സ്വന്തം ലേഖകൻ: രാജ്യത്തെ കുടിയേറ്റക്കാരുടെ എണ്ണം കാനഡ സർക്കാർ കർശനമായി നിയന്ത്രിക്കുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി അതിർത്തികളിൽ കൃത്യമായ രേഖകൾ ഉള്ളവരെപ്പോലും രാജ്യത്തേക്ക് കടത്തിവിടുന്നില്ല. കുടിയേറ്റം വർധിച്ചത് മൂലം രാജ്യത്ത് താമസ സൗകര്യങ്ങളുടെ വിലയും, സാധനങ്ങളുടെ വിലക്കയറ്റവും അമിതമായി വർധിച്ചുവെന്നതാണ് ജസ്റ്റിൻ ട്രൂഡോ സർക്കാരിനെ ഇത്തരത്തിലൊരു തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ.
ഇതോടെ വീസകൾ കൂട്ടമായി റദ്ദ് ചെയ്യാനുള്ള നടപടികളുമായും സർക്കാർ മുന്നോട്ടുപോകുകയാണ്. ഈ നടപടികളുടെ ഭാഗമായി ജൂലൈയിൽ മാത്രം 5000ത്തിലധികം പേരുടെ വീസകളാണ് സർക്കാർ റദ്ദാക്കിയത്. ഇവരിൽ വിദ്യാർത്ഥികൾ, ജോലി തേടിയെത്തിയവർ, ടൂറിസ്റ്റുകൾ എന്നിവരും ഉൾപ്പെടും. ഈ വർഷം ആദ്യം മുതൽക്കേ ട്രൂഡോ സർക്കാർ സ്വീകരിച്ചുപോന്നിരുന്ന നയം മൂലം ഒരു മാസം ശരാശരി 3500-ാളം ആളുകൾക്ക് കാനഡ എന്ന സ്വപ്നം ഉപേക്ഷിക്കേണ്ടിവരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ ഇക്കാര്യം സർക്കാർ പരസ്യമായി അംഗീകരിക്കുന്നില്ല എന്നതാണ് രസകരം. കുടിയേറ്റം വർധിക്കുന്നതിൽ കാനഡയിലെ ജനങ്ങൾക്കിടയിൽ തന്നെ അതൃപ്തിയുണ്ട്. ഇത് കൃത്യമായി അഭിമുഖീകരിക്കാതെ സർക്കാരിന് മുന്നോട്ടുപോകാനാകില്ല എന്നതാണ് കുടിയേറ്റക്കാരുടെ നേർക്ക് വാതിൽ അടയ്ക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് നിഗമനം. ഇതിനോടൊപ്പം രാജ്യത്തെ തൊഴിൽ മേഖലയിൽ കനേഡിയൻ പൗരന്മാർക്ക് മുൻഗണന നൽകാനുള്ള തീരുമാനവും സർക്കാർ എടുത്തേക്കും. അങ്ങനെയെങ്കിൽ ഇന്ത്യൻ വംശജരായ വിദ്യാർത്ഥികൾ ഉള്‍പ്പെടെ നിരവധി പേരുടെ നിലനിൽപ്പ് ചോദ്യചിഹ്നമായേക്കും.
ഇത്തരത്തിൽ കുടിയേറ്റ നിയന്ത്രണം ട്രൂഡോ കടുപ്പിക്കുമ്പോൾ, അപ്പുറത്ത് ട്രൂഡോയുടെ സര്‍ക്കാരിനെത്തന്നെ പ്രതിസന്ധിയിലാക്കുകയാണ് കാനഡയിലെ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി. ജസ്റ്റിന് ട്രൂഡോയ്ക്കും അദ്ദേഹത്തിന്റെ ലിബറല്‍ പാര്‍ട്ടിക്കുമെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് എന്‍ഡിപി ട്രൂഡോ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരിക്കുകയാണ്. ട്രൂഡോയുടെ ന്യൂനപക്ഷ ലിബറല്‍ സര്‍ക്കാരിനെ അധികാരത്തില്‍ നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പാര്‍ട്ടിയാണ് ജഗ്മീത് സിംഗിന്റെ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി. കാനഡയില്‍ പൊതു തിരഞ്ഞെടുപ്പ് നടക്കേണ്ടത് അടുത്ത വര്‍ഷം ഒക്ടോബര്‍ 25നാണ്. ഇതിനിടെയാണ് ട്രൂഡോ സര്‍ക്കാരിന് മുന്നില്‍ പുതിയ പ്രതിസന്ധി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല