സ്വന്തം ലേഖകൻ: പേരുകേട്ട ലണ്ടന്‍ നഗരം പോക്കറ്റടിക്കാരുടെ ‘തലസ്ഥാന’മായി മാറുന്നു. രാജ്യത്ത് ഏറ്റവുമധികം പോക്കറ്റടി നടക്കുന്ന പത്ത് സ്ഥലങ്ങളും രാജ്യ തലസ്ഥാനത്താണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ലണ്ടന്‍ നഗരത്തിലെത്തുന്ന വിനോദസഞ്ചാരികളാണ് പ്രധാനമായും ഇവരുടെ ഇരകളാകുന്നത്. ഇതില്‍ തന്നെ ഏറ്റവുമധികം പോക്കറ്റടി നടക്കുന്നത് വെസ്റ്റ്മിനിസ്റ്റര്‍ സിറ്റി കൗണ്‍സില്‍ പ്രദേശത്താണ്. 2023 മാര്‍ച്ചിനും 2024 മാര്‍ച്ചിനും ഇടയില്‍ ഇവിടെ 28,155 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
1 ലക്ഷം പേര്‍ക്ക് 13,320 ത്തോളം പേരും മോഷണത്തിന് ഇരയാകുന്നു. മാത്രമല്ല, 2021 മുതലുള്ള കണക്കെടുത്താല്‍ ഇക്കാര്യത്തില്‍ എറ്റവുമധികം വര്‍ദ്ധനവും ഉണ്ടായിരിക്കുന്നത് ഈ ബറോയില്‍ തന്നെയാണ്, 712 ശതമാനം. 2021 ല്‍ ഇവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 3,446 കേസുകള്‍ മാത്രമായിരുന്നു. ഇവിടെ ക്രിമിനലൂകളുടെ ഇരകളാകുന്നത് ബക്കിംഗ്ഹാം കൊട്ടാരം, ട്രഫല്ഗര് ചത്വരം, ബിഗ് ബെന്‍ തുടങ്ങിയ സുപ്രധാന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തുന്നവരാണ്. പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളായ കവന്റ് ഗാര്ഡന്, സോഹോ, മേഫെയര്‍ എന്നിവയും പോക്കറ്റടിയുടെയും മോഷണത്തിന്റെയും കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്.
വിനോദ സഞ്ചാരികളുടെ മൊബൈല്‍ ഫോണുകള്‍, വാച്ചുകള്‍ ഉള്‍പ്പടെയുള്ള ആഭരണങ്ങള്‍ എന്നിവയാണ് പ്രധാനമായും ക്രിമിനല്‍ സംഘങ്ങള്‍ ഉന്നംവയ്ക്കുന്നത്. പ്രശസ്ത അങ്ങാടി സ്ഥിതി ചെയ്യുന്ന കാംഡെന്‍ ആണ് ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് ഉള്ളത്. 6,848 കേസുകളാണ് ഇവിടെ റെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ 1 ലക്ഷം പേര്‍ക്ക് 3,141 കേസുകള്‍ വീതം. തെംസ് നദിക്കരയിലെ ഷേക്സ്പിയറുടെ ഗ്ലോബ് തീയറ്ററും, യു കെയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ഷാര്‍ഡുമൊക്കെ സ്ഥിതി ചെയ്യുന്ന സൗത്ത്വാക്കാണ് ഇക്കാര്യത്തില്‍ മൂന്നാം സ്ഥാനത്തുള്ളത്.
കെന്‍സിംഗ്ടണ്‍, ചെല്‍സിയ, ഹാക്നി, ഐലിംഗ്ടണ്‍, ലാംബെര്‍ത്ത്, ന്യൂഹാം, ടവര്‍ ഹാംലറ്റ്സ്, ഹാരിംഗേ എന്നീ ലണ്ടന്‍ ബറോകളാണ് പോക്കറ്റടിയുടെ കാര്യത്തില്‍ ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള മറ്റു സ്ഥലങ്ങള്‍. വെസ്റ്റ്മിനിസ്റ്ററിലെ ചൈന ടൗണില്‍ വെയ്റ്റര്‍ ആയി ജോലി ചെയ്യുന്ന സാം ഗോര്ഡോണ് പറയുന്നത് ഒട്ടു മിക്ക ദിവസങ്ങളിലും പോക്കറ്റടിക്കപ്പെട്ട ഇരകളെ കണ്ടെത്താറുണ്ട് എന്നാണ്. താനും ഒന്നു രണ്ടു തവണ ഇരയായതായും അയാള്‍ പറയുന്നു. രാത്രി സമയത്ത്, പ്രത്യേകിച്ചും പാതിരാത്രിയോട് അടുപ്പിച്ചുള്ള സമയത്താണ് പോക്കറ്റടി കൂടുതലായി നടക്കുക എന്നും അയാള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല