1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 25, 2011

ഈജിപ്റ്റില്‍ പ്രക്ഷോഭകരുടെ ആവശ്യപ്രകാരം ഉടന്‍ അധികാരമൊഴിയില്ലെന്ന് സൈന്യം. തെരഞ്ഞെടുപ്പു മുന്‍ നിശ്ചയപ്രകാരം നടക്കും. പ്രക്ഷോഭകരെ വെടിവച്ചു കൊന്നതില്‍ മാപ്പു പറയുന്നതായും സൈന്യം. ഉടനടി അധികാരമൊഴിയില്ലെന്ന് മുബാറക്ക് സ്ഥാനമൊഴിഞ്ഞതിനു ശേഷം ഭരണം നടത്തുന്ന സായുധ സേനാ സുപ്രിം കൗണ്‍സില്‍. ജനങ്ങള്‍ ഏല്‍പ്പിച്ച ഉത്തരവാദിത്തം അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് കൗണ്‍സില്‍ അംഗം ജനറല്‍ മുഖ്തര്‍ അല്‍ മുല്ല. ആ ഉത്തരവാദിത്തം നിറവേറ്റും. തെരഞ്ഞെടുപ്പ് തിങ്കളാഴ്ച തന്നെ നടക്കുമെന്നും മുല്ല.

ചരിത്രപ്രസിദ്ധമായ തഹ്രീര്‍ സ്ക്വയറില്‍ ആറുദിവസത്തിനിടെ 39 പേരെ സൈന്യം വധിച്ചിരുന്നു. ഏറ്റുമുട്ടലില്‍ 3000 പേര്‍ക്ക് പരുക്കേല്‍ക്കുകയുമുണ്ടായി. പ്രക്ഷോഭകരെ വധിക്കാനിടയായതില്‍ സായുധ സേനയുടെ സുപ്രീം കൗണ്‍സില്‍ ഖേദം പ്രകടിപ്പിക്കുകയും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ അനുശോചനമറിയിക്കുകയും ചെയ്തു. ഫെയ്സ് ബുക്ക് വഴിയാണ് സൈന്യത്തിന്‍റെ അറിയിപ്പ്.

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും സൈന്യം. രൂക്ഷമായ ഏറ്റുമുട്ടിലിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം മതമേലധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ സൈന്യവും പ്രക്ഷോഭകരും തമ്മില്‍ താത്കാലിക സന്ധിയിലെത്തിയിരുന്നു. ഇതിന്‍റെ ഭാഗമായി ഇരുപക്ഷവും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയുമുണ്ടായി. അതേസമയം, തഹ്രീര്‍ സ്ക്വയറില്‍ തമ്പടിച്ച ആയിരക്കണക്കിന് സമരക്കാര്‍ ഇപ്പോഴും അവിടെ തുടരുകയാണ്. ഇവരെ ചെറിയതോതിലെങ്കിലും സമാധാനിപ്പിക്കാന്‍ സൈന്യത്തിന്‍റെ മാപ്പു പറച്ചില്‍ കൊണ്ടാകുമെന്നാണ് കരുതുന്നത്.

ഒരിടവേളയക്കുശേഷം ശനിയാഴ്ചയാണ് പ്രക്ഷോഭകരും സൈന്യവും തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. മുന്‍ ഏകാധിപതി ഹോസ്നി മുബാറക്കിന്‍റെ സ്ഥാനാരോഹണത്തിനുശേഷം സൈനിക നിയന്ത്രണത്തിലുള്ള ഭരണ കൂടം സ്ഥാപിക്കുകയായിരുന്നു. എന്നാല്‍ ഇത് പൂര്‍ണമായും ജനകീയ സര്‍ക്കാരിനെ ഏല്‍പ്പിക്കണമെന്ന ആവശ്യവുമായാണ് സമരക്കാര്‍ വീണ്ടും തെരുവിലിറങ്ങിയത്. കെയ്റൊയില്‍ തുടങ്ങി അലക്സാന്‍ഡ്രിയ ഉള്‍പ്പെടെയുള്ള ഈജിപ്ഷ്യന്‍ നഗരങ്ങളിലേക്കും കഴിഞ്ഞ ദിവസങ്ങളില്‍ സമരം വ്യാപിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.