1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 10, 2024

സ്വന്തം ലേഖകൻ: സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില അതീവഗുരതരമായി തുടരുന്നു. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ന്യൂഡല്‍ഹി എയിംസിലെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിക്കപ്പെട്ട യെച്ചൂരി കഴിഞ്ഞ നാലുദിവസമായി വെന്റിലേറ്ററില്‍ ചികിത്സയിലാണ്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം യെച്ചൂരിയുടെ ആരോഗ്യനില അതീവസൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നു സിപിഎം പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പില്‍ അറിയിച്ചു.

എഴുപത്തിരണ്ടുകാരനായ യെച്ചൂരി ന്യുമോണിയ ബാധയെത്തുടര്‍ന്ന് ഓഗസ്റ്റ് 12-നാണ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്. നാലു ദിവസത്തെ ചികിത്സയ്ക്കു ശേഷം അദ്ദേഹം ആരോഗ്യം വീണ്ടെടുക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ഓഗസ്റ്റ് 22-ന് അന്തരിച്ച പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് യെച്ചൂരി ട്വിറ്ററില്‍ ആറു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

വരുന്ന ജമ്മുകശ്മീര്‍ നിയമസഭാ തിരിഞ്ഞെടുപ്പിനായുള്ള സിപിഎം-കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യധാരണയ്ക്ക് ഐകദാര്‍ഡ്യം പ്രഖ്യാപിച്ച് ഓഗസ്റ്റ് 23-ന് വീണ്ടും അദ്ദേഹം എക്‌സില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഓഗസ്റ്റ് 29-നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. തന്റെ അടുത്ത സുഹൃത്തുകൂടിയായ അന്തരിച്ച അബ്ദുള്‍ ഗഫൂര്‍ നൂറാനിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് അദ്ദേഹം എക്‌സില്‍ പോസ്റ്റ്് ചെയ്തിരുന്നു.

എന്നാല്‍ ഓഗസ്റ്റ് 31-ന് അദ്ദേഹത്തിന്റെ ആരോഗ്യനില പൊടുന്നനെ ഗുരുതരമാകുകയായിരുന്നു. ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായതിനേത്തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റുകയും ചെയ്തതായി അന്ന് സിപിഎം പുറത്തുവിട്ട ഔദ്യോഗിക കുറിപ്പില്‍ അറിയിച്ചു. പിന്നീട് സെപ്റ്റംബര്‍ ആറിന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്കു മാറ്റി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.