സ്വന്തം ലേഖകൻ: മലപ്പുറം തിരുവാലിയിലെ 24-കാരന്റെ മരണം നിപ ബാധിച്ചാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളിൽ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി. മലപ്പുറം ജില്ലയില്‍ ആളുകള്‍ പുറത്തിറങ്ങുമ്പോള്‍ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.
തിരുവാലി, മാമ്പാട് പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ഞായറാഴ്ച ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് ജില്ലാ കളക്ടറുടെ ഉത്തരവില്‍ പറയുന്നു.
തിരുവാലി പഞ്ചായത്തിലെ 4, 5, 6, 7 വാര്‍ഡുകള്‍, മമ്പാട് പഞ്ചായത്തിലെ 7-ാം വാര്‍ഡ് എന്നിവ കണ്ടെയ്ന്മെന്റ് സോണായി ജില്ലാ കളക്ടര്‍ വി.ആര്. വിനോദ് പ്രഖ്യാപിച്ചു.
വണ്ടൂരിനടുത്ത് നടുവത്ത് നിപ ബാധിച്ച് മരിച്ച യുവാവുമായി ബന്ധപ്പെട്ടവരുടെ സമ്പര്‍ക്കപ്പട്ടിക ആരോഗ്യവകുപ്പ് ഞായറാഴ്ച പുറത്തുവിട്ടിരുന്നു. ഇതുവരെ 151 പേരാണ് പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ രോഗലക്ഷണമുള്ള പത്ത് പേരുടെ സാമ്പിളുകളാണ് ഇപ്പോള്‍ എടുത്തിരിക്കുന്നത്.
കൂടാതെ, യുവാവിന്റെ കോൺടാക്റ്റ് ലിസ്റ്റ് മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് തയ്യാറാക്കിയിട്ടുണ്ട്. ബെംഗളൂരുവില്‍ നിന്നെത്തിയ ശേഷം യുവാവ് എവിടെയൊക്കെ പോയിരുന്നു എന്നും ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്.
ബെംഗളൂരുവില്‍ രണ്ടുമാസംമുന്‍പ് മഞ്ഞപ്പിത്തം ബാധിച്ച യുവാവ് നാട്ടിലെത്തി ചികിത്സതേടിയിരുന്നു. രോഗം ഭേദമായി മടങ്ങിയ യുവാവ് കഴിഞ്ഞയാഴ്ച കാലിന് പരിക്കേറ്റതിനെത്തുടര്‍ന്നാണ് വീണ്ടും നാട്ടിലെത്തിയത്. പിന്നീട് പനിബാധിച്ച് ചികിത്സതേടുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല