സ്വന്തം ലേഖകൻ: ഖത്തറിന്റെ പുറത്ത് നിന്നുള്ള രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും വിളിക്കുന്നതിനായി പുതിയ ഫോണ്‍ നമ്പര്‍ അവതരിപ്പിച്ച് ഖത്തര്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്പ്പറേഷന് (പിഎച്ച്സിസി). അപ്പോയിന്റ്മെന്റ് ബുക്കിംഗ് പ്രക്രിയ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് രാജ്യത്തിന് പുറത്ത് നിന്നുള്ളവര്‍ക്കായി കോള്‍ സെന്ററുകളുടെ ലാന്‍ഡ്ലൈന്‍ നമ്പറില്‍ മാറ്റം വരുത്തിയത്.
+97444066466 ആണ് കോള്‍ സെന്ററിലെ പുതിയ ലാന്‍ഡ് ലൈന്‍ നമ്പര്‍. പുതിയ നമ്പറിലേക്കുള്ള മാറ്റം സുഗമമാക്കുന്നതിന്റെ ഭാഗമായി ഏതാനും ദിവസങ്ങള്‍ കൂടി നിലവിലുള്ള +974-44069917 എന്ന നമ്പര്‍ പ്രവര്‍ത്തനം തുടരും.
ലാന്‍ഡ്ലൈന്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യുന്നത് ഖത്തറിനുള്ളിലെ രോഗികളെയും സന്ദര്‍ശകരെയും ബാധിക്കില്ലെന്ന് പിഎച്ച്സിസി അറിയിച്ചു.
അവര്‍ക്ക് 107 എന്ന നമ്പര്‍ വഴി പതിവുപോലെ കോള്‍ സെന്ററുമായി ആശയവിനിമയം തുടരാം. അതേസമയം രാജ്യത്തിന് പുറത്തുള്ള രോഗികളും സന്ദര്‍ശകരും അപ്പോയിന്റ്മെന്റുകള്‍ക്കും അന്വേഷണങ്ങള്‍ക്കുമായി പുതിയ നമ്പര്‍ ഉപയോഗിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.
അതിനിടെ, ഖത്തര്‍ ആരോഗ്യ മന്ത്രാലയം രാജ്യത്തിനായി പുതിയ ആരോഗ്യ പദ്ധതി അവതരിപ്പിച്ചു. എല്ലാവര്ക്കും ആരോഗ്യം എന്ന മുദ്രാവാക്യവുമായാണ് 2030 വരെയുള്ള നാഷണല്‍ ഹെല്‍ത്ത് സ്ട്രാറ്റജി അവതരിപ്പിച്ചത്. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് അല്‍താനി പുതിയ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ചു. ആരോഗ്യമന്ത്രി ഡോക്ടര്‍ ഹനാന് അല്‍ കുവാരി അടക്കമുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.
ഖത്തര്‍ ദേശീയ വിഷന്‍ 2030യുടെ ചുടവ് പിടിച്ചാണ് പുതിയ ആരോഗ്യ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാവര്ക്കും മികച്ച ചികിത്സ ഉറപ്പാക്കുന്ന ആരോഗ്യ സംവിധാനമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ആരോഗ്യ മേഖലയിലെ നിലവിലെ വെല്ലുവിളികള്‍ നേരിടാന്‍ പുതിയ പദ്ധതിക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുക, ആരോഗ്യ സേവനങ്ങള്‍ മികച്ച രീതിയില്‍ ലഭ്യമാക്കുക, ആരോഗ്യ സംവിധാനങ്ങളുടെ മികവ് ഉയര്‍ത്തുക എന്നീ ലക്ഷ്യങ്ങളില്‍ ഊന്നിയാണ് പുതിയ ദേശീയ ആരോഗ്യ തന്ത്രം അവതരിപ്പിക്കുന്നതെന്ന് ആരോഗ്യ സഹമന്ത്രി സാലിഹ് അല്‍ മര്‍റി വ്യക്തമാക്കി. ഈ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികളും പദ്ധതികളുമാകും അടുത്ത ഏഴ് വര്‍ഷം രാജ്യത്തെ ആരോഗ്യ മേഖലയില്‍ നടപ്പാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല