സ്വന്തം ലേഖകൻ: ജര്‍മ്മനിയുടെ വിപുലീകരിച്ച അതിര്‍ത്തി നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. അനധികൃത കുടിയേറ്റത്തെയും കുറ്റകൃത്യങ്ങളെയും ചെറുക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ജർമനി പടിഞ്ഞാറന്‍, വടക്കന്‍ അതിര്‍ത്തികളില്‍ താല്‍ക്കാലിക നിയന്ത്രണം പുനരാരംഭിച്ചു.
ബെല്‍ജിയം, ഡെന്മാര്ക്ക്, ഫ്രാന്‍സ്, ലക്സംബര്‍ഗ്, നെതര്‍ലാന്‍ഡ്സ് എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഇടങ്ങളിലാണ് ജര്‍മനി പരിശോധന നടത്തുക. പരിശോധന അടുത്ത ആറ് മാസത്തേക്ക് നിലനില്ക്കും, ഇത് നീട്ടാനും സാധ്യതയുണ്ട്.
ജർമനിയുടെ കിഴക്കന്‍, തെക്ക് അതിര്‍ത്തികളില്‍ നിയന്ത്രണങ്ങള്‍ ഇതിനകം നിലവിലുണ്ടായിരുന്നു. പരിശോധനകള്‍ പുതിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി ഇടതുപാര്‍ട്ടി പറയുന്നുണ്ട്. ജർമനിയിലെ സോഷ്യലിസ്ററ് ലെഫ്റ്റ് പാര്‍ട്ടിയുടെ നേതാവ് പുതിയ അതിര്‍ത്തി നിയന്ത്രണങ്ങള്‍ക്കും മൈഗ്രേഷന്‍ നയത്തിനും ഫെഡറല്‍ ഗവണ്മെന്റിനെ നിശിതമായി വിമര്‍ശിച്ചു.
അതിര്‍ത്തി നിയന്ത്രണങ്ങള്‍ പ്രശ്നം പരിഹരിക്കില്ല, അവ പുതിയവ സൃഷ്ടിക്കുക മാത്രമാണ്, എന്നാണ് വിമര്‍ശനം. ഈ നടപടികള്‍ ഭീമമായ ട്രാഫിക് കുരുക്കിലേക്ക് നയിക്കുമെന്നും വ്യക്തമാക്കി. കുടിയേറ്റം സംബന്ധിച്ച് തീവ്ര വലതുപക്ഷ ബദല്‍ ജര്‍മനിയുടെ (AfD) നയങ്ങളാണ് ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ സര്‍ക്കാര്‍ പിന്തുടരുന്നതെന്ന് ആക്ഷേപവും ഉയര്‍ന്നു.
ജര്‍മനിയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ 1,400 കിലോമീറ്റര്‍ ഉണ്ട്, കൂടാതെ 2,400 കിലോമീറ്റര്‍ കിഴക്കും തെക്കും അതിര്‍ത്തികളില്‍ ഇതിനകം പരിശോധനകള്‍ നടത്തിവരികയാണ്. ആദ്യദിവസം തന്നെ അഭയാര്‍ഥികളെന്നു സംശയിക്കുന്ന ഏതാണ്ട് 30,000ൽ അധികം പേരെ തിരിച്ചയച്ചതായി പൊലീസ് പറഞ്ഞു. ഇതില്‍ അധികംപേരും, സിറിയ, അഫ്ഗാന്, ഇറാന് പൗരന്മാരാണ്. ഇവരൊക്കെ യൂറോപ്യന്‍ യൂണിയന് അഭയാർഥി പാസ് നേടിയവരുമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല