സ്വന്തം ലേഖകൻ: കുവൈത്തില്‍ വെറും എട്ടു ദിവസത്തിനുള്ളില്‍ 54,844 ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം. ഇതിനു പുറമെ, കുട്ടികള്‍ ഉള്‍പ്പെട്ട 68 ട്രാഫിക് നിയമ ലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റും ജനറല്‍ റെസ്‌ക്യൂ പോലീസ് ഡിപ്പാര്‍ട്ട്മെന്റും സെപ്റ്റംബര്‍ 7 മുതല്‍ സെപ്റ്റംബര്‍ 13 വരെയുള്ള 8 ദിവസത്തിനിടെ നടത്തിയ പരിശോധനകളിലാണ് 54,844 ട്രാഫിക് നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിന്റെ ഭാഗമായി 111 വാഹനങ്ങളും 31 മോട്ടോര്‍ സൈക്കിളുകളും പിടിച്ചെടുത്തു.
പരിശോധനയ്ക്കിടയില്‍ നിലവിലുള്ള കേസുകളുമായി ബന്ധപ്പെട്ട 66 വാഹനങ്ങള്‍ പിടിച്ചെടുത്തതായും അധികൃതര്‍ അറിയിച്ചു. നിയമം അനുശാസിക്കുന്ന 13 പേരെ അറസ്റ്റ് ചെയ്യുകയും നാല് പേരെ ശരിയായ തിരിച്ചറിയല്‍ രേഖയില്ലാത്തതിന്റെ പേരില്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ ഒരു വ്യക്തിയെയും മയക്കുമരുന്ന് കടത്ത് സംശയിക്കുന്ന മൂന്നു പേരെയും പരിശോധനയ്ക്കിടയില്‍ പിടികൂടുകയും മയക്കുമരുന്ന് വിരുദ്ധ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തതായും അധികൃതര്‍ വ്യക്തമാക്കി.
ഈ കാലയളവില്‍ 3,252 റിപ്പോര്‍ട്ടുകളോട് ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രതികരിക്കുകയും 1,480 ട്രാഫിക് അപകടങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തു. ഇതിനു പുറമെ, കൂടാതെ, സെപ്റ്റംബര്‍ 8 നും സെപ്റ്റംബര്‍ 14 നും ഇടയില്‍, ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എമര്‍ജന്‍സി പോലീസ് നടത്തിയ പരിശോധനകളില്‍ 203 പേരെ അറസ്റ്റ് ചെയ്യുകയും 155 വാഹനങ്ങള്‍ കണ്ടുകെട്ടുകയും ചെയ്തു. തിരിച്ചറിയല്‍ രേഖയില്ലാതെ 103 പേരെയും മദ്യപിച്ച നിലയില്‍ കണ്ടെത്തിയ 33 പേരെയും കസ്റ്റഡിയിലെടുത്തു. സംശയാസ്പദമായ ലഹരിപാനീയങ്ങള്‍ കൈവശം വച്ച എട്ട് പേരെ വേറെയും പിടികൂടി.
അതിനിടെ, വാഹനങ്ങളുടെ ഹോണ്‍ അനുചിതമായി ഉപയോഗിക്കുന്നത് കുവൈത്ത് നിയമപ്രകാരം ട്രാഫിക് ലംഘനമാണെന്നും 25 കുവൈത്ത് ദിനാര്‍ പിഴ ഈടാക്കുമെന്നും ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ഓര്‍മ്മപ്പെടുത്തി. വാഹന ഹോണുകള്‍ അപകടസാധ്യതയെക്കുറിച്ച് മറ്റു വാഹനങ്ങള്‍ക്കോ യാത്രക്കാര്‍ക്കോ മുന്നറിയിപ്പ് നല്‍കാനുള്ളതാണെന്ന് ട്രാഫിക് ബോധവല്‍ക്കരണ വകുപ്പിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ അബ്ദുല്ല ബു ഹസ്സന്‍ പറഞ്ഞു.
അടിയന്തര ഘട്ടത്തില്‍ മാത്രമേ അത് ഉപയോഗിക്കാവൂ. അഭിവാദ്യം ചെയ്യുന്നതിനോ റോഡില്‍ ശ്രദ്ധ നേടുന്നതിനോ വേണ്ടി ഡ്രൈവര്‍മാര്‍ പലപ്പോഴും ഹോണുകള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് അദ്ദേഹം അറിയിച്ചു. അനുചിതമായ ഹോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട ലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുക മാത്രമല്ല, ഡ്രൈവറുടെ റെക്കോര്‍ഡില്‍ ട്രാഫിക് പോയിന്റുകള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യുമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല