സ്വന്തം ലേഖകൻ: ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം. സുപ്രീം കോടതിയാണ് സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. യുവ നടിയുടെ ലൈംഗികാതിക്രമ പരാതിയിലാണ് മുൻകൂർ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചത്. രണ്ടാഴ്ചത്തേക്ക് സിദ്ദിഖിനെ അറസ്റ്റു ചെയ്യരുതെന്ന് സുപ്രീം കോടതി നിർദേശിച്ചു.
സെപ്റ്റംബർ 24ന് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതു മുതൽ സിദ്ദിഖ് ഒളിവിലാണ്. ഇതിനു പിന്നാലെ സിദ്ദിഖിനെതിരെ പൊലീസ് കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ അടക്കം ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. മലയാളത്തിലെയും ഇംഗ്ലീഷിലെയും വിവിധ ദിനപത്രങ്ങളിൽ സിദ്ദിഖിന്റെ ഫോട്ടോ അടക്കമാണ് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചത്.
സിദ്ദിഖിനെതിരെ കഴിഞ്ഞ മാസമാണ് കേസ് രജിസ്റ്റർ ചെയ്തതെങ്കിലും അറസ്റ്റ് ചെയ്യുന്നതിനുള്ള ഒരു നടപടിയും പൊലീസ് സ്വീകരിച്ചിരുന്നില്ല. മാധ്യമങ്ങളിലൂടെ യുവ നടിയാണ് സിദ്ദിഖിനെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചത്. ആരോപണത്തിനുപിന്നാലെ മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല