സ്വന്തം ലേഖകൻ: ഒരു ചെറിയ ബിസിനസ് യാത്രയോ വാരാന്ത്യ അവധിക്കാലം ആഘോഷിക്കാനുള്ള ഒരു ട്രിപ്പോ പ്ലാന്‍ ചെയ്യുന്നവര്‍ക്ക് അബുദാബി വിമാനത്താവളത്തില്‍ വാഹനം കുറഞ്ഞ നിരക്കില്‍ പാര്‍ക്ക് ചെയ്യാന്‍ അവസരം. സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് ദീര്‍ഘകാല പാര്‍ക്കിങ്ങിന് കുറഞ്ഞ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നത്.
പാര്‍ക്കിങ് സൗകര്യം ഡിപ്പാര്‍ച്ചര്‍ ഏരിയയില്‍ നിന്ന് രണ്ട് മിനിറ്റ് മാത്രം അകലെയാണ് സജ്ജീകരിച്ചിരിക്കുന്നത്. നിങ്ങളുടെ പാര്‍ക്കിങ് സ്ഥാനം ഉറപ്പുനല്‍കുന്നതിനും അവസാന നിമിഷത്തെ തടസ്സങ്ങള്‍ ഒഴിവാക്കുന്നതിനും, ഓണ്‍ലൈന്‍ വഴി പാര്‍ക്കിംങ് മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ യാത്രക്കാര്‍ക്ക് അവസരമുണ്ട്.
സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വെബ്സൈറ്റ് അനുസരിച്ച്, നിലവിലെ പാര്‍ക്കിങ് നിരക്കുകള്‍ ഇപ്രകാരമാണ്:
2 മുതല്‍ 3 ദിവസം വരെ – 225 ദിര്‍ഹം
4 മുതല്‍ 7 ദിവസം വരെ – 325 ദിര്‍ഹം
8 മുതല്‍ 14 ദിവസം വരെ – 400 ദിര്‍ഹം
14 ദിവസത്തില്‍ കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവര്‍ പതിനഞ്ചാം ദിവസം മുതല്‍ പരമാവധി 30 ദിവസം വരെ പ്രതിദിനം 50 ദിര്‍ഹം എന്ന തോതില്‍ പാര്‍ക്കിങ് ഫീസ് നല്‍കണം. ഓണ്‍ലൈനായി പാര്‍ക്കിങ് സ്ഥലം മുന്‍കൂട്ടി റിസര്‍വ് ചെയ്യാന്‍ parking.zayedinternationalairport.ae എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് യാത്രാ തീയതി, എയര്‍പോര്‍ട്ടിലെത്തുന്ന സമയം, മടക്കയാത്ര വിശദാംശങ്ങള്‍ എന്നിവ നല്‍കുക. കാപ്ച്ച ടൈപ്പ് ചെയ്ത ശേഷം തുടരുക. നല്‍കിയിരിക്കുന്ന പാര്‍ക്കിങ് വിശദാംശങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷമായിരിക്കണം ഇത്.
ലഭ്യമായ പാര്‍ക്കിങ് ലൊക്കേഷന്‍, നിരക്ക്, പേയ്മെന്റ് ഓപ്ഷനുകള്‍ എന്നിവ സിസ്റ്റം നിങ്ങളെ കാണിക്കും. മുന്‍കൂറായി പണം നല്‍കേണ്ടതില്ല. ലോബിയിലോ എക്സിറ്റ് ലെയിനുകളിലോ ഉള്ള ഓട്ടോമാറ്റിക് മെഷീനുകളില്‍ പണമായോ, ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചോ പേയ്മെന്റുകള്‍ നടത്താം.
തുടര്‍ന്ന് നിങ്ങളുടെ മുഴുവന്‍ പേര്, മൊബൈല്‍ നമ്പര്‍, ഇമെയില്‍ വിലാസം, പുറപ്പെടുന്നതിനും എത്തിച്ചേരുന്നതിനുമുള്ള ഫ്ളൈറ്റ് നമ്പറുകള്‍ എന്നിവ നല്‍കുക. ശേഷം നിങ്ങളുടെ വാഹന വിശദാംശങ്ങള്‍ നല്‍കുക. നിങ്ങളുടെ എമിറേറ്റ്, വാഹന കോഡ്, പ്ലേറ്റ് നമ്പര്‍ എന്നിവ നല്കി നിബന്ധനകളും വ്യവസ്ഥകളും അംഗീകരിച്ച് ‘പ്രീ-ബുക്ക് പാര്‍ക്കിങ്’ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ റിസര്‍വ് ചെയ്ത സ്ഥലവുമായി ഒരു നോട്ടിഫിക്കേഷന്‍ നിങ്ങളുടെ മൊബൈലില്‍ എസ്എംഎസ്സായി ലഭിക്കും.
നിങ്ങള്‍ വിമാനത്താവളത്തില്‍ ആരെയെങ്കിലും ഡ്രോപ്പ് ചെയ്യുകയോ കൂട്ടിക്കൊണ്ടുപോവുകയോ ചെയ്യുകയാണെങ്കില്‍, പകരം നിങ്ങള്‍ ഹ്രസ്വകാല പാര്‍ക്കിങ് ഏരിയയിലേക്കാണ് പോകേണ്ടതുണ്ട്. ഹ്രസ്വകാല പാര്‍ക്കിംഗ് നിരക്കുകള്‍ ഇവയാണ്:
6 മുതല്‍ 15 മിനിറ്റ് വരെ – 15 ദിര്‍ഹം
16 മുതല്‍ 30 മിനിറ്റ് വരെ – 25 ദിര്‍ഹം
രണ്ട് മണിക്കൂര്‍ വരെ – 35 ദിര്‍ഹം
മൂന്ന് മണിക്കൂര്‍ വരെ – 55 ദിര്‍ഹം
നാല് മണിക്കൂര്‍ വരെ – 65 ദിര്‍ഹം
24 മണിക്കൂര്‍ – 125 ദിര്‍ഹം
ഓരോ അധിക ദിവസത്തിനും – 100 ദിര്‍ഹം
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല