1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 28, 2024

സ്വന്തം ലേഖകൻ: നിശ്ചിത സമയപരിധി തീരുന്നതിനു മുൻപ് ബയോമെട്രിക് രജിസ്‌ട്രേഷന്‍ നടത്താത്തവരുടെ ഗവണ്‍മെന്റ് ഇടപാടുകള്‍ നിര്‍ത്തിവെക്കുന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങളില്‍ കുവൈത്ത് പൗരന്‍മാരുടെ വന്‍ തിരക്ക്. സെപ്റ്റംബര്‍ 30വരെയാണ് കുവൈത്ത് പൗരന്‍മാര്‍ക്ക് ബയോമെട്രിക് വിരലടയാളം രജിസ്റ്റര്‍ ചെയ്യുന്നതിന് അനുവദിച്ചിരിക്കുന്ന സമയം. ഇതിനു മുമ്പായി നടപടികള്‍ പൂര്‍ത്തീകരിക്കാനായാണ് സ്വദേശികള്‍ കൂട്ടത്തോടെ ബയോമെട്രിക് രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങളില്‍ എത്തുന്നത്.

വിരലടയാള രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങളില്‍ പ്രതിദിനം ശരാശരി 600 കുവൈത്ത് പൗരന്‍മാര്‍ എത്തിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 6000 പേരാണ് എത്തുന്നതെന്ന് മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബയോമെട്രിക് വിരലടയാളം രേഖപ്പെടുത്തേണ്ട 110,000 സ്വദേശികളില്‍ 9,500 പേര്‍ ഇനിയും രജിസ്റ്റര്‍ ചെയ്യാന്‍ ബാക്കിയുണ്ടെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ഐഡന്റിഫിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥനായ ലെഫ്റ്റനന്റ് കേണല്‍ ഹമദ് അല്‍ ഷിമ്രി അറിയിച്ചു.

മൊത്തം 26 ലക്ഷം പ്രവാസികളില്‍ 7.9 ലക്ഷം പേരാണ് ഇനി വിരലടയാളം രേഖപ്പെടുത്താന്‍ ബാക്കിയുള്ളതെന്നും അദ്ദേഹം അറിയിച്ചു. കുവൈത്തികള്‍ക്ക് സെപ്റ്റംബര്‍ 30നും പ്രവാസികള്‍ക്ക് 31നുമാണ് ബയോമെട്രിക് രജിസ്‌ട്രേഷനുള്ള സമയം അവസാനിക്കുക. ഈ സമയക്രമം പാലിക്കുന്നതില്‍ പരാജയപ്പെടുന്നവരുടെ എല്ലാ സര്‍ക്കാര്‍ ബാങ്കിങ് ഇടപാടുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് കുവൈത്ത് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒരുതവണ കാലാവധി നീട്ടി നല്‍കിയതിനാല്‍ ഇനി അതുണ്ടാവില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അവസാന ദിവസങ്ങളിലെ തിരക്ക് മുന്നില്‍ക്കണ്ട് രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം നീട്ടിക്കൊണ്ട് ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിരുന്നു. അതോടൊപ്പം ഔട്ട്‌ഡോര്‍ സെന്ററുകളിലേക്ക് പോകാന്‍ കഴിയാത്ത പ്രായമായവര്‍ക്കും രോഗികള്‍ക്കും വേണ്ടി കുവൈത്ത് അധികൃതര്‍ ഹോം ബയോമെട്രിക്‌സ് സേവനവും അവതരിപ്പിക്കുകയുണ്ടായി. രാജ്യത്തെ വിവിധ ഷോപ്പിങ് മാളുകളില്‍ സജ്ജീകരിച്ചിട്ടുള്ള ഫിംഗര്‍ പ്രിന്റിങ് ഓഫീസുകളിലെ ജോലികള്‍ ഒക്ടോബര്‍ ഒന്നുമുതല്‍ നിര്‍ത്തുമെന്നും മന്ത്രാലയത്തിന്റെ തിരിച്ചറിയല്‍ കേന്ദ്രത്തിലെ നിയുക്ത കേന്ദ്രങ്ങള്‍ ആഴ്ചയിലുടനീളം രാവിലെ 8 മുതല്‍ രാത്രി 10വരെ പ്രവര്‍ത്തിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

വിരലടയാളം എടുക്കുന്നതില്‍ പരാജയപ്പെടുന്ന പൗരന്മാരുടെയും പ്രവാസികളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്കുള്ള പ്രവേശനം ക്രമേണ നിയന്ത്രിക്കാനും കുവൈത്ത് അധികൃതര്‍ പദ്ധതിയിടുന്നതായി ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൗരന്മാര്‍ക്കുള്ള സമയപരിധി ഈ മാസം അവസാനത്തോടെ അവസാനിക്കാനിരിക്കെ നിയമലംഘകരുടെ അക്കൗണ്ടുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്ന് കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് ബാങ്കുകളോട് നിര്‍ദേശിച്ചതായി കുവൈത്ത് പത്രമായ അല്‍ റായ് റിപ്പോര്‍ട്ട് ചെയ്തു. കുവൈത്തില്‍ താമസിക്കുന്ന 18 വയസോ അതില്‍ കൂടുതലോ പ്രായമുള്ള എല്ലാവര്‍ക്കും ബയോമെട്രിക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.