സ്വന്തം ലേഖകൻ: സ്റ്റെയർകേസിൽ നിന്നും കാൽ വഴുതി വീണ് യുകെ മലയാളി മരിച്ചു. യുകെയിലെ മാഞ്ചസ്റ്ററിൽ കുടുംബമായി താമസിച്ചിരുന്ന കോട്ടയം ഏറ്റുമാനൂർ സ്വദേശി പ്രദീപ് നായർ (49) ആണ് മരിച്ചത്. അപകടം നടക്കുമ്പോൾ കുടുംബാംഗങ്ങൾ കേരളത്തിലായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെയായിരുന്നു അപകടം. പ്രദീപ് താമസിച്ചിരുന്ന ഫ്ലാറ്റിന്റെ മുകള്‍ നിലയിലെ പടികള്‍ ഇറങ്ങവേ കാല്‍ തെന്നി താഴെ വീഴുക ആയിരുന്നു എന്നാണ് ലഭ്യമായ വിവരം. വീഴ്ചയില്‍ തല ഇടിച്ചതാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ തുടർന്ന് ഫ്ലാറ്റിനടുത്ത് താമസിക്കുന്നവർ അടിയന്തിര വിഭാഗത്തെ വിവരമറിയിക്കുകയിരുന്നു.
പ്രദീപിന്റെ കുടുംബം അവധിക്ക് ശേഷം കേരളത്തിൽ നിന്നും യുകെയിലേക്ക് തിരികെ മടങ്ങാനിരിക്കവേ കൊച്ചി എയർപോർട്ടിൽ വച്ചാണ് മരണവിവരം അറിയുന്നത്. കുടുംബം ഇന്ന് രാത്രിയോടെ മാഞ്ചസ്റ്ററിലെത്തും. മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ ചെക് ഇന്‍ സര്‍വീസില്‍ ജോലി ചെയ്തിരുന്ന പ്രദീപ് ഏതാനും നാളുകളായി കാര്‍ പാര്‍ക്ക് സെക്യൂരിറ്റി വിഭാഗത്തിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്.
നാട്ടിലായിരിക്കെ കേരള പൊലീസിൽ ജോലി ചെയ്തിരുന്നു. മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസ്സോസിയേഷൻ മുൻ ട്രഷററും മാഞ്ചസ്റ്റർ ഹിന്ദു സമാജത്തിന്റെ സജീവ പ്രവർത്തകനുമായിരുന്നു. സംസ്കാരം പിന്നീട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല