സ്വന്തം ലേഖകൻ: ദ്വിരാഷ്ട്രസന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച സിങ്കപ്പൂരിലെത്തി. ബ്രൂണൈ സന്ദർശനത്തിന് ശേഷം സിങ്കപ്പൂരിലെത്തിയ പ്രധാനമന്ത്രിയെ ഇന്ത്യൻ ഹൈക്കമ്മിഷണർ ശിൽപക് ആംബുലെ, ഇന്ത്യയിലെ സിങ്കപ്പൂർ ഹൈക്കമ്മിഷണർ സൈമൺ വോങ് എന്നിവർ ചേർന്ന് സ്വീകരിച്ചു. രാജ്യത്തെ ഇന്ത്യൻ പ്രവാസികളും പ്രധാനമന്ത്രിയെ വരവേറ്റു.
സിങ്കപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങിന്റെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദർശനം. അദ്ദേഹവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തെക്കുറിച്ച് നേതാക്കൾ ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ട്. ആഗോള വിഷയങ്ങളിലെ കാഴ്ചപ്പാടുകളും പങ്കുവയ്ക്കും. കൂടാതെ, പ്രസിഡന്റ് തർമൻ ഷൺമുഗരത്നവുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
ബ്രൂണൈ സന്ദർശനത്തിന് ശേഷമാണ് പ്രധാനമന്ത്രി ബുധനാഴ്ച സിങ്കപ്പൂരിലെത്തിയത്. ഇരുരാജ്യവും നയതന്ത്രബന്ധത്തിന്റെ 40-ാം വാർഷികം ആഘോഷിക്കുകയാണെങ്കിലും ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ബ്രൂണൈ സന്ദർശിക്കുന്നത്. ഇന്ത്യയുടെ ‘ആക്ട് ഈസ്റ്റ്’ നയത്തിൽ ഇരുരാജ്യവും സുപ്രധാനപങ്കാളികളാണെന്നും തൻറെ സന്ദർശനങ്ങൾ ബ്രൂണൈയുമായും സിങ്കപ്പൂരുമായുമുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുമെന്നും മോദി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല