1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 29, 2024

സ്വന്തം ലേഖകൻ: താമസ കെട്ടിടങ്ങള്‍ക്കും അപ്പാർട്മെന്റുകള്‍ക്കുമായി പുതിയ സുരക്ഷാ ചട്ടങ്ങള്‍ കൊണ്ടുവരുമെന്ന് കുവൈത്ത് ഫയര്‍ഫോഴ്‌സ് ആക്ടിങ് ചീഫ് മേജര്‍ ജനറല്‍ ഖാലിദ് ഫഹദ്. തീപിടിത്ത പ്രതിരോധനടപടികള്‍ ശക്തിപ്പെടുത്തുന്നതിനാണിത്. ഇത്തരം കെട്ടിടങ്ങളെ ഫയര്‍ഫോഴ്‌സ് ഓപ്പറേഷന്‍ റൂമുമായി ബന്ധപ്പെടുത്തുന്ന പ്രധാന പദ്ധതി ഡിസംബറോടെ നടപ്പിലാക്കുമെന്നും മേജര്‍ ജനറല്‍ അറിയിച്ചു.

മംഗഫ് തീപിടിത്തത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടികളും നിയന്ത്രണങ്ങളുമെന്ന് അദ്ദേഹം ‘കുവൈത്ത് ന്യൂസ് ഏജൻസി’ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മുന്‍പ് 10 നിലയ്ക്ക് മുകളിലുള്ള കെട്ടിടങ്ങള്‍ക്ക് മാത്രമായിരുന്നു ഫയര്‍ സ്പ്രിങ്ളര്‍ ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, പുതിയ ചട്ടപ്രകാരം എല്ലാ താമസ കെട്ടിടങ്ങള്‍ക്കും ഇത് ഉറപ്പാക്കും.

സ്വകാര്യ കെട്ടിടങ്ങളെ താമസ കെട്ടിട ചട്ടങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കില്ലും, സ്‌മോക്ക് ഡിറ്റക്ടറുകള്‍, അഗ്‌നിശമന ഉപകരണങ്ങള്‍ സ്ഥാപിക്കല്‍, എലിവേറ്റര്‍, ഗ്യാസ് ഇന്‍സുലേഷന്‍ തുടങ്ങിയവ ഫയര്‍ഫോഴ്‌സ് അംഗീകാരത്തോടെ മാത്രമേ ചെയ്യാന്‍ അനുവദിക്കുകയുള്ളൂ. ഇതിന് മുനിസിപ്പാലിറ്റി, പബ്ലിക് അതോറിറ്റി ഫോര്‍ ഹൗസിങ് വെല്‍ഫെയര്‍ എന്നിവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കും.

ഇത്തരം കെട്ടിടങ്ങളുടെ മുകള്‍ഭാഗം, മുകളിലേക്കുള്ള വാതിലുകള്‍,സ്‌റ്റോറുകള്‍, ബേസ്‌മെന്റുകള്‍ എല്ലാം പരിശോധനിച്ച് വരികയാണ്. പൊതുജന അവബോധം തീപിടിത്തം കുറയ്ക്കുന്നതിന് കാരണമായിട്ടുണ്ടെന്നും മേജര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. ഈ വര്‍ഷം സെപ്റ്റംബര്‍ പകുതി വരെയുള്ള കണക്ക് പ്രകാരം മൊത്തം 4056 തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

തീപിടിത്ത പ്രതിരോധ നടപടികള്‍ സ്വീകരിക്കാത്ത 29 സ്ഥാപനങ്ങള്‍ കഴിഞ്ഞ ദിവസം കുവൈത്ത് ഫയര്‍ഫോഴ്‌സ് ഇടപ്പെട്ട് പൂട്ടിച്ചു. അനധികൃതമായ ബേസ്‌മെന്റുകളില്‍ ഗ്യാസ് സിലണ്ടറുകള്‍ അടക്കം സൂക്ഷിച്ചവയാണ് അധികൃതര്‍ സീൽ ചെയ്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.