സ്വന്തം ലേഖകൻ: ഇറാന്റെ പിന്തുണയുള്ള ലെബനീസ് സായുധസംഘമായ ഹിസ്ബുള്ളയുടെ ആസ്ഥാനത്തിനുനേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ള തലവൻ ഹസ്സൻ നസ്രള്ള കൊല്ലപ്പെട്ടതായി ഇസ്രയേൽ പ്രതിരോധ മന്ത്രാലയം (ഐഡിഎഫ്) ഔദ്യോഗികമായി അറിയിച്ചു. ലെബനീസ് തലസ്ഥാനമായ ബയ്റുത്തിനു തെക്ക് ദഹിയെയിലെ ഹിസ്ബുള്ള ആസ്ഥാനം വെള്ളിയാഴ്ചയാണ് ഇസ്രയേൽ ആക്രമിച്ചത്.
ഇസ്രയേൽ ആക്രമണത്തിൽ ഹസ്സൻ നസ്രള്ളയുടെ മകൾ സൈനബ് നസ്രള്ള കൊല്ലപ്പെട്ടതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇസ്രയേലി മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. എന്നാൽ ഹിസ്ബുള്ളയിൽ നിന്നോ ലെബനീസ് അധികൃതരിൽ നിന്നോ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ബയ്റുത്തിലെ ആക്രമണത്തിൽ ആറ് ബഹുനിലക്കെട്ടിടങ്ങളാണ് തകർന്നത്. സംഭവത്തെ ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്ന് യു.എൻ. അറിയിച്ചു. യു.എസും ഫ്രാൻസുമുൾപ്പെടെയുള്ള രാജ്യങ്ങൾ മുന്നോട്ടുവെച്ച 21 ദിനവെടിനിർത്തൽ നിർദേശത്തെ അപ്പാടേ നിരാകരിക്കുന്നതാണ് ഇസ്രയേൽ നടപടി.
ഹിസ്ബുള്ളയ്ക്കെതിരേ ഒരാഴ്ചയായി ലെബനനിൽ തുടരുന്ന സൈനികനടപടി അവസാനിപ്പിക്കില്ലെന്ന് യു.എൻ. പൊതുസഭയിൽ ഇസ്രയേൽ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ആക്രമണം. ഗാസയിൽ ഹമാസിനെതിരേ സമ്പൂർണവിജയം എന്ന യുദ്ധലക്ഷ്യം നേടുംവരെ ലെബനനിലും സൈനികനടപടി തുടരുമെന്നാണ് നെതന്യാഹു വ്യക്തമാക്കിയത്.
ലെബനനിൽ ഇസ്രയേൽ കരയുദ്ധത്തിനു കോപ്പുകൂട്ടുന്നെന്ന സൂചന നൽകി ലെബനനുമായി അതിർത്തിപങ്കിടുന്ന വടക്കൻമേഖലകളിലേക്ക് ഇസ്രയേൽ കൂടുതൽ യുദ്ധടാങ്കുകളും കവചിതവാഹനങ്ങളുമെത്തിക്കുന്നത് തുടരുകയാണ്. കരുതൽസേനാംഗങ്ങളോട് ജോലിയിൽ പ്രവേശിക്കാനും സൈനികനേതൃത്വം ഉത്തരവിട്ടിട്ടുണ്ട്. കരയുദ്ധം ആരംഭിക്കാൻ എതുനിമിഷവും ഒരുങ്ങിയിരിക്കണമെന്ന് ഇസ്രയേൽ സേനാമേധാവി സൈനികർക്ക് ഈയിടെ നിർദേശം നൽകിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല