സ്വന്തം ലേഖകൻ: ഓക്സ്ഫോര്‍ഡ് സ്ട്രീറ്റ് ഭാഗികമായി നടപ്പാതയായി മാത്രം മാറ്റുന്നതിനുള്ള ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്റെ പദ്ധതിക്കെതിരെ കടുത്ത പ്രതിഷേധമായിരുന്നു നടന്നത്. ഈ വിവാദത്തിനിടയില്‍ നടന്ന വെസ്റ്റ്മിനിസ്റ്റര്‍ കൗണ്‍സിലിലേക്ക് വെസ്റ്റ് എന്‍ഡ് വാര്‍ഡില്‍ നിന്നുള്ള ഉപതെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വിജയം നേടി. കഴിഞ്ഞ തവണയിലെതിനേക്കാള്‍ 9 ശതമാനം വോട്ടുകള്‍ കൂടുതല്‍ നേടിയാണ് ടോറികള്‍ വിജയത്തിലെത്തിയത്. അതേസമയം, കൗണ്‍സിലിലെ ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിക്ക് നഷ്ടമായത് 10 ശതമാനം വോട്ടുകളും.
ടോറി സ്ഥാനാര്‍ത്ഥിയായ ടിം ബാര്‍നെസിന് 627 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ലേബര്‍ പാര്‍ട്ടിയുടെ ഫിയോണ പാര്‍ക്കര്‍ക്ക് 489 വോട്ടുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ഗ്രീന്‍ പാര്‍ട്ടിയുടെ രാജീവ് സിണ 94 വോട്ടുകള്‍ നേടിയപ്പോള്‍ ലിബറല്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ഫിലിപ്പ് കെര്‍ലെ 74 വോട്ടുകളൂം നേടി.സര്‍ക്കാര്‍ പിന്തുണയോടെ ഓക്സ്ഫോര്‍ഡ് സ്ട്രീറ്റ് ഭാഗികമായി നടപ്പാത മാത്രമാക്കി മാറ്റാനുള്ള ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്റെ പദ്ധതി പ്രഖ്യാപനം വന്നതിന് ഏതാനും ദിവസങ്ങള്‍ക്കിപ്പുറമാണ് ഈ ഫലവും വന്നിരിക്കുന്നത്.
ലേബര്‍ പാര്‍ട്ടി ഭരിക്കുന്ന വെസ്റ്റ്മിനിസ്റ്റര്‍ കൗണ്‍സില്‍ തന്നെ ഈ തീരുമാനത്തിനെതിര ആശങ്കയുയര്‍ത്തി രംഗത്തെത്തിയിരുന്നു. തങ്ങളുടെ അഭിമാന സൂചകമായ ഹൈ സ്ട്രീറ്റിന്റെ ഉടമസ്ഥാവകാശം തട്ടിപ്പറിക്കുന്നതിനും അതിനെ ഒരു നടവഴിയായി മാത്രം മാറ്റുന്നതിനും ഉള്ള തീരുമാനത്തിനെതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്താണ് ഈ തെരഞ്ഞെടുപ്പ് ഫലം എന്നായിരുന്നു മുന്‍ ടോറി എം പി നിക്കി എയ്ക്കിന് ട്വീറ്റ് ചെയ്തത്.
അതേസമയം, ഇന്നലെ ഫലം പുറത്തു വന്ന 14 കൗണ്‍സില്‍ ഉപതെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് 14 ശതമാനം കുറഞ്ഞതായി ലേബര്‍ പാര്‍ട്ടി വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. അങ്ങനെ നോക്കുമ്പോള്‍ പത്ത് ശതമാനത്തിനടുത്ത് മാത്രം വോട്ടുകള്‍ കുറഞ്ഞ വെസ്റ്റ്മൈനിസ്റ്ററില് പാര്‍ട്ടി മറ്റു പലയിടങ്ങളേക്കാള് മെച്ചപ്പെട്ട പ്രകടനം കാഴ്ച വെച്ചു എന്ന് തന്നെ കരുതാം എന്നാണ് ലേബര്‍ പാര്‍ട്ടിയുടെ നിലപാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല