സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും ഉയരംകൂടിയ രണ്ടാമത്തെ കെട്ടിടം ദുബായിൽ ഒരുങ്ങുന്നു. ദുബായ് ശൈഖ് സായിദ് റോഡിനു സമീപം 131 നിലകളിലായി ഉയരുന്ന ‘ബുർജ് അസീസി’യുടെ ഉയരം 725 മീറ്ററായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉയരംകൂടിയ കെട്ടിടവും ദുബായിൽത്തന്നെയാകും.
നിശാക്ലബ്, ഓൾ സ്യൂട്ട് സെവൻ സ്റ്റാർ ഹോട്ടൽ, പെന്റ് ഹൗസുകൾ, അപ്പാർട്ട്മെന്റുകൾ, അവധിക്കാല വസതികൾ, വെൽനസ് കേന്ദ്രങ്ങൾ, നീന്തൽക്കുളങ്ങൾ, സിനിമാ തിയേറ്ററുകൾ, കായികപരിശീലനകേന്ദ്രങ്ങൾ, മിനി മാർക്കറ്റുകൾ, കുട്ടികൾക്കുള്ള കളിസ്ഥലം, ഏഴ് നിലകളിലായി ഒരു വെർട്ടിക്കൽ മാൾ, ബീച്ച് ക്ലബ്ബ് തുടങ്ങി നിരവധി സൗകര്യങ്ങളും ബുർജ് അസീസി വാഗ്ദാനം ചെയ്യുന്നു.
600 കോടി ദിർഹമാണ് (ഏകദേശം 13,719 കോടി രൂപ) കെട്ടിടത്തിന്റെ നിർമാണച്ചെലവ്. 2028-നകം നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കെട്ടിടത്തിലെ ഫ്ളാറ്റുകളുടെ വിൽപ്പന അടുത്തവർഷം ഫെബ്രുവരിയിലാരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
നിലവിൽ ലോകത്തിലെ ഏറ്റവും വലിയകെട്ടിടം ദുബായിലെതന്നെ ‘ബുർജ് ഖലീഫ’യാണ്. 828 മീറ്ററാണ് ഉയരം. ബുർജ് അസീസി, ബുർജ് ഖലീഫയുടെ തൊട്ട് പിന്നിലായി സ്ഥാനം ഉറപ്പിക്കുമെന്നാണ് റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള നിശാക്ലബ് ഏതെന്നതിൽ വ്യക്തമായ റിപ്പോർട്ടുകളില്ലെങ്കിലും ബുർജ് അസീസിയുടെ 126-ാം നിലയിൽ ഒരുങ്ങുന്ന നിശാക്ലബ് ആ റെക്കോർഡ് സ്വന്തമാക്കുമെന്നും സൂചനകളുണ്ട്.
കെട്ടിടത്തിന്റെ പതിനൊന്നാം നിലയിൽ ഹോട്ടൽ ലോബി, 130-ൽ നിരീക്ഷണ ഡെക്ക്, 122-ൽ റസ്റ്ററന്റ് തുടങ്ങിയവയുണ്ടാകും. ഇവകൂടാതെ ഉന്നത നിലവാരത്തിലുള്ള മറ്റനേകം സൗകര്യങ്ങളുമുണ്ടാകുമെന്ന് നിർമാതാക്കളായ അസീസി ഡിവലപ്മെന്റ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല