സ്വന്തം ലേഖകൻ: മലപ്പുറം മുൻ എസ്പി സുജിത് ദാസ് ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർ തന്നെ ബലാത്സംഗം ചെയ്തെന്ന ആരോപണവുമായി യുവതി. പരാതി നല്‍കാനെത്തിയ തന്നെ മലപ്പുറം മുന്‍ എസ്പി സുജിത് ദാസ്, തിരൂർ മുന്‍ സിഐ വിനോദ് എന്നിവര്‍ പീഡിപ്പിച്ചു. തിരൂര്‍ മുന്‍ ഡിവൈഎസ്പി വി.വി. ബെന്നി ലൈംഗിക അതിക്രമത്തിന് ശ്രമിച്ചെന്നും ഇവർ ആരോപിച്ചു.
പൊന്നാനി സ്വദേശിയായ യുവതിയാണ് പരാതിക്കാരി. 2022ൽ വീടിന്റെ അവകാശത്തർക്കവുമായി ബന്ധപ്പെട്ട പരാതി നൽകാനാണ് സിഐ വിനോദിനെ കാണാൻ പോയത്. വീടിന്റെ അവകാശം യുവതിക്ക് തന്നെ ലഭിക്കുമെന്ന ഉറപ്പുനല്‍കിയാണ് സിഐ ആദ്യം ഉപദ്രവിക്കുന്നത്.
ശേഷം സിഐ വിനോദിനെക്കുറിച്ചുള്ള പരാതി പറയാൻ ഡിവൈഎസ്പി വി.വി.ബെന്നിയെ കാണാൻ പോയി. പരാതി ഒത്തുതീർക്കാൻ ശ്രമിച്ച ഡിവൈഎസ്പി പിന്നീട് വീട്ടിൽ വന്ന് തന്നെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു. ഇത് താൻ എതിർത്തതോടെ അയാളുടെ ഉദ്ദേശ്യം നടന്നില്ല.
ഡിവൈഎസ്പിയിൽനിന്നു മോശം അനുഭവമുണ്ടായപ്പോഴാണ് അന്നത്തെ മലപ്പുറം എസ്പി സുജിത് ദാസിനെ സമീപിച്ചത്. മൂന്ന് തവണ എസ്പി ഓഫീസിൽ കയറിയിറങ്ങിയിട്ടും പരാതിയിൽ തീരുമാനമായില്ല. വീണ്ടും എസ്പിയെ കാണാൻ പോയപ്പോൾ ഓഫീസിൽ വച്ച് തന്നെ സുജിത് ദാസ് ലൈംഗികമായി പീഡിപ്പിച്ചു.
മുഖ്യമന്ത്രി തന്റെ അങ്കിളാണെന്ന് സുജിത് ദാസ് പറഞ്ഞെന്നും പരാതിക്കാരി ആരോപിച്ചു. എസ്പിക്കെതിരേയുള്ള പി.വി.അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തലിന് ശേഷമാണ് ഇക്കാര്യം പുറത്തുപറയാന്‍ തീരുമാനിച്ചതെന്നും പരാതിക്കാരി പറയുന്നു.
തനിക്കെതിരെയുള്ള യുവതിയുടെ ലൈംഗിക പീഡന ആരോപണത്തിന് പിന്നിൽ മുട്ടിൽ മരം മുറി കേസ് അന്വേഷിക്കുന്നതിലെ വിരോധത്തിന്റെ ഭാഗമായ ഗൂഢാലോചനയെന്ന് ഡിവൈഎസ്പി വി.വി. ബെന്നി. ഇതിന്റെ പക തീർക്കാനാണ് തനിക്കെതിരെ ഒരു വാർത്താ ചാനൽ തുടർച്ചയായി വ്യാജ വാർത്ത നൽകുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു.
ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാൻ പരാതി നൽകും. മുട്ടിൽ മരം മുറി കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെന്ന നിലയില്‍ തന്നെ നിരന്തരം വേട്ടയാടുകയാണ്. മാനനഷ്ടത്തിന് കേസ് കൊടുക്കും. ഇപ്പോൾ വെളിപ്പെടുത്തൽ നടത്തിയ സ്ത്രീ പൊന്നാനി സിഐ വിനോദ് തന്നെ ബലാത്സംഗം ചെയ്തുവെന്ന് കാണിച്ച് 2022ൽ എസ്പിക്ക് ആദ്യം പരാതി നൽകിയിരുന്നു.
ഇവരുടെ പരാതിയിൽ കഴമ്പില്ലെന്ന് രണ്ട് തലത്തിൽ നടന്ന അന്വേഷണത്തിൽ വ്യക്തമായതാണ്. ഇവരുടെ പരാതി അന്വേഷിക്കാൻ അന്നത്തെ മലപ്പുറം എസ്പി സുജിത് ദാസ് തനിക്ക് നിര്‍ദേശം നല്കി. പരാതി അന്വേഷിച്ച് അത് വ്യാജമാണെന്ന് തെളിയുകയും എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല