1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 28, 2024

സ്വന്തം ലേഖകൻ: ഇന്ത്യന്‍ പ്രവാസികളെ ലക്ഷ്യമിട്ടുള്ള ഫോണ്‍ കോള്‍ തട്ടിപ്പ് ശ്രമങ്ങളും ദുബായിലും നടക്കുന്നതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് രാജ്യത്തെ പ്രവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. സമാനമായ തട്ടിപ്പ് കോളുകള്‍ ഒമാനിലും കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒമാനിലെ ഇന്ത്യന്‍ എംബസിയും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ദുബായിലും ഇത്തരം തട്ടിപ്പു സംഘം രംഗത്തെത്തിയിരിക്കുന്നത്.

ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു കീഴിലെ പ്രവാസി ഭാരതീയ സഹായതാ കേന്ദ്രത്തില്‍ നിന്ന് ഇമിഗ്രേഷന്‍ കാര്യങ്ങളുമായി ബന്ധപ്പെട്ട് വ്യാജ കോളുകള്‍ വരുന്നതായി കോണ്‍സുലേറ്റ് പ്രവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ നല്‍കി ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് കോണ്‍സുലേറ്റിന്‍റെ മുന്നറിയിപ്പ്.

പ്രവാസി ഭാരതീയ സഹായതാ കേന്ദ്രത്തിന്‍റെ 80046342 എന്ന ടെലഫോണ്‍ നമ്പററിന് സമാനമായ നമ്പറില്‍ നിന്നാണ് വ്യാജ കോളുകള്‍ ഇന്ത്യന്‍ പ്രവാസികളെ തേടിയെത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ദുബായിലെയും വടക്കന്‍ എമിറേറ്റുകളിലെയും പ്രവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ദുബായിലെ ഇന്ത്യന്‍ മിഷന്‍ ആവശ്യപ്പെട്ടു.

നിലവിലില്ലാത്ത ചില ഇമിഗ്രേഷന്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനെന്ന വ്യാജേനയാണ് കോണ്‍സുലേറ്റിന്‍റെ പ്രവാസി ഭാരതീയ സഹായതാ കേന്ദ്രത്തില്‍ നിന്ന് എന്നു പറഞ്ഞ് ഫോണ്‍ വിളികള്‍ വരുന്നത്. താങ്കള്‍ക്ക് ഇമിഗ്രേഷനുമായി ബന്ധപ്പെട്ട ഇന്ന പ്രശ്‌നങ്ങളുണ്ടെന്നും അതിന് നിശ്ചിത തുക അടയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് വിളി. ഇത് പണം തട്ടിയെടുക്കാനുള്ള തട്ടിപ്പു സംഘത്തിന്റെ കെണിയാണെന്നും അതില്‍ വീഴരുതെന്നും കോണ്‍സുലേറ്റ് മുന്നറിയിപ്പ് നല്‍കി.

ഇമിഗ്രേഷന്‍ സംബന്ധമായ വിഷയങ്ങളില്‍ കോണ്‍സുലേറ്റ് ഇന്ത്യന്‍ പൗരന്മാരെ വിളിക്കാറില്ലെന്നും അത്തരം കോളുകളോട് പ്രതികരിക്കരുതെന്നും കോണ്‍സുലേറ്റ് അറിയിച്ചു. ഒരു കാരണവശാലും അവര്‍ക്ക് പണം കൈമാറാന്‍ പാടില്ല. അതേപോലെ കോണ്‍സുലേറ്റ് ഒരു വ്യക്തിയുടെ സ്വകാര്യ വിവരങ്ങളോ ഒടിപിയോ പിന്‍ നമ്പറുകളോ ബാങ്ക് വിശദാംശങ്ങളോ ആവശ്യപ്പെടാറില്ലെന്നും ഫോണ്‍ വഴി അത്തരം വിവരങ്ങള്‍ ആര് ചോദിച്ചാലും നല്‍കരുതെന്നും കോണ്‍സുലേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

അടുത്തിടെ, യുഎഇയുടെ ഫെഡറല്‍ ടാക്‌സ് അതോറിറ്റി സൈബര്‍ കുറ്റവാളികളുടെ ഇമെയില്‍ ഫിഷിങ് തട്ടിപ്പുകളെ കുറിച്ച് താമസക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.