1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 1, 2024

സ്വന്തം ലേഖകൻ: യുകെയില്‍ ഇന്ന് മുതല്‍ വൈദ്യുതി ഗ്യാസ് നിരക്കുകളില്‍ 10 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടാകുന്നതോടെ ശൈത്യകാലത്ത് പകുതിയോളം ബ്രിട്ടീഷുകാര്‍ ഊര്‍ജ്ജ ഉപയോഗത്തിന് പരിധി നിശ്ചയിക്കുമെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. ഊര്‍ജ്ജനിരക്കിലുണ്ടാകുന്ന വര്‍ദ്ധനവ് ഒരു ശരാശരി കുടുംബത്തിന്റെ ബില്ലില്‍ 149 പൗണ്ടിന്റെ വര്‍ദ്ധനവ് ഉണ്ടാക്കുന്ന സാഹചര്യത്തില്‍ പ്രായക്കൂടുതലും അനാരോഗ്യവും ഉള്ളവര്‍ക്ക് ശൈത്യകാലത്ത് വീടുകള്‍ ചൂടാക്കി വെയ്ക്കാന്‍ കൂടുതല്‍ സഹായങ്ങള്‍ പ്രഖ്യാപിക്കണമെന്ന് വിവിധ ചാരിറ്റികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

നാഷണല്‍ എനര്‍ജി ആക്ഷന്‍ എന്ന ചാരിറ്റിക്ക് വേണ്ടി യു ഗൊ നടത്തിയ സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 46 ശതമാനം പേര്‍ പറഞ്ഞത് സൗകര്യപ്രദമായ ജീവിതം നയിക്കുന്നതിന് ആവശ്യമായതിനേക്കാള്‍ കുറവ് ഊര്‍ജ്ജം മാത്രമെ ഈ ശൈത്യകാലത്ത് ഉപയോഗിക്കൂ എന്നാണ്. താഴ്ന്ന വരുമാനക്കാരില്‍ 45 ശതമാനം പേര്‍ പറഞ്ഞത്കഴിഞ്ഞ വര്‍ഷം തന്നെ എനര്‍ജി ബില്‍ നല്‍കുവാന്‍ ഏറെ ക്ലേശിച്ചു എന്നാണ്. അതേസമയം, പ്രീപെയ്ഡ് മീറ്ററില്‍ ഉണ്ടായിരുന്നവരില്‍ മൂന്നിലൊന്ന് പേര്‍ പറഞ്ഞത് ആവശ്യമുള്ള സമയത്ത് വൈദ്യുതിയോ ഹീറ്റിംഗോ ഇല്ലാതെ കഷ്ടപ്പെട്ടു എന്നായിരുന്നു.

പുതിയ നിരക്ക് നിലവില്‍ വരുന്നതോടെ പത്ത് ശതമാനം കൂടുതലായി ചെലവഴിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ 60 ലക്ഷത്തോളം ബ്രിട്ടീഷ് കുടുംബങ്ങള്‍ ഊര്‍ജ്ജ ദാരിദ്ര്യം അനുഭവിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. നിരക്ക് വര്‍ദ്ധിക്കുന്നതിനൊപ്പം, വിന്റര്‍ ഫ്യുവല്‍ പേയ്മെന്റ് നിര്‍ത്തലാക്കാനുള്ള ലേബര്‍ സര്‍ക്കാരിന്റെ തീരുമാനം ജനങ്ങളെ, പ്രത്യേകിച്ചും പെന്‍ഷന്‍കാരെ കൂടുതല്‍ ദുരിതത്തിലാഴ്ത്തും.

സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ താരിഫിലുള്ള വീടുകള്‍ക്ക് അടുത്ത മാസം 1 മുതല്‍ 10 ശതമാനത്തോളമാണ് നിരക്ക് വര്‍ദ്ധിക്കുന്നത്. രാജ്യത്തെ 85% വീടുകളും ഈ താരിഫിലാണ്. എനര്‍ജി റെഗുലേറ്ററായ ഓഫ്‌ജെം പ്രൈസ് ക്യാപ്പില്‍ വരുത്തിയ മാറ്റമാണ് ഒക്ടോബറില്‍ പ്രതിഫലിക്കുന്നത്.

ഇതിനിടയില്‍ ആശ്വാസമായി നൂറു കണക്കിന് വീടുകള്‍ക്ക് അഞ്ച് വര്‍ഷം വരെ എനര്‍ജി സൗജന്യമായി ലഭിക്കുന്ന പുതിയ പദ്ധതിയെ കുറിച്ചുള്ള വാര്‍ത്തയും വരുന്നുണ്ട്. ഒക്ടോപസ് എനര്‍ജിയും ബില്‍ഡര്‍മാരും ചേര്‍ന്നാണ് ഈ പദ്ധതി ഒരുക്കുന്നത്. സീറോ ബില്‍ പദ്ധതി പ്രകാരം ഹീറ്റ് പമ്പ്, സ്മാര്‍ട്ട് മീറ്റര്‍, ഹോം ബാറ്ററി തുടങ്ങിയ ഹരിത സാങ്കേതിക വിദ്യകള്‍ വീട്ടില്‍ ഇന്‍സ്റ്റാള്‍ചെയ്യണം. അതിനു ശേഷം ഒക്ടോപസ് സീറോ എനര്‍ജി ടാരിഫില്‍ സൈന്‍ അപ് ചെയ്യണം. തങ്ങള്‍ ഉദ്പാദിപ്പിക്കുന്നതിലും കൂടുതല്‍ എനര്‍ജി ഉപയോഗിച്ചാല്‍ പോലും ഒരു വീടും എനര്‍ജിക്കായി പണം മുടക്കേണ്ടി വരില്ല എന്നാണ് ഒക്ടോപസ് പറയുന്നത്.

എന്നാല്‍, ഓരോ വീടിനും പരിമിതമായ തോതിലുള്ള വൈദ്യുതി മാത്രമെ ഓരോ വര്‍ഷവും ലഭിക്കുകയുള്ളൂ. അത് കഴിഞ്ഞുള്ള ഉപയോഗത്തിന് ചാര്‍ജ്ജ് നല്‍കേണ്ടി വരും. എന്നാല്‍, ഒരു ശരാശരി കുടുംബത്തിന്റെ വൈദ്യുതി ഉപയോഗം ഒരിക്കലും ഈ പരിധിക്ക് പുറത്ത് പോകില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഓരോ വീടുമായും ഘടിപ്പിച്ചിരിക്കുന്ന സോളാര്‍ പാനലുകള്‍ ഉപയോഗിച്ചായിരിക്കും വൈദ്യുതി ഉദ്പാദിപ്പിക്കുക. ഈ പാനല്‍ മാനേജ് ചെയ്യുന്നത് ഒക്ടോപസ് ആയിരിക്കും. ഓരോ വീട്ടിലെയും ആവശ്യം കഴിഞ്ഞുള്ള വൈദ്യുതി ഒക്ടോപസ് എടുക്കുകയും ചെയ്യും.

സീറോ ടാരിഫിന്റെ സ്പെസിഫിക്കേഷനുകള്‍ക്ക് അനുസരിച്ച് പുതിയതായി നിര്‍മ്മിക്കപ്പെട്ട വീടുകള്‍ക്ക് മാത്രമാണ് നിലവില്‍ ഈ സ്‌കീം ബാധകമാവുക. എന്നാല്‍, ഭാവിയില്‍ കൂടുതല്‍ വീടുകളെ ഉള്‍പ്പെടുത്തി ഈ പദ്ധതി വിപുലീകരിക്കും. 2013 ന് ശേഷം നിര്‍മ്മിച്ച അഞ്ചു ലക്ഷത്തിലധികം വീടുകള്‍ക്ക് നിലവില്‍ ഈ പദ്ധതിയില്‍ ചേരാന്‍ അര്‍ഹതയുണ്ട് എന്നാണ് ഒക്ടോപസ് പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.