സ്വന്തം ലേഖകൻ: പ്രായപൂര്‍ത്തിയാകാത്ത ഉപയോക്താക്കളെ ഓണ്‍ലൈന്‍ അപകടങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ പുതിയ സുരക്ഷ നടപടിയുമായി ഇന്‍സ്റ്റഗ്രാം. 18 വയസില്‍ താഴെയുള്ള ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ഇനി ടീന്‍ അക്കൗണ്ട് സെറ്റിങ്സിലേക്ക് മാറും. 13 മുതല്‍ 17 വയസ് വരെ പ്രായമുള്ള ഉപയോക്താക്കളെ സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ടുണ്ടാകുന്ന മാനസിക ആരോഗ്യ വെല്ലുവിളികളില്‍ നിന്ന് സംരക്ഷിക്കാനാണ് ‘ ടീന്‍ അക്കൗണ്ടുകള്‍ വരുന്നത്.
ചെറിയ പ്രായത്തില്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അവര്‍ ആരുമായൊക്കെ ആശയവിനിമയം നടത്തും, അനാവശ്യമായ കണ്ടന്റുകളിലേക്ക് പോകുമോ എന്നൊക്കെയുള്ള രക്ഷിതാക്കളുടെ ആശങ്ക തനിക്ക് മനസിലാകുമെന്നാണ് ഇന്‍സ്റ്റ മേധാവി ആദം മൊസേരി പറഞ്ഞു. ‘ഗുഡ് മോണിങ് അമേരിക്ക’യിലാണ് ആദം മൊസേരി ടീന്‍ ഇന്‍സ്റ്റ ലോഞ്ചിനെപ്പറ്റി പറഞ്ഞത്.
ആര്‍ക്കൊക്കെ അക്കൗണ്ട് ഉടമയുമായി ആശയവിനിമയം നടത്താനാകും, എന്തൊക്കെ കണ്ടന്റുകള്‍ കാണാനാകും, എത്ര സമയം ഇന്‍സ്റ്റയില്‍ ചെലവഴിക്കുന്നു എന്നീ വിവരങ്ങള്‍ ആവശ്യപ്പെട്ടില്ലെങ്കിലും മാതാപിതാക്കള്‍ക്ക് ലഭ്യമാകും. നിലവിലെ യൂസേഴ്സിന്റെ അക്കൗണ്ട് 60 ദിവസത്തിനകം ടീന്‍ അക്കൗണ്ടുകളായി മാറുമെന്നും മൊസേരി പറഞ്ഞു. 16 വയസില്‍ താഴെയുള്ളവര്‍ക്ക് അക്കൗണ്ട് സെറ്റിങ്സ് മാറ്റണമെങ്കില്‍ മാതാപിതാക്കളുടെ അനുമതി ആവശ്യമാണ്.
ഇത് പ്രകാരം, 13നും 17നുമിടയില്‍ പ്രായമുള്ളവര്‍ക്ക് തങ്ങളുടെ അക്കൗണ്ട് പ്രൈവറ്റ് ആക്കേണ്ടി വരും. അപരിചിതര്‍ക്ക് ഈ പ്രൊഫൈലുകള്‍ കാണുന്നതും അവരുമായി ആശയവിനിമയം നടത്തുന്നതും ഇതോടെ ബുദ്ധിമുട്ടേറിയ കാര്യമാകും. സന്ദേശങ്ങള്‍ അയക്കുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങളുള്ള അക്കൗണ്ടുകളായിരിക്കും ടീന്‍ അക്കൗണ്ടുകള്‍. തങ്ങള്‍ ഫോളോ ചെയ്യുന്ന ആളുകളില്‍ നിന്നുള്ള മെസേജുകള്‍ മാത്രമേ ലഭിക്കുകയുള്ളു. ആവശ്യമില്ലാത്ത ഓണ്‍ലൈന്‍ വഴി ആളുകളുമായി ബന്ധപ്പെടുന്നത് തടയാന്‍ ഇതുവഴി സാധിക്കും. സെന്‍സിറ്റീവ് ആയ കണ്ടന്റുകള്‍ക്കും നിയന്ത്രണം ഉണ്ടാകും.
18 വയസിന് താഴെയുള്ള പുതിയതായി അക്കൗണ്ട് തുടങ്ങുന്നവരുടേയും നിലവിലുള്ള ഉപഭോക്താക്കളുടെയും അക്കൗണ്ടുകള്‍ അപ്ഡേറ്റ് എത്തുന്നതോടെ ടീന്‍ അക്കൗണ്ട് ആയി മാറും. യുഎസിലാണ് ഈ അപ്ഡേറ്റ് ആദ്യം നടപ്പിലാക്കുക. ശേഷം അടുത്ത 60 ദിവസങ്ങള്‍ക്കുള്ളില്‍ യുകെ, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ ഈ അപ്ഡേറ്റ് അവതരിപ്പിച്ചേക്കും. കൂടുതല്‍ രാജ്യങ്ങളിലേക്ക് അപ്ഡേറ്റ് പിന്നീട് എത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല