1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 26, 2024

സ്വന്തം ലേഖകൻ: ഖത്തരി പൗരന്‍മാര്‍ക്ക് ഇനി യുഎസിലേക്ക് യാത്ര ചെയ്യാന്‍ വീസയുടെ ആവശ്യമില്ല. യുഎസിന്‍റെ വീസ വെയ്‌വര്‍ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി വീസരഹിത പ്രവേശം അനുവദിക്കപ്പെടുന്ന ആദ്യ ജിസിസി രാജ്യമായി ഖത്തര്‍ മാറിയതോടെയാണിത്. ഒരു യാത്രയില്‍ പരമാവധി 90 ദിവസമാണ് അമേരിക്കയില്‍ തങ്ങാന്‍ കഴിയുക. വിനോദ സഞ്ചാരം, ബിസിനസ് ആവശ്യങ്ങള്‍ക്ക് ഈസൗകര്യം പ്രയോജനപ്പെടുത്താം.

യുണൈറ്റഡ് സ്റ്റേറ്റ്‌സ് വീസ വെയ് വര്‍ പ്രോഗ്രാമില്‍ (വിഡബ്ല്യുപി) പ്രവേശിക്കുന്ന രണ്ടാമത്തെ മുസ്ലീം ഭൂരിപക്ഷ രാജ്യമായി ഇതോടെ ഖത്തര്‍ മാറി. ബ്രൂണെയാണ് ഇതിനു മുമ്പ് ഈ പദ്ധതിയില്‍ ഉള്‍പ്പെട്ട മുസ്ലിം ഭൂരിപക്ഷ രാജ്യം. യുഎസ് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് സ്റ്റേറ്റ്, ഹോംലാന്‍ഡ് സെക്യൂരിറ്റിയാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. ഇതിന് ആവശ്യമായ കര്‍ശനമായ യോഗ്യതാ മാനദണ്ഡങ്ങളും സുരക്ഷാ ആവശ്യകതകളും പാലിച്ചതിന് ഖത്തറിനെ അധികൃതര്‍ അഭിനന്ദിച്ചു.

‘അമേരിക്കയുടെ അസാധാരണമായ പങ്കാളിയാണ് ഖത്തര്‍, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഞങ്ങളുടെ തന്ത്രപരമായ ബന്ധം കൂടുതല്‍ ശക്തമായി,’സ്റ്റേറ്റ്, ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പുകള്‍ സംയുക്ത പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. ഖത്തറിന്‍റെ ശക്തമായ സുരക്ഷാ നടപടികളെയും മേഖലയിലെ സ്ഥിരതയ്ക്കുള്ള പ്രതിബദ്ധതയെയും അവര്‍ പ്രശംസിച്ചു.

രാജ്യത്തിന്‍റെ തീവ്രവാദ വിരുദ്ധത, നിയമപാലനം, ഡോക്യുമെന്‍റ് സെക്യൂരിറ്റി, അതിര്‍ത്തി മാനേജ്‌മെന്‍റ് എന്നിവയുമായി ബന്ധപ്പെട്ട കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിക്കുന്ന രാജ്യങ്ങളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. ഖത്തറില്‍ അമേരിക്കന്‍ സൈനിക താവളത്തിന് നല്‍കിയ അനുമതി, ഹമാസും ഇസ്രായേലും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിലെത്താനുള്ള ശ്രമങ്ങളില്‍ ഖത്തറിന്‍റെ നിര്‍ണായക പങ്ക്, അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സൈന്യം പിന്‍വാങ്ങുമ്പോള്‍ നല്‍കിയ സഹായം തടുങ്ങിയ കാര്യങ്ങളും ഇക്കാര്യത്തില്‍ ഖത്തറിന് തുണയായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.