1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 12, 2024

സ്വന്തം ലേഖകൻ: കുവൈത്തില്‍ കടുത്ത ചൂട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് ചില റസിഡന്‍ഷ്യല്‍ ഏരിയകളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വൈദ്യുതി, ജലം, പുനരുല്‍പ്പാദന ഊര്‍ജ മന്ത്രാലയം തീരുമാനിച്ചു.

തിരക്കേറിയ സമയങ്ങളില്‍ വൈദ്യുതി ഉപഭോഗം വര്‍ധിച്ച സാഹചര്യത്തില്‍ നിലവിലെ വൈദ്യുതി വിതരണ സംവിധാനങ്ങള്‍ക്ക് ലോഡ് താങ്ങാനാവാത്ത സാഹചര്യത്തിലാണിത്. സബാഹ് അല്‍ അഹമ്മദ് റെസിഡന്‍ഷ്യല്‍ ഏരിയ, വെസ്റ്റ് അബ്ദുല്ല അല്‍ മുബാറക്, റുമൈതിയ, സല്‍വ, ബിദാ എന്നീ അഞ്ച് റസിഡന്‍ഷ്യല്‍ ഏരിയകളുടെ ചില ഭാഗങ്ങളിലാണ് പ്രോഗ്രാം ചെയ്ത വൈദ്യുതി മുടക്കം പ്രഖ്യാപിച്ചിരിക്കുന്നത്.

രാവിലെ 11 മണി മുതല്‍ വൈകിട്ട് അഞ്ചു മണിവരെയുള്ള തിരക്കേറിയ സമയങ്ങളില്‍ സിസ്റ്റം സ്ഥിരത നിലനിര്‍ത്തുന്നതിനും ലോഡ് നിയന്ത്രിക്കുന്നതിനും ഈ നീക്കം അനിവാര്യമാണെന്ന് മന്ത്രാലയം അറിയിച്ചു. വൈദ്യുതി ഉല്‍പാദന യൂണിറ്റുകളുടെ അടിയന്തര അറ്റകുറ്റപ്പണികള്‍ കാരണം തുടര്‍ച്ചയായി പവര്‍ കട്ടുകള്‍ ഉണ്ടാകാനിടയുണ്ടെന്നും മന്ത്രാലയം സൂചിപ്പിച്ചു.

താപനില കുതിച്ചുയര്‍ന്നതോടെ ബുധനാഴ്ച വൈകീട്ട് മൂന്ന് മണിക്ക് രാജ്യത്തെ വൈദ്യുതി ഉപയോഗം 17,100 മെഗാവാട്ട് രേഖപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. വൈദ്യുതി ലോഡ് സൂചകം റെഡ് സോണില്‍ എത്തിയതായാണ് ഇത് വ്യക്തമാക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. നേരത്തേ വൈദ്യുതി ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റസിഡന്‍ഷ്യല്‍ ഏരിയകള്‍ അല്ലാത്ത പ്രദേശങ്ങളിലേക്കുള്ള വൈദ്യുതി വിതരണം നിയന്ത്രിച്ചിരുന്നു. ഫാമുകള്‍, വ്യവസായശാലകള്‍ തുടങ്ങിയ ഇടങ്ങളിലേക്കുള്ള വൈദ്യുതി വിതരണത്തിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. ഇതിനു പുറമെയാണ് റസിഡന്‍ഷ്യല്‍ ഏരിയകളില്‍ പവര്‍ കട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

രാജ്യത്തെ വൈദ്യുതി ഉപഭോഗം റെക്കോഡ് ഉയര്‍ച്ചയില്‍ എത്തിയ സാഹചര്യത്തില്‍ അനാവശ്യ ഉപയോഗം കുറയ്ക്കാന്‍ മന്ത്രാലയം ഉപഭോക്താക്കളോട് അഭ്യര്‍ഥിച്ചിരുന്നു. പ്രത്യേകിച്ച് തിരക്കേറിയ സമയങ്ങളില്‍ പരമാവധി വൈദ്യുതി ഉപഭോഗം കുറയ്ക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗിക്കപ്പെടുന്നത് എയര്‍ കണ്ടീഷണറുകള്‍ പ്രവര്‍ത്തിപ്പിക്കാനാണ് എന്നതിനാല്‍ അനിവാര്യമായ ഇടങ്ങളില്‍ മാത്രമേ ഏസി പ്രവര്‍ത്തിപ്പിക്കാവൂ എന്നും അതിലെ താപനില 23 ഡിഗ്രിയായി സജ്ജീകരിക്കണമെന്നും കഴിഞ്ഞ ദിവസം മന്ത്രാലയം അഭ്യര്‍ഥിച്ചിരുന്നു.

കുവൈത്തില്‍ ഉയര്‍ന്ന താപനില വരുംദിവസങ്ങളിലും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. രാത്രിയിലെ കാലാവസ്ഥ വളരെ ചൂടുള്ളതായി തുടരും. നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറന്‍ കാറ്റ് മണിക്കൂറില്‍ എട്ട് മുതല്‍ 28 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശും. കുവൈത്ത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ കൂടിയ താപനില 49 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്നും കുറഞ്ഞ താപനില 31 ഡിഗ്രി സെല്‍ഷ്യസായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.