സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ജോലി ചെയ്യുന്ന അനധികൃത തൊഴിലാളികളെ കണ്ടെത്താൻ വ്യാപകമായി തിരച്ചിൽ തുടരുന്നു. യുകെ ബിഎ ഉദ്യോഗസ്ഥരും പൊലീസും പ്രധാനമായും റസ്റ്ററന്റുകൾ കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടത്തുന്നത്. അനധികൃത തൊഴിലാളികളെ ജോലിക്ക് വെച്ചതിനെ തുടർന്ന് മലയാളികളടക്കം ഉടമസ്ഥരായുള്ള നിരവധി ഇന്ത്യൻ റസ്റ്ററന്റുകൾക്ക് വൻ തുകയാണ് പിഴ.
ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റ് പുറത്തുവിട്ട രേഖകൾ പ്രകാരം റസ്റ്ററന്റുകൾക്കാണ് കൂടുതൽ കേസുകൾ. സ്റ്റഡി വീസ, പോസ്റ്റ് സ്റ്റഡി വീസ, വിവിധ വർക്ക് വീസകൾ എന്നിവ കാലഹരണപ്പെട്ടിട്ടും യുകെയിൽ നിന്നും മടങ്ങാതെ ഒളിവിൽ നിന്ന് ജോലി ചെയ്യുന്നവരെയാണ് തിരച്ചിലിൽ പിടികൂടുന്നത്. പെട്ടെന്ന് ജോലി കിട്ടാനുള്ള സാധ്യതയാണ് ഇവരെ റസ്റ്ററന്റുകളിൽ ജോലിക്ക് എത്താൻ പ്രേരിപ്പിക്കുന്നത്.
ജോലിക്കാരെ കിട്ടാനുള്ള ബുദ്ധിമുട്ടുകൾ മൂലം റസ്റ്ററന്റ് ഉടമകളും ഒരുപരിധിവരെ ഇത്തരം നിയമനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നുണ്ട്. ഇന്ത്യൻ വംശജർ നടത്തുന്ന സ്ഥാപനങ്ങളിലാണ് കൂടുതലായും ഇത്തരം നിയമനങ്ങൾ നടക്കുന്നത് എന്നാണ് പരക്കെ ഉയരുന്ന ആരോപണം. ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള പത്തോളം സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി ഹോം ഓഫിസ് പുറത്തുവിട്ട ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റ് അറിയിപ്പിൽ പറയുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന തിരച്ചിലിൽ അനധികൃത തൊഴിലാളികളെ നിയമിച്ച എസക്സിലെ ഇന്ത്യൻ റസ്റ്റോറന്റുകളായ ആകാശ് തന്തൂരിക്ക് 40,000 പൗണ്ട് പിഴയും സുനുസ് കിച്ചണിന് 20,000 പൗണ്ട് പിഴയും ചുമത്തി. അനധികൃത തൊഴിലാളികളുടെ വിളനിലമായി റസ്റ്ററന്റ് മേഖലകൾ മാറുന്നതായി പരക്കെ ആരോപണം ഉയരുന്ന സാഹചര്യത്തിൽ പരിശോധനകൾ വ്യാപകമാണ്.
ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റ് പുറത്തുവിട്ട രേഖകൾ പ്രകാരം ഡെവണിലെ രജപുത്ര ഇന്ത്യൻ റെസ്റ്റോറന്റിന് 80,000 പൗണ്ട് പിഴയാണ് ചുമത്തിയിട്ടുള്ളത്. ഗ്രേറ്റർ ലണ്ടനിലെ ടാസ കബാബ് ഹൗസ്, കെന്റിലെ ബാദ്ഷാ ഇന്ത്യൻ ക്യുസീൻ എന്നിവയ്ക്ക് 30,000 പൗണ്ട് പിഴ ചുമത്തിയിട്ടുണ്ട്. കെന്റിലെ തന്നെ കറി ലോഞ്ച് ഇന്ത്യൻ റസ്റ്ററന്റിന് 15,000 പൗണ്ട് പിഴ ചുമത്തി.
ടെൽഫോർഡിലെ രാജ് ക്യുസിൻ, ബർമിങ്ഹാമിലെ അലിഷാൻ ടേക്ക്എവേ, സ്റ്റോക്ക്-ഓൺ-ട്രെന്റിലെ ദേശി മൊമെന്റ്സ് കരാഹി ഹൗസ്, ഡെർബിഷെയറിലെ കാശ്മീർ ഹലാൽ മീറ്റ്സ്, ലെതർ ഹെഡിലെ കിർത്തോൺ ഇന്ത്യൻ റസ്റ്ററന്റ് എന്നിവയ്ക്ക് 10,000 പൗണ്ട് വീതമാണ് പിഴ ചുമത്തിയത്. നിരവധി അനധികൃത തൊഴിലാളികളെയും ഇവിടങ്ങളിൽ നിന്നും പിടികൂടി.
നിയമവിരുദ്ധമായി ആളുകളെ ജോലിക്ക് എടുക്കുന്നതായി കണ്ടെത്തുന്ന സ്ഥാപനങ്ങൾ ആദ്യ കുറ്റത്തിന് ഒരു തൊഴിലാളിക്ക് 45,000 പൗണ്ട് വരെയും ആവർത്തിച്ചുള്ള കുറ്റങ്ങൾക്ക് 60,000 പൗണ്ട് വരെയും പിഴ നൽകേണ്ടി വരും. അനധികൃത തൊഴിലാളികളെ വ്യാപകമായി കണ്ടെത്തുന്ന സാഹചര്യത്തിൽ റസ്റ്ററന്റുകൾ ഉൾപ്പടെ വിവിധ സ്ഥാപനങ്ങളിൽ തിരച്ചിൽ തുടരുമെന്ന് ഹോം സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു.
അതിർത്തി സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള ലേബർ പാർട്ടി പദ്ധതികളുടെ ഭാഗമായി വേനൽക്കാലത്ത് പ്രവർത്തനങ്ങൾ തീവ്രമാക്കാൻ ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റ് മുൻകൈ എടുക്കുമെന്ന് യെവെറ്റ് കൂപ്പർ പ്രഖ്യാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല