളം ഊന്നുകൽ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നിവിൻ പോളിയും സിനിമാ നിർമ്മാതാവും ഉൾപ്പെടെ ആറു പേർക്കെതിരായാണ് കേസെടുത്തിരിക്കുന്നത്. ആറാം പ്രതിയാണ് നിവിൻ പോളി.
നടനും മറ്റു പ്രതികളും ചേർന്ന ദുബായിൽ വച്ചു പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. 2023 നവംബറിലാണ് കേസിനാധാരമായ സംഭവം. ഹോട്ടൽ മുറിയിലും അപ്പാർട്മെന്റിലും എത്തിച്ച് പീഡിപ്പിച്ചതായി യുവതി പൊലീസിനോട് പറഞ്ഞു. ജോലിക്കായി ദുബായിലെത്തിയ യുവതിയെ മറ്റൊരു യുവതിയാണ് സിനിമ പ്രവർത്തകർക്ക് പരിചയപ്പെടുത്തിയതെന്നാണ് പരാതി. ഇവരെയാണ് കേസിൽ ഒന്നാം പ്രതിയാക്കിയിരിക്കുന്നത്.
അതേസമയം,തന്നെ അറിയില്ലെന്ന നിവിൻ പോളിയുടെ വാദം കള്ളമെന്ന് പരാതിക്കാരി. നിർമാതാവ് എ കെ സുനിലാണ് നിവിനെ പരിചയപ്പെടുത്തിയത്. മയക്കുമരുന്ന് നൽകി ദിവസങ്ങളോളം പീഡിപ്പിച്ചെന്നും പരാതിക്കാരി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ദുബൈയിൽ വെച്ചാണ് അതിക്രമം ഉണ്ടായത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്താണ് പീഡിപ്പിച്ചത്. നേരത്തെ പരാതി നൽകിയതാണ്. ലോക്കൽ പൊലീസ് അന്വേഷിച്ചിട്ട് നടപടി ഉണ്ടായില്ല.
പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിൽ ആറാം പ്രതിയാക്കിയാണ് നടൻ നിവിൻ പോളിക്കെതിരെ കേസെടുത്തിരിക്കുന്നത്. അവസരം വാഗ്ദാനം ചെയ്ത് ദുബായിൽ വച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. നിർമാതാവ് എ കെ സുനിൽ അടക്കം കേസിൽ ആറ് പ്രതികളാണുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല