സ്വന്തം ലേഖകൻ: സമീപകാലത്തു ബ്രിട്ടനെ ഉലച്ച കുടിയേറ്റ വിരുദ്ധ കലാപത്തെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യം. കലാപത്തിന് കാരണം വംശീയവെറി മാത്രമാകണമെന്നില്ലെന്ന് വിദഗ്ധര്‍ പറയുന്നു. വംശീയവെറിക്ക് ഒപ്പം, ദാരിദ്ര്യം, മദ്യാസക്തി, സമൂഹ മാധ്യമം എന്നിവയൊക്കെ അതിന് കാരണമായിട്ടുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. തികച്ചും അനാവശ്യമായ ഈ ലഹള, രാജ്യത്തിന് ഏറെ നഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. സമൂഹ മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ഈ ലഹളക്ക് കാരണമായെങ്കിലും, അത് കേവലം ഒരു കാരണം മാത്രമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
വലതുപക്ഷ തീവ്രവാദികള്‍ തങ്ങള്‍ക്ക് കിട്ടിയ അവസരം മുതലാക്കുകയായിരുന്നു എന്നതും സത്യമാണ്. എന്നാല്‍, എരിഞ്ഞടങ്ങാതെ നിലനിന്നിരുന്ന കോപത്തെ ആളിക്കത്തിച്ചതായിരുന്നു ലഹളയുടെ പ്രധാന കാരണം. എന്തുകൊണ്ടാണ് രാജ്യത്തെ ഒരു വിഭാഗം ജനങ്ങളില്‍ മറ്റൊരു വിഭാഗത്തിനെതിരെ കോപമുണ്ടാകുന്നത് എന്ന് ചിന്തിക്കണം എന്നാണ് പ്രൊഫസര്‍ ടിം ന്യൂബോണ്‍ പറയുന്നത്.
ഒരു ലഹളയിലേക്ക് നയിക്കാന്‍ മാത്രം തീവ്രമായ കോപം എങ്ങനെയാണ് രൂപപ്പെട്ടത്? സാമുഹിക പരസ്പരാശ്രയത്വം, കുറ്റകൃത്യങ്ങള്‍, ആരോഗ്യം എന്നിവയില്‍ സാമ്പത്തിക അസമത്വം ചെലുത്തുന്ന സ്വാധീനങ്ങളെ കുറിച്ച് നിരവധി പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്. സാമ്പത്തിക അസമത്വം ഇവയെയെല്ലാം രൂക്ഷമാക്കുന്നു എന്നും പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഇത് കേവലം ദരിദ്ര വിഭാഗത്തെ സംബന്ധിക്കുന്നത് മാത്രമല്ല. സാമ്പത്തികമായി അസമത്വം നിറഞ്ഞു നില്ക്കുന്ന ഒരു സമൂഹത്തില്‍ ഇടത്തരക്കാരും അസംതൃപ്തരായിരിക്കും.
മനോഭാവത്തിന്റെ പ്രതിഫലനം തന്നെയായിരുന്നു അടുത്തിടെ നടത്തിയ ചില അഭിപ്രായ സര്‍വ്വേകളുടെ ഫലത്തില്‍ തെളിയുന്നത്. ധനികര്‍ക്ക് കൂടുതല്‍ നികുതി ചുമത്തണമെന്ന ആശയത്തിന് വന്‍ പിന്തുണയാണ് ലഭിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ ഭരണകാലത്ത് സമൂഹത്തിലെ സാമ്പത്തിക അസമത്വം അസാധാരണമായ രീതിയിലാണ് വര്‍ദ്ധിച്ചത്. പാവപ്പെട്ടവരും ഇടത്തരക്കാരുമായവരുടെ വരുമാനത്തില്‍ കുത്തനെ ഇടിവുണ്ടായപ്പോള്‍ ധനികരുടെ സമ്പാദ്യം ഇരട്ടിയോളമായി. ഈ പശ്ചാത്തലത്തില്‍ കൂടി വേണം ബ്രിട്ടനില്‍ നടന്ന ലഹളകളെ വിലയിരുത്തേണ്ടതെന്ന് സാമൂഹ്യശാസ്ത്രജ്ഞര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല