സ്വന്തം ലേഖകൻ: വീസ നിയമലംഘകര്‍ക്കായി ആരംഭിച്ച രണ്ട് മാസത്തെ വീസ പൊതുമാപ്പ് ആനുകൂല്യം നിലവില്‍ യുഎഇയില്‍ ഉള്ളവര്‍ക്ക് മാത്രമേ ലഭ്യമാവുകയുള്ളൂ എന്ന് അധികൃതര്‍ അറിയിച്ചു. സ്പോണ്സറില് നിന്ന് ഒളിച്ചോടിയവരോ നിയമം ലംഘിച്ച് യുഎഇയില്‍ കഴിഞ്ഞവരോ ആയ പ്രവാസികള്‍ പൊതുമാപ്പ് കാലാവധി ആരംഭിച്ച സെപ്റ്റംബര്‍ ഒന്നിനോ അതിനു മുമ്പോ രാജ്യത്തിന് പുറത്താണ് ഉള്ളതെങ്കില്‍ അവര്‍ക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ലെന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) വ്യക്തമാക്കി.
അതേപോലെ, ക്രിമിനല്‍ നാടുകടത്തല്‍ ഉത്തരവുകള്‍ക്ക് വിധേയരായ വ്യക്തികളെയും പൊതുമാപ്പ് സംരംഭത്തില്‍ ഉള്‍പ്പെടുത്തില്ലെന്ന് ഐസിപി കൂട്ടിച്ചേര്‍ത്തു. പൊതുമാപ്പിന്റെ ഭാഗമായുള്ള എന്തെങ്കിലും ആനുകൂല്യങ്ങളോ ഇളവുകളോ അവര്‍ക്ക് ലഭിക്കണമെങ്കില്‍ അത്തരം ക്രിമിനല്‍ കേസുകള്‍ ജുഡീഷ്യല്‍ പ്രക്രിയകളിലൂടെ പരിഹരിക്കണം. അതിനു ശേഷം അവര്‍ക്ക് ആനുകൂല്യങ്ങള്‍ക്കായി അപേക്ഷ നല്‍കാം.
ഈ വര്‍ഷം ഒക്ടോബര്‍ 31 വരെയാണ് പൊതുമാപ്പ് പരിപാടി. നിയമ ലംഘകരോട് തങ്ങളുടെ സ്റ്റാറ്റസ് ക്രമപ്പെടുത്താന്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ഐസിപി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സയീദ് അല്‍ ഖൈലി ആവര്‍ത്തിച്ചു. പ്രവാസികള്‍ നേരിടുന്ന വീസ നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും തൊഴില്‍ സുരക്ഷിതമാക്കുന്നതിനും അല്ലെങ്കില്‍ പിഴകളില്ലാതെ യു.എ.ഇയില്‍ നിന്ന് പുറത്തുപോകുന്നതിനുമുള്ള സവിശേഷമായ അവസരമാണ് നല്‍കുന്നതെന്നും അദ്ദേഹം അറിയിച്ചു.
യുഎഇയില്‍ ജനിച്ച കുട്ടികള്‍ക്ക്, പൊതുമാപ്പ് കാലയളവില്‍ അവരുടെ സ്റ്റാറ്റസ് ക്രമപ്പെടുത്താന്‍ ജനന സര്‍ട്ടിഫിക്കറ്റും സാധുവായ പാസ്പോര്‍ട്ടോ റിട്ടേണ്‍ ഡോക്യുമെന്റോ ആവശ്യമാണെന്നും അല്‍ ഖൈലി വ്യക്തമാക്കി. യുഎഇ വിടാന്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക്, ഡിപ്പാര്‍ച്ചര്‍ പെര്‍മിറ്റ് ലഭിക്കുന്നതിന് സാധുവായ പാസ്പോര്‍ട്ടോ എംബസിയോ കോണ്‍സുലേറ്റോ നല്കുന്ന പകരം യാത്രാ രേഖയോ ആവശ്യമാണ്.
എക്സിറ്റ് പെര്‍മിറ്റ് ഉറപ്പാക്കിയ ശേഷം മാത്രമേ നാട്ടിലേക്ക് തിരിക്കുന്നതിനുള്ള യാത്രാ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ പാടുള്ളൂ. എന്തെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ എക്സിറ്റ് പെര്‍മിറ്റ് ലഭിക്കാന്‍ വൈകുന്നതു മൂലം യാത്ര മുടങ്ങാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് ഈ നിര്‍ദ്ദേശം. എക്സിറ്റ് പെര്‍മിറ്റ് ലഭിച്ച് 14 ദിവസത്തിന് ശേഷം രാജ്യം വിടണമെന്നാണ് നിബന്ധന. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവര്‍ക്ക് വീണ്ടും രാജ്യത്തിലേക്ക് പ്രവേശന വിലക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല