1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 4, 2024

സ്വന്തം ലേഖകൻ: ബ്രിട്ടനിലെ ലെസ്റ്ററിൽ തദ്ദേശീയരായ കുട്ടികളുടെ അക്രമണത്തില്‍ കൊല്ലപ്പെട്ട് 80 വയസ്സുകാരനായ ഇന്ത്യന്‍ വംശജന്‍. വീടിന് തൊട്ടടുത്തുള്ള പാര്‍ക്കില്‍ തന്‍റെ നായയ്‌ക്കൊപ്പം നടക്കാനിറങ്ങിയ ഭീം സെന്‍ കോലിയെയാണ് അഞ്ച് കൗമാരക്കാര്‍ ചേര്‍ന്ന് കല്ലെറിഞ്ഞ് കൊന്നത്. ലെസ്റ്ററിലെ ബ്രൗണ്‍സ്റ്റോണ്‍ ടൗണിലെ ഫ്രാങ്ക്‌ളിന്‍ പാര്‍ക്കില്‍ വെച്ചാണ് ഒരു സംഘം കുട്ടികൾ ഭീം സെന്‍ കോലിയെ ആക്രമിച്ചത്. ഞായറാഴ്ച വൈകുന്നേരം നടന്ന അക്രമത്തിന് ശേഷം ആശുപത്രിയിലായിരുന്ന കോലി ഇന്നലെ രാത്രി മരണത്തിന് കീഴടങ്ങി.

അഞ്ച് കുട്ടികളാണ് സംഭവത്തില്‍ അറസ്റ്റിലായതെന്ന് ലെസ്റ്റര്‍ഷയര്‍ പൊലീസ് സ്ഥിരീകരിച്ചു. 14 വയസ്സ് വീതം പ്രായമുള്ള ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും പുറമെ 12 വയസ്സുള്ള രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും കൊലപാതകത്തില്‍ അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതായി പൊലീസ് വ്യക്തമാക്കുന്നു. എന്നാല്‍ 14 വയസ്സുള്ള ആണ്‍കുട്ടി ഒഴികെ മറ്റുള്ളവരെ വിട്ടയച്ചതായി അധികൃതര്‍ പിന്നീട് വെളിപ്പെടുത്തി. കല്ലേറില്‍ കഴുത്തിനേറ്റ പരുക്ക് മൂലമാണ് ഇന്ത്യന്‍ വംശജന്‍ കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിൽ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

പാര്‍ക്കിന്‍റെ പ്രവേശനകവാടത്തിന് തൊട്ടടുത്തുള്ള വീട്ടിലാണ് ഭീം സെൻ കോലിയും ഭാര്യ സതീന്ദര്‍ കൗറും താമസിച്ചിരുന്നത്. തന്‍റെ നായയുമായി പാര്‍ക്കില്‍ ഭീം സെൻ കോലി പതിവായി നടക്കാറുണ്ട്. കഴിഞ്ഞ രണ്ട് മാസത്തോളമായി പാര്‍ക്കില്‍ കുട്ടികളടങ്ങുന്ന കൗമാരക്കാരുടെ സംഘം ഏഷ്യന്‍ വംശജര്‍ക്ക് നേരെ അക്രമം നടത്താറുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു. മുന്‍പും ഭീം സെൻ കോലിക്കെതിരെ അക്രമം നടന്നതിന് പൊലീസിന ബന്ധപ്പെട്ടതായി വ്യക്തമായതോടെ ലെസ്റ്റര്‍ഷയര്‍ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.