1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 4, 2024

സ്വന്തം ലേഖകൻ: അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന സൗദിയിലെ ഡിജിറ്റൽ പണമിടപാട് രംഗത്തേക്ക് ആഗോള ടെക്‌നോളജി കമ്പനിയായ സാംസങ് പേയും എത്തുന്നു. ഈ വർഷം അവസാന പാദത്തോടെ സാംസങ് പേ സേവനം സൗദിയിൽ ലഭ്യമാക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സൗദി ദേശീയ ബാങ്ക് അഥവാ സാമയും സാംസങ് കമ്പനിയുമായി കരാറിൽ ഒപ്പുവെച്ചതായി സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

റിയാദിൽ നടന്നുവരുന്ന 24-ാമത് ഫിൻടെക് കോൺഫറൻസിലാണ് ഇതുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പിട്ടതെന്നും അധികൃതർ അറിയിച്ചു. രാജ്യത്തെ ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച ഡിജിറ്റൽ പേയ്‌മെന്റ് സേവനം ലഭ്യമാക്കുന്നതിനും അവയെ വൈവിധ്യവൽക്കരിക്കുന്നതിനുമുള്ള സൗദിയുടെ ശ്രമത്തിന്റെ ഭാഗമായാണ് കരാറെന്ന് സൗദി നാഷനൽ ബാങ്ക് അധികൃതർ അറിയിച്ചു.

ആപ്പിൾ പേക്ക് സമാനമായ രീതിയിൽ സാംസങ് വാലറ്റ് ആപ്ലിക്കേഷൻ വഴി ഡിജിറ്റൽ പേയ്‌മെന്റ് കാർഡുകൾ സംരക്ഷിക്കുകയും പണമിടപാടുകൾ നടത്തുകയും ചെയ്യാനുള്ള സൗകര്യമാണ് ഇതുവഴി ലഭിക്കുക. സൗദി വിഷൻ 2030 ന്റെ പ്രധാന ഊന്നലുകളിൽ ഒന്നായ സാമ്പത്തിക മേഖല വികസന പരിപാടിയുടെ ലക്ഷ്യങ്ങളുമായി യോജിപ്പിച്ച്, രാജ്യത്തെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള സൗദിയുടെ തുടർച്ചയായ ശ്രമങ്ങളെ ഈ നടപടി സ്ഥിരീകരിക്കുന്നുവെന്നും സെൻട്രൽ ബാങ്ക് പ്രസ്താവനയിൽ വിശദീകരിച്ചു.

സൗദി ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം വിപുലവും സുരക്ഷിതവുമായ പേയ്മെന്റ് അനുഭവാണ് സാംസങ് പേയിലൂടെ ലഭിക്കുകയെന്ന് സാംസങ് അധികൃതരും വ്യക്തമാക്കി. രാജ്യത്തുടനീളം ഫിൻടെക് സൊല്യൂഷനുകളുടെ ഉപയോഗം വിപുലീകരിക്കുകയും ഡിജിറ്റൽ സാമ്പത്തിക മേഖലയെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്ന സൗദി സെൻട്രൽ ബാങ്കിന്റെ തന്ത്രത്തിന്റെ ഭാഗമാണ് കരാർ.

ദേശീയ പേയ്മെന്റ് സംവിധാനമായ ‘മാദ’ വഴി ശക്തമായ ഡിജിറ്റൽ പേയ്മെന്റ് ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുന്നത് തുടരാനുള്ള സെൻട്രൽ ബാങ്കിന്റെ പ്രതിബദ്ധതയാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നത്. അതുവഴി അന്താരാഷ്ട്ര നിലവാരവുമായി പൊരുത്തപ്പെടുന്ന വിപുലമായ ഡിജിറ്റൽ പേയ്മെന്റ് സൊല്യൂഷനുകൾ നൽകുകയും പണത്തെ ആശ്രയിക്കുന്നത് പരമാവധി കുറച്ചു കൊണ്ടുവരികയുമാണ് ലക്ഷ്യമിടുന്നതെന്നും അധികൃതർ അറിയിച്ചു.

സാംസങ് പേ സേവനം സൗദിയിൽ ആരംഭിക്കുന്നതോടെ വിപണി ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഫിൻടെക്കിലെ ആഗോള പയനിയർ എന്ന നിലയിൽ സൗദി അറേബ്യയുടെ സ്ഥാനം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള സാങ്കേതിക നവീകരണങ്ങൾ കൂടുതൽ മുന്നോട്ടുപോകുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.