1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 29, 2024

സ്വന്തം ലേഖകൻ: ഹിസ്ബുള്ള നേതാവ് സയ്യിജ് ഹസ്സൻ നസ്രല്ലയുടെ കൊലപാതകം ആസൂത്രണം ചെയ്യാൻ സഹായിച്ചത് ഇറാൻ പൗരനായ ഇസ്രയേൽ ചാരനെന്ന് വിവരം. ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നസ്റല്ല എത്തിയ ബങ്കറിൽ കൃത്യമായി മിസൈൽ ആക്രമണം നടത്തിയതെന്നാണ് റിപ്പോർ‌ട്ട്. ലെബനൻ വൃത്തങ്ങളെ ഉദ്ധരിച്ച് ഫ്രഞ്ച് മാധ്യമമായ പാരീസിയൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

നസ്രല്ല അതീവ രഹസ്യമായി ബെയ്റൂത്തിലെ ഹിസ്ബുള്ള ആസ്ഥാനത്തെ ഭൂ‌​ഗർഭ അറയിൽ വച്ച് ഉന്നതതല യോ​ഗം ചേരുന്നുവെന്ന വിവരമാണ് ചാരൻ വഴി ഇസ്രയേലിലേക്ക് എത്തിയത്. ഇതോടെ ഈ ഭൂ​ഗർഭ അറയിലേക്ക് ഇസ്രയേൽ മിസൈലുകൾ തൊടുത്തു. ശനിയാഴ്ച പുലർച്ചയോടെ നസ്റല്ല ആക്രമണത്തിൽ കൊല്ലപ്പെട്ടു.നസ്റല്ലയെ കൊലപ്പെടുത്തിയെന്ന് ഇസ്രയേൽ ഔദ്യോ​ഗികമായി അറിയിക്കുകയും ചെയ്തു. വൈകാതെ ഹിസ്ബുള്ളയും ഇക്കാര്യം സ്ഥിരീകരിച്ചു. ബെയ്റൂത്ത് ആക്രമണത്തിൽ ആറ് പേരാണ് കൊല്ലപ്പെട്ടത്. 91 പേർക്ക് പരിക്കേറ്റതായും ലെബനൻ അറിയിച്ചു. ആക്രമണത്തിൽ ആറ് കെട്ടിടങ്ങളും തകർന്നിട്ടുണ്ട്.

വര്‍ഷങ്ങളായി ഒളിവില്‍ കഴിയുന്ന നേതാവാണ് നസ്റല്ല. ലെബനനില്‍, പ്രത്യേകിച്ച് ഷിയാ അനുയായികള്‍ക്കിടയില്‍ ആധിപത്യമുള്ള നേതാവാണ്. 1992 ഫെബ്രുവരി മുതല്‍ ഹിസ്ബുള്ളയുടെ സെക്രട്ടറി ജനറലാണ് ഹസ്സന്‍ നസ്റല്ല. എട്ട് സഹോദരങ്ങളാണ് നസ്റല്ലയ്ക്കുളളത്. ചെറുപ്പം മുതലേ മതപഠനം നടത്തിയ അദ്ദേഹം ഒടുവില്‍ ഷിയാ രാഷ്ട്രീയ, അര്‍ദ്ധസൈനിക വിഭാഗമായ അമല്‍ മൂവ്മെന്റില്‍ ചേര്‍ന്നു. 1982-ല്‍ ലെബനനിലെ ഇസ്രയേല്‍ അധിനിവേശത്തെത്തുടര്‍ന്ന് നിരവധി നാശനഷ്ടങ്ങളാണ് ഉണ്ടായത്. അന്ന് ഹിസ്ബുള്ള സ്ഥാപിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് നസ്റല്ല.

ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് ഇറാന്റെ ആരോപണം. ഹിസ്ബുള്ളയ്‌ക്കെതിരെയുള്ള ആക്രമണത്തില്‍ 85 ബങ്കര്‍ ബസ്റ്റര്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് ഇസ്രയേല്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഭൂഗര്‍ഭ സൗകര്യങ്ങളും കോണ്‍ഗ്രീറ്റ് കെട്ടിടങ്ങളും തകര്‍ക്കാന്‍ ശേഷിയുള്ള ബോംബുകളാണിവ. 2000 പൗണ്ടിനും 4000 പൗണ്ടിനുമിടയിലാണ് ഓരോ ബോംബിന്റെയും ഭാരം. ജനസാന്ദ്രതയുള്ള സ്ഥലങ്ങളില്‍ ബങ്കര്‍ ബസ്റ്ററുകള്‍ ഉപയോഗിക്കരുതെന്ന് ജനീവ കണ്‍വെന്‍ഷനില്‍ തീരുമാനിച്ചിരുന്നു.

ഇതിനിടെ ഹിസ്ബുള്ളയുടെ രാഷ്ട്രീയ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന നസ്‌റള്ളയുടെ ബന്ധുകൂടിയായ ഹാഷിം സഫീദ്ദീന്‍, നസ്റല്ലയുടെ പിന്‍ഗാമിയാകുമെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഈ തീരുമാനം ഹിസ്ബുള്ളയ്ക്ക് ഒറ്റയ്ക്കെടുക്കാന്‍ സാധിക്കില്ല. ഇറാനിലെ പ്രബല സഖ്യത്തിന്റെ അംഗീകാരം കൂടി ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമാകുകയുള്ളൂ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.