1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 30, 2024

സ്വന്തം ലേഖകൻ: ഡ്രൈവിംഗ് ലൈസന്‍സില്‍ മറ്റങ്ങള്‍ വരുന്നതുള്‍പ്പടെ യുകെയില്‍ പുതിയ ഡ്രൈവിംഗ് നിയമങ്ങള്‍ നിലവില്‍ വരുന്നു. പുതിയ പ്രൈവറ്റ് പാര്‍ക്കിംഗ് സെക്റ്റര്‍ സിംഗിള്‍ കോഡ് ഓഫ് പ്രാക്റ്റീസ് ഔദ്യോഗികമായി തന്നെ ഒക്ടോബറില്‍ നിലവില്‍ വരും. ഇത് വാഹനമുടമകള്‍ക്ക് കാര്യങ്ങള്‍ കുറേക്കൂടി ലളിതമാക്കും എന്നാണ് കരുതപ്പെടുന്നത്. ബ്രിട്ടീഷ് പാര്‍ക്കിംഗ് അസ്സോസിയേഷനും (ബി പി എ) ഇന്റര്‍നാഷണല്‍ പാര്‍ക്കിംഗ് കമ്മ്യൂണിറ്റിയും (ഐ പി സി) ചേര്‍ന്ന് രൂപീകരിക്കുന്ന കോഡ്, പാര്‍ക്കിംഗ് നിലവാരം ഉയര്‍ത്താനും അതോടൊപ്പം ഉപഭോക്താക്കള്‍ക്ക് സ്ഥിരതയുള്ളതും സുതാര്യവുമായ സേവനം ഉറപ്പു വരുത്താനും ഉദ്ദേശിച്ചുള്ളതാണ്.

പുതിയ കോഡ് സമ്പ്രദായത്തിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് 10 മിനിറ്റ് ഗ്രേസ് പിരീഡ് നല്‍കേണ്ടത് നിര്‍ബന്ധമാക്കും. അതായത്, നിര്‍ദ്ദിഷ്ട സമയത്തിലും 10 മിനിറ്റ് വരെ കൂടുതല്‍ പാര്‍ക്കിംഗ് ദീര്‍ഘിപ്പിച്ചാലും പിഴ ഒടുക്കേണ്ടി വരില്ല. പത്ത് മിനിറ്റിന് ശേഷമുള്ള സമയത്തിന് മാത്രമെ പിഴ ഈടാക്കുകയുള്ളു.

സ്വകാര്യ പാര്‍ക്കിംഗ് മേഖലയിലെ നിയമങ്ങള്‍ ഏകീകരിക്കപ്പെടും, തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് പുതിയ അപ്പീല്‍ സംവിധാനം എന്നിവയും ഇതിന്റെ ഭാഗമാണ്. സര്‍ക്കാര്‍, ഉപഭോക്തൃ സംഘടനകള്‍, മറ്റുള്ളവര്‍ എന്നിവരൊത്ത്, സുതാര്യവും സുസ്ഥിരവുമായ സേവനം നല്‍കാനായുള്ള തങ്ങളുടെ പരിശ്രമത്തിലെ ഏറ്റവും വലിയ നാഴികക്കല്ലാണിത് എന്നാണ് ബി പി എ ചീഫ് എക്സിക്യൂട്ടീവ് ആന്‍ഡ്രൂ പീറ്റര്‍ ഇതേക്കുറിച്ച് പറഞ്ഞത്. ഒക്ടോബര്‍ 1 മുതല്‍ ഇത് നടപ്പിലാക്കാന്‍ ആരംഭിക്കും. 2026 അവസാനമാകുമ്പോഴേക്കും ഇത് പൂര്‍ണ്ണമായും നടപ്പിലായിരിക്കും.

ലേബര്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ വാഹന നികുതി ഉള്‍പ്പടെ വര്‍ദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബജറ്റില്‍ കഠിനമായ പല തീരുമാനങ്ങളും എടുക്കേണ്ടി വന്നേക്കും എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന വാഹനമുടമകളെയും ആശങ്കയിലാഴ്തി. 22 മില്യന്‍ പൗണ്ടിന്റെ പൊതു കമ്മി നികത്താനുള്ള ശ്രമത്തില്‍ ഫ്യുവല്‍ ഡ്യൂട്ടിയില്‍ സര്‍ക്കാര്‍ കണ്ണുവയ്ക്കാനിടയുണ്ട്. അതുപോലെ പേ പെര്‍ മൈല്‍ കാര്‍ ടാക്സ് സിസ്റ്റവും നിലവില്‍ വന്നേക്കും.

അതുപോലെ ഡ്രൈവിംഗ് ലൈസന്‍സ് നിയമങ്ങളിലും മാറ്റം വരികയാണ്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇനി മുതല്‍ നിര്‍ബന്ധമായേക്കും. സമാനമായ രീതിയില്‍ വാഹനത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങളിലും മാറ്റം വരും. ഒക്ടോബര്‍ 28 മുതല്‍ 12 ടണ്ണില്‍ ഏറെ ഭാരമുള്ള എച്ച് ഗി വി കള്‍ക്ക് ചുരുങ്ങിയത് ത്രീ സ്റ്റാര്‍ ഡയറക്റ്റ് വിഷന്‍ സ്റ്റാന്‍ഡേര്‍ഡ് റേറ്റിംഗ് ആവശ്യമായി വരും.അതല്ലെങ്കില്‍ പ്രൊഗ്രസ്സിവ് സേപ്റ്റി സിസ്റ്റത്തിന്റെ അപ്‌ഗ്രേഡഡ് സിസ്റ്റം ആവശ്യമായി വരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.