സ്വന്തം ലേഖകൻ: ലേബര്‍ സര്‍ക്കാരിന്റെ പുതിയ റെന്റ് റിഫോം നിയമം അടുത്ത വേനല്‍ക്കാലത്ത് പ്രാബല്യത്തില്‍ വരുന്നതോടെ വാടകക്കാര്‍ക്ക് മൂന്ന് മാസം വരെ വാടക നല്‍കാതെ വാടകവീട്ടില്‍ താമസിക്കാന്‍ കഴിയും. നിലവില്‍ തുടര്‍ച്ചയായി രണ്ട് മാസത്തിലധികം വാടക കുടിശ്ശിക വരുത്തിയാല്‍ വീട്ടുടമക്ക് വാടകക്കാരെ ഒഴിപ്പിക്കാന്‍ കഴിയും. എന്നാല്‍ പുതിയ നിയമമനുസരിച്ച്, തുടര്‍ച്ചയായി മൂന്ന് മാസത്തിലധികം കുടിശ്ശിക വരുത്തിയാല്‍ മാത്രമെ വീട്ടുടമക്ക് ഒഴിപ്പിക്കല്‍ നടപടികളിലേക്ക് കടക്കാന്‍ കഴിയുകയുള്ളു.
അതുപോലെ വാടക കുടിശ്ശികയായാല്‍ ഇപ്പോള്‍ രണ്ടാഴ്ച കാലത്തെ നോട്ടീസ് നല്കി അവരെ ഒഴിപ്പിക്കാന്‍ കഴിയും. എന്നാല്‍, പുതിയ നിയമം പ്രാബല്യത്തില്‍ വന്നാല്‍, ഒഴിപ്പിക്കുവാന്‍ നാല് ആഴ്ചത്തെ നോട്ടീസ് നല്‍കേണ്ടതായി വരും. കഴിഞ്ഞ സര്‍ക്കാരിന്റെ റെന്റേഴ്സ് റിഫോം ബില്ലിന് ബദല്‍ ആയിട്ടാണ് ലേബര്‍ സര്‍ക്കാരിന്റെ പുതിയ റെന്റേഴ്സ് റൈറ്റ്സ് ബില്‍ വരുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നടപ്പിലാക്കിയ നിയമമാണ് വാടക കുടിശ്ശിക രണ്ട് മാസം വരെ ആക്കിയത്.
പുതിയ നിയമം വഴി വാടകക്കാര്‍ക്ക് അവരുടെ കുടിശ്ശിക തീര്‍ക്കാന്‍ കൂടുതല്‍ സമയം ലഭിക്കുമെന്നാണ് ഭവന വകുപ്പ് മന്ത്രാലയം പറയുന്നത്. അതേസമയം, വീട്ടുടമസ്ഥര്‍ക്ക് നഷ്ടം വരാതെ നോക്കുന്നുമുണ്ട്. അതേസമയം, ഇത് വീട്ടുടമസ്ഥര്‍ക്ക് ഗുണകരമാവില്ല എന്നാണ് ലാന്‍ഡ്ലോര്‍ഡ് ആക്ഷന്‍ എന്ന നിയമസ്ഥാപനത്തിലെ നിയമ വിദഗ്ധനായ പോള്‍ ഷാമ്മ്പ്ലിന പറയുന്നത്. നിയമപരമായി അനുവദനീയമായ പരമാവധി വാടക കുടിശ്ശിക തുക, കുടിശ്ശികയായി തന്നെ തുടരാനായിരിക്കും വാടകക്കാര്‍ ശ്രമിക്കുക എന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല