1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 25, 2011

താഴ് വരയുടെ ആകാശത്ത് അലഞ്ഞു തിരിഞ്ഞിരുന്ന ഹെലികോപ്റ്ററിന്‍റെ ഇരമ്പല്‍ അകന്നകന്നു പോകുന്നു. ഒറ്റപ്പെട്ട വെടിയൊച്ചകള്‍. വീടുകളുടെ വാതിലുകള്‍ അടഞ്ഞു തന്നെ. ജനാലകള്‍ പോലും തുറക്കുന്നില്ല. സ്കൂളില്‍ പോയിട്ട് എത്ര ദിവസമായി…വീട്ടിലെ ഇരുട്ടില്‍ മലാല യൗസുഫ്സായി എന്ന ആറാം ക്ലാസുകാരിക്കു വീര്‍പ്പുമുട്ടി. എത്ര ദിവസമായി ആ സീരിയല്‍ കണ്ടിട്ട്. പെട്ടെന്ന് അമ്മ അടുക്കളയില്‍ നിന്നു വന്ന അവളുടെ വാ പൊത്തി. ആരും കേള്‍ക്കണ്ട…സ്കൂളില്‍ പോകണം…സീരിയല്‍ കാണണം…ജീവിച്ചിരിക്കുന്നത് ഭാഗ്യം എന്നു കരുതിക്കോളൂ…അമ്മയുടെ പിറുപിറുക്കലില്‍ ദയനീയത പടര്‍ന്നിരുന്നു. ഒന്നും ചെയ്യാനില്ലാതായപ്പോള്‍ മലാല ബുക്ക് എടുത്ത് അതിന്‍റെ താളില്‍ വെറുതേ എന്തൊക്കെയോ കുറിച്ചിട്ടു. ഡയറി എഴുത്തിന്‍റെ ശൈലിയില്‍..

2009 ജനുവരി. പാക്കിസ്ഥാന്‍റെ തലസ്ഥാന നഗരമായ ഇസ്ലാമാബാദില്‍ നിന്ന് നൂറു കിലോമീറ്റര്‍ അകലെയുള്ള സ്വാത്ത് താഴ്വരയില്‍ അപ്പോഴും താലിബാന്‍റെ പതാക പാറുകയായിരുന്നു. സൈന്യം ഇടപെടാന്‍ മടിച്ചു നിന്നു. സ്കൂളുകള്‍ക്ക് അവധി നല്‍കി. മലാല യൗസുഫ്സായിയെപ്പോലെ നിരവധി കുട്ടികള്‍ വിജനമായ തെരുവുകളില്‍ കളിച്ചു നടന്നു. വെടിയൊച്ചകള്‍ കേള്‍ക്കുമ്പോള്‍ വീട്ടിലെ ഇരുട്ടില്‍ ഒളിച്ചു. മലാല യൗസുഫ്സായി എല്ലാം കുറിച്ചിട്ടു. കലാപത്തിന്‍റെ ഭീകരതയെക്കുറിച്ച് ആ പതിനൊ ന്നു വയസുകാരിയുടെ ഡയറിക്കുറിപ്പുകള്‍ ജനുവരി പതിനാലു മുതല്‍ ബിബിസിയുടെ ഉറുദു ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചു. അതോടെ മലാല പ്രശസ്തയായി. ലോക രാജ്യങ്ങള്‍ പേടിസ്വപ്നമായി കരുതുന്ന താലിബാന്‍റെ അടിച്ചമര്‍ത്തലുകള്‍ക്കെതിരേ ശബ്ദിച്ച പെണ്‍കുട്ടി എന്ന നിലയിലാണ് ലോകം അവളെ കണ്ടത്. കുട്ടികള്‍ക്കുള്ള അന്താരാഷ്ട്ര സമാധാന സമ്മാനത്തിനായി നോമിനേഷന്‍ കിട്ടി. ഇപ്പോഴിതാ പാക്കിസ്ഥാന്‍ അവരുടെ നാഷണല്‍ പീസ് പ്രൈസ് നല്‍കി ആദരിക്കുന്നു മലാല യൗസുഫ്സായിയെ.

താലിബാന്‍റെ ആധിപത്യകാലത്ത് സ്വാത്ത് താഴ്വരയില്‍ പെണ്‍കുട്ടികള്‍ കോളെജിലും സ്കൂളിലും പോകുന്നതിനു വിലക്കായിരുന്നു. പലയിടങ്ങളിലും സ്കൂളുകള്‍ നശിപ്പിച്ചു. ഒരു ദിവസം വൈകിട്ട് സ്കൂള്‍ വിട്ടു പോരുമ്പോള്‍ പ്രിന്‍സിപ്പാള്‍ അറിയിച്ചു, നാളെ മുതല്‍ ക്ലാസില്ല. കാരണം എന്താണ് എന്നു പറഞ്ഞില്ല. ഇനി എന്നു ക്ലാസു തുറക്കും എന്നു ചോദിച്ചിട്ട് ഒന്നും പറയുന്നില്ല പ്രിന്‍സിപ്പാള്‍. രാജ്യത്തു മറ്റൊരിടത്തുമില്ലാത്ത പ്രശ്നം എന്‍റെ നാട്ടില്‍ എന്താണ് എന്നായിരുന്നു മലാല യൗസുഫ്സായിയുടെ സംശയം.

കുറച്ചു ദിവസങ്ങള്‍ക്കു ശേഷം അച്ഛന്‍ സിയാവുദ്ദീന്‍ യൗസുഫ്സായിയാണ് മകള്‍ക്ക് കാര്യങ്ങള്‍ വിശദമായി പറഞ്ഞു കൊടുത്തത്. എട്ടാം ക്ലാസുകാരി ക്ക് എല്ലാം മനസിലായില്ല. മറ്റു കൂട്ടുകാര്‍ സ്കൂള്‍ പൂട്ടിയതില്‍ സന്തോഷിച്ചപ്പോള്‍ മലാലയ്ക്ക് അങ്ങനെയല്ല തോന്നിയത്. എന്‍റെ നിരാശ, ഈ താഴ്വരയുടെ നിരാശയാണ് അതു ലോകത്തെ അറിയിക്കണം. ബിബിസിയുടെ ഉറുദു ഓണ്‍ലൈനിലൂടെ മലാലയുടെ ഡയറിക്കുറിപ്പുകള്‍ പാക്കിസ്ഥാന്‍ വായിച്ചു, ലോകം വായിച്ചു. താഴ്വരയിലെ പെണ്‍കുട്ടികളുടെ അവസ്ഥ അറി ഞ്ഞു. അധികം വൈകാതെ സൈന്യം ഇടപെട്ടു, താലിബാന്‍ പിന്മാറി.

പതിമൂന്നാമത്തെ വയസില്‍ ഇന്‍റര്‍നാഷണല്‍ പീസ് പ്രൈസിനു നോമിനേഷന്‍ കിട്ടിയ അഞ്ചു പേരില്‍ ഒരാളായപ്പോള്‍ എത്ര പക്വതയോടെയാണ് മലാല പ്രതികരിച്ചത്. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള പിതിനേഴുവയസുകാരി മിഖായേലക്കാണ് പീസ് പ്രൈസ് കിട്ടിയത്. ശാരീരിക വൈകല്യങ്ങള്‍ മറന്ന് കുട്ടികള്‍ക്കു വേണ്ടി പോരാടുന്ന മിഖായേലയുടെ ജീവിതം എന്നെ കൂടുതല്‍ ഉത്തേജിതയാക്കുന്നു എന്നാണ് മലാല പറഞ്ഞത്. ഞാനും ഇവരില്‍ ഒരാളാണ് എന്നറിയുന്നതാണ് സന്തോഷം. എനിക്കു കൂടുതല്‍ ധൈര്യം കിട്ടിയതു പോലെ. എന്‍റെ താഴ്വരയിലെ കറുത്ത ദിവസങ്ങളില്‍ ഞാന്‍ നേടിയ അനുഭവങ്ങള്‍ ഇപ്പോഴും മനസിലുണ്ട്, മലാല പറഞ്ഞു.

ഇന്നലെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി യൂസുഫ് റാസ ഗീലാനി പ്രഖ്യാപിച്ചു, പാക്കിസ്ഥാന്‍റെ ദേശീയ സമാധാന സമ്മാനം മലാലയ്ക്ക്. മാധ്യമ പ്രതിനിധികള്‍ സ്വാത്തിലെത്തി. മലാലയുടെ പ്രതികരണം ആരായാന്‍. അഞ്ചു ലക്ഷം രൂപ സമ്മാനത്തുകയുള്ള പ്രിസ്റ്റീജിയസ് പുരസ്കാരത്തിന്‍റെ വാര്‍ത്തയില്‍ തുള്ളിച്ചാടുന്ന കുട്ടിയെ അല്ല അവര്‍ കണ്ടത്. മലാല തിരക്കിലായിരുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെ കുട്ടികള്‍ക്കായി അടുത്ത വെക്കേഷന് പ്രത്യേകം ക്ലാസെടുക്കാന്‍ ആഗ്രഹിക്കുന്നു. അതിന്‍റെ കുറച്ചു കാര്യങ്ങള്‍ക്കായി പുറത്തു പോയതാണ്…തന്നെ കാത്തിരുന്ന പത്രക്കാരോട് അവള്‍ പറഞ്ഞു…

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.